
ദോഹ: കൊറോണ വൈറസിനെ(കോവിഡ് 19) പ്രതിരോധിക്കുന്നതിനായി പൊതുജനാരോഗ്യ മന്ത്രാലയം നടത്തുന്ന ശ്രമങ്ങളില്‍ പങ്കുചേര്‍ന്ന് പൊതുമരാമത്ത് അതോറിറ്റി അശ്ഗാലും. കോവിഡ് വ്യാപനം പരിമിതപ്പെടുത്തുന്നതിന്റെ ഭാഗമായി അശ്ഗാല്‍ 150 കിടക്കകളുള്ള ഫീല്‍ഡ് ആസ്പത്രി സജ്ജമാക്കുന്നു. കോവിഡ് കേസുകള്‍ കൈകര്യം ചെയ്യുന്നതിന് ആവശ്യമായ എല്ലാ ഉപകരണങ്ങളും സാമഗ്രികളും സാങ്കേതിക സംവിധാനങ്ങളും ഈ ആസ്പത്രിയിലുണ്ടാകുമെന്ന് അശ്ഗാല്‍ വ്യക്തമാക്കി. കൊറോണ വൈറസ് സാഹചര്യത്തെ നേരിടാന്‍ രാജ്യത്തെ പൊതുജനാരോഗ്യ മേഖലയെ പിന്തുണക്കുന്നതിനായി 8000 കിടക്കകളുള്ള ഷെയ്ഡഡ് സൗകര്യവും അശ്ഗാല്‍ സജ്ജമാക്കുന്നുണ്ട്.

ഇതിനു പുറമെ രോഗം പകരാനുള്ള സാധ്യത കുറയ്ക്കുന്നതിനായി അശ്ഗാല്‍ ഓഫീസുകളിലും ജോലിസ്ഥലങ്ങളിലും ധാരാളം നടപടികള്‍ ഇതിനോടകം പ്രാബല്യത്തിലാക്കിയിട്ടുണ്ട്. ഓഫീസുകളിലെ ജീവനക്കാരുടെ എണ്ണം 20ശതമാനമായി കുറക്കല്‍, തൊഴിലാളികള്‍ക്ക് മെഡിക്കല്‍ മാസ്ക്കുകള്‍ നല്കല്, ധരിക്കാന്‍ അവരെ നിര്‍ബന്ധിക്കല്‍ ഉള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഒരേ സമയം കൂടുതല്‍ പേര് എലിവേറ്റര്‍ ഉപയോഗിക്കുന്നതും നിരോധിച്ചിട്ടുണ്ട്. ഒരേ സമയം നാലുപേര്‍ക്ക് മാത്രമാണ് എലിവേറ്റര്‍ സൗകര്യം ഉപയോഗിക്കാന്‍ അനുമതി. ശരീര താപനില നിരീക്ഷിക്കുന്നതിനായി തൊഴിലാളികളുടെ താമസസ്ഥലങ്ങളില്‍ താപ ക്യാമറകള്‍ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.