in ,

ഖത്തറില്‍ കോവിഡ് മരണനിരക്ക് കുത്തനെ ഉയരുന്നു; ഒന്‍പത് പേര്‍ കൂടി മരിച്ചു

989 പുതിയ രോഗികള്‍, 597 പേര്‍ കൂടി രോഗമുക്തരായി

ദോഹ: ഖത്തറില്‍ പ്രതിദിന കോവിഡ് മരണനിരക്കില്‍ റെക്കോര്‍ഡ് വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒന്‍പതു പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. 41, 42, 56, 58, 53, 68, 69, 79, 85 വയസ് വീതം പ്രായമുള്ളവരാണ് മരിച്ചത്. രോഗം ബാധിച്ച് ആകെ മരിച്ചവരുടെ എണ്ണം 357 ആയി. ഖത്തറില്‍ ഇതാദ്യമായാണ് കോവിഡ് ബാധിച്ച് ഒരു ദിവസം ഇത്രയധികം പേര്‍ മരിക്കുന്നത്. രാജ്യത്ത് ഇതിനുമുന്‍പ് ഏറ്റവുമധികം പേര്‍ കോവിഡ് ബാധിച്ച് മരിച്ചത് ഈ ഏപ്രില്‍ ഏഴ്, 14 തീയതികളിലായിരുന്നു. എട്ടു പേര്‍ വീതമായിരുന്നു ആ രണ്ടു ദിവസങ്ങളിലായി മരിച്ചത്.

കഴിഞ്ഞ 18 ദിവസത്തിനിടെ മാത്രം 75 പേരാണ് രോഗബാധിതരായി മരണത്തിനു കീഴടങ്ങിയത്. പ്രതിദിനം കോവിഡ് മരണസംഖ്യ ഉയരുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. പുതിയതായി 989 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചു. പ്രതിദിന കോവിഡ് കേസുകളിലും വര്‍ധനവുണ്ടാകുന്നുണ്ട്. പുതിയ രോഗികളില്‍ 821 എണ്ണം കമ്യൂണിറ്റിയിലാണ്. വിദേശത്തുനിന്നും മടങ്ങിയെത്തിയ 168 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു.

രാജ്യത്ത് ഇതേവരെ കോവിഡ് ബാധിച്ചത് 1,93,952 പേര്‍ക്കാണ്. പുതിയതായി 597 പേര്‍ക്കുകൂടി രോഗം ഭേദമായി. ഇതേവരെ 1,71,985 പേരാണ് രോഗമുക്തരായത്. നിലവില്‍ 21,610 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 1,467 പേര്‍ ആസ്പത്രിയിലാണ്. 167 പേരെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ് പ്രവേശിപ്പിച്ചത്്. ആസ്പത്രിയില്‍ ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്. 489 പേര്‍ തീവ്ര പരിചരണവിഭാഗത്തില്‍ കഴിയുന്നുണ്ട്. ഇതില്‍ 41 പേരെ കഴിഞ്ഞദിവസമാണ് പ്രവേശിപ്പിച്ചത്. 24 മണിക്കൂറിനിടെ 11,120 പേരെ പരിശോധിച്ചു.

ഇതില്‍ 4,988 പേരെ ആദ്യമായാണ് പരിശോധനക്ക് വിധേയരാക്കിയത്. രാജ്യത്ത് ഇതേവരെ 18,25,071 പേരെ പരിശോധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് പ്രതിരോധ വാക്‌സിന്റെ 23,712 ഡോസ്് നല്‍കി. കാമ്പയിന്‍ തുടങ്ങിയശേഷം ഇതുവരെയായി 11,83,191 ഡോസ് വാക്‌സിനുകളാണ് നല്‍കിയത്. ജനങ്ങള്‍ ശാരീരിക അകലം പാലിക്കല്‍, ഫെയ്‌സ് മാസ്‌ക്ക് ധരിക്കല്‍, തുടര്‍ച്ചയായി കൈകള്‍ വൃത്തിയായി കഴുകല്‍ ഉള്‍പ്പടെ എല്ലാ മുന്‍കരുതല്‍ നിര്‍ദേശങ്ങളും പാലിക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

പള്ളികളില്‍ പാലിക്കേണ്ട
മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി

ഖത്തറില്‍ കോവിഡ് മരണനിരക്കില്‍ റെക്കോര്‍ഡ് വര്‍ധന; പത്തുപേര്‍ കൂടി മരിച്ചു