927 പുതിയ രോഗികള്‍, 512 പേര് കൂടി രോഗമുക്തരായി
ദോഹ: ഖത്തറില്‍ പ്രതിദിന കോവിഡ് മരണനിരക്ക് ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം ആറുപേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.
34, 49, 52, 58, 76, 79 വയസ് വീതം പ്രായമുള്ളവരാണ് മരിച്ചതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രോഗം ബാധിച്ച് ആകെ മരിച്ചവരുടെ എണ്ണം 312 ആയി. സമീപകാലയളവില്‍ ഇതാദ്യമായാണ് ഒരു ദിവസം ഇത്രയധികം കോവിഡ് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തത്. ദിനേന കോവിഡ് മരണനിരക്ക് ഉയരുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
ഖത്തറില്‍ ഏറ്റവുമധികം പേര് കോവിഡ് ബാധിച്ച് മരിച്ചത് കഴിഞ്ഞവര്‍ഷം ജൂണ്‍ 19നായിരുന്നു. ഏഴു പേരായിരുന്നു അന്ന് മരിച്ചത്. കഴിഞ്ഞ ഒന്‍പത് ദിവസത്തിനിടെ മാത്രം മുപ്പത് പേരാണ് രോഗബാധിതരായി മരണത്തിനു കീഴടങ്ങിയത്. പുതിയതായി 927 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ച്ചയായ രണ്ടാംദിവസമാണ് പ്രതിദിനരോഗികളുടെ എണ്ണം 900ലധികമാകുന്നത്.
പുതിയ രോഗികളില്‍ 814 എണ്ണം കമ്യൂണിറ്റിയിലാണ്. വിദേശത്തുനിന്നും മടങ്ങിയെത്തിയ 113 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് ഇതേവരെ കോവിഡ് ബാധിച്ചത് 1,85,261 പേര്‍ക്കാണ്. പുതിയതായി 512 പേര്‍ക്കുകൂടി രോഗം ഭേദമായി. ഇതേവരെ 1,66,953 പേരാണ് രോഗമുക്തരായത്. നിലവില്‍ 17,996 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 1663 പേര് ആസ്പത്രിയിലാണ്.
204 പേരെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ് പ്രവേശിപ്പിച്ചത്്. 427 പേര് തീവ്ര പരിചരണവിഭാഗത്തില്‍ കഴിയുന്നുണ്ട്. ഇതില്‍ 38 പേരെ കഴിഞ്ഞദിവസമാണ് പ്രവേശിപ്പിച്ചത്. 24 മണിക്കൂറിനിടെ 11,502 പേരെ പരിശോധിച്ചു. ഇതില്‍ 7,077 പേരെ ആദ്യമായാണ് പരിശോധനക്ക് വിധേയരാക്കിയത്. രാജ്യത്ത് ഇതേവരെ 17,73,431 പേരെ പരിശോധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് പ്രതിരോധ വാക്സിന്റെ 26,712 ഡോസ്് നല്കി. കാമ്പയിന് തുടങ്ങിയശേഷം ഇതുവരെയായി 9,61,555 ഡോസ് വാക്സിനുകളാണ് നല്‍കിയത്.
ജനങ്ങള്‍ ശാരീരിക അകലം പാലിക്കല്‍, ഫെയ്സ് മാസ്ക്ക് ധരിക്കല്‍, തുടര്‍ച്ചയായി കൈകള്‍ വൃത്തിയായി കഴുകല്‍ ഉള്‍പ്പടെ എല്ലാ മുന്‍കരുതല്‍ നിര്‍ദേശങ്ങളും പാലിക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.