in ,

ഖത്തറില്‍ ആശങ്ക ഉയര്‍ത്തി കോവിഡ് മരണനിരക്കില്‍ വര്‍ധന; എട്ടുപേര്‍ കൂടി മരിച്ചു

940 പുതിയ രോഗികള്‍, 527 പേര്‍ കൂടി രോഗമുക്തരായി

ദോഹ: ഖത്തറില്‍ പ്രതിദിന കോവിഡ് മരണനിരക്കില്‍ റെക്കോര്‍ഡ് വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം എട്ടുപേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് കോവിഡ് റിപ്പോര്‍ട്ട് ചെയ്തശേഷം ഇതാദ്യമായാണ് ഒരു ദിവസം ഇത്രയധികം പേര്‍ മരണത്തിനു കീഴടങ്ങുന്നത്. 39, 44, 45, 52, 53, 73, 82, 86 വയസ് വീതം പ്രായമുള്ളവരാണ് മരിച്ചത്. ഇതില്‍ അഞ്ചുപേര്‍ വിട്ടുമാറാത്ത അസുഖങ്ങളുള്ളവരായിരുന്നു. എല്ലാവര്‍ക്കും മികച്ച ചികിത്സയാണ് ലഭ്യമാക്കിയിരുന്നതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇതോടെ രോഗം ബാധിച്ച് ആകെ മരിച്ചവരുടെ എണ്ണം 320 ആയി. ഖത്തറില്‍ ഇതിനുമുന്‍പ് ഏറ്റവുമധികം പേര്‍ കോവിഡ് ബാധിച്ച് മരിച്ചത് കഴിഞ്ഞവര്‍ഷം ജൂണ്‍ 19നായിരുന്നു. ഏഴു പേരായിരുന്നു അന്ന് മരിച്ചത്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ മാത്രം 38 പേരാണ് രോഗബാധിതരായി മരണത്തിനു കീഴടങ്ങിയത്. മരണനിരക്ക് കുത്തനെ വര്‍ധിക്കുന്നത് ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. പുതിയതായി 940 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. പുതിയ രോഗികളില്‍ 818 എണ്ണം കമ്യൂണിറ്റിയിലാണ്. വിദേശത്തുനിന്നും മടങ്ങിയെത്തിയ 122 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു.

രാജ്യത്ത് ഇതേവരെ കോവിഡ് ബാധിച്ചത് 1,86,201 പേര്‍ക്കാണ്.
പുതിയതായി 527 പേര്‍ക്കുകൂടി രോഗം ഭേദമായി. ഇതേവരെ 1,67,480 പേരാണ് രോഗമുക്തരായത്. നിലവില്‍ 18,401 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 1687 പേര്‍ ആസ്പത്രിയിലാണ്. 229 പേരെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ് പ്രവേശിപ്പിച്ചത്്. 431 പേര്‍ തീവ്ര പരിചരണവിഭാഗത്തില്‍ കഴിയുന്നുണ്ട്. ഇതില്‍ 42 പേരെ കഴിഞ്ഞദിവസമാണ് പ്രവേശിപ്പിച്ചത്.

24 മണിക്കൂറിനിടെ 11,494 പേരെ പരിശോധിച്ചു. ഇതില്‍ 7,446 പേരെ ആദ്യമായാണ് പരിശോധനക്ക് വിധേയരാക്കിയത്. രാജ്യത്ത് ഇതേവരെ 17,80,877 പേരെ പരിശോധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് പ്രതിരോധ വാക്‌സിന്റെ 26,118 ഡോസ്് നല്‍കി. കാമ്പയിന്‍ തുടങ്ങിയശേഷം ഇതുവരെയായി 9,87,673 ഡോസ് വാക്‌സിനുകളാണ് നല്‍കിയത്. ജനങ്ങള്‍ ശാരീരിക അകലം പാലിക്കല്‍, ഫെയ്‌സ് മാസ്‌ക്ക് ധരിക്കല്‍, തുടര്‍ച്ചയായി കൈകള്‍ വൃത്തിയായി കഴുകല്‍ ഉള്‍പ്പടെ എല്ലാ മുന്‍കരുതല്‍ നിര്‍ദേശങ്ങളും പാലിക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ദീര്‍ഘകാല പ്രവാസി നാട്ടില്‍ നിര്യാതനായി

കോവിഡ് പിസിആര്‍ പരിശോധന: സ്വകാര്യ ആരോഗ്യകേന്ദ്രങ്ങളിലെ നിരക്ക് കുറച്ചു