
ദോഹ: ഉപേക്ഷിക്കപ്പെട്ട കാറുകളും ഉപകരണങ്ങളും നീക്കുന്നതിനായി ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ കാമ്പയിന് തുടങ്ങി. ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ പൊതു ശുചിത്വ, മെക്കാനിക്കല്‍ ഉപകരണ വകുപ്പുകള്‍, ദോഹ മുനിസിപ്പാലിറ്റി, സുരക്ഷാ അതോറിറ്റികള്‍ എന്നിവയുടെ സഹകരണത്തോടെയാണ് സംയുക്ത കാമ്പയിന്. ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുന്ന 10,000ത്തോളം വാഹനങ്ങള്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ നിന്നും നീക്കം ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്‍ഡസ്ട്രിയല്‍ ഏരിയയിലുടനീളം ഉപേക്ഷിക്കപ്പെട്ട എല്ലാ വാഹനങ്ങളും നീക്കം ചെയ്യുന്നതു വരെ കാമ്പയിന് തുടരുമെന്ന് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിലെ പൊതുശുചിത്വ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ മുഹമ്മദ് ഫരാജ് അല്‍കുബൈസി പറഞ്ഞു.

ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ നിന്നും 12,000 കാറുകള്‍ ഉള്‍പ്പടെ 17,000 വാഹനങ്ങള്‍ 2019ല്‍ നീക്കം ചെയ്തിരുന്നു.
ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ നീക്കം ചെയ്യുന്നത് സ്വകാര്യ കമ്പനികള്‍ മുഖേന സുരക്ഷിതമായും മികച്ച രീതിയിലും അന്താരാഷ്ട്ര തലത്തിലും പ്രാദേശികമായുമുള്ള അംഗീകൃത മാനദണ്ഡങ്ങള്‍ക്ക് വിധേയമായിട്ടായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ കാറുകളുടെയും ഗാരേജുകളുടെയും ഉടമകളോട് അതോറിറ്റികളുമായി സഹകരിക്കാനും അവരുടെ കാറുകള്‍ പ്രദേശത്ത് നിന്ന് നീക്കം ചെയ്യാനും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തിന്റെ വിവിധ മേഖലകളുടെ സൗന്ദര്യാത്മകവും ശരിയായതുമായ രൂപം ഉറപ്പുവരുത്തുന്നതിനുള്ള ചട്ടക്കൂടിനുള്ളിലാണ് കാമ്പയിന്. പൊതുവായ കാഴ്ചയെ ദോഷകരമായി ബാധിക്കുന്ന എല്ലാ കാറുകളും നീക്കംചെയ്യുന്നത് പൂര്‍ത്തിയാകുന്നതുവരെ ബന്ധപ്പെട്ട അതോറിറ്റികളുമായി സഹകരിച്ച്് കാമ്പയിന് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തിന്റെ സൗന്ദര്യാത്മക കാഴ്ചപ്പാടിനെ മോശമാക്കുന്ന വിധത്തിലുള്ള ഉപേക്ഷിക്കപ്പെട്ട കാറുകളുടെയും ഉപകരണങ്ങളുടെയും എണ്ണം പരിമിതപ്പെടുത്തുന്നതിന് മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയത്തിന്റെ നിരന്തരമായ ശ്രമങ്ങളുടെ ചട്ടക്കൂടിനുള്ളില്‍നിന്നുകൊണ്ടാണ് കാമ്പയിന്. പൊതുശുചിത്വം സംബന്ധിച്ച 2017ലെ 18-ാം നമ്പര്‍ നിയമം നടപ്പാക്കുകയെന്നതും കാമ്പയിന്റെ ലക്ഷ്യമാണ്. ഇത്തവണത്തെ കാമ്പയിനില്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്നിന്നും ഏറ്റവുമധികം വാഹനങ്ങള്‍ നീക്കം ചെയ്യുമെന്ന് മെക്കാനിക്കല്‍ ഉപകരണ വകുപ്പിലെ അസിസ്റ്റന്റ് ഡയറക്ടറും ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ നീക്കം ചെയ്യുന്നതിനായുള്ള സംയുക്ത കമ്മിറ്റി അംഗവുമായ മര്‍സൂഖ് മുബാറക്ക് അല്മസിഫരി പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ നീക്കം ചെയ്യുന്നതിനായി ശ്രമങ്ങള്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. ഈ വര്‍ഷം തുടക്കംമുതല്‍ ഉപേക്ഷിക്കപ്പെട്ട 4000 കാറുകള്‍ നീക്കം ചെയ്തതായും അദ്ദേഹം പറഞ്ഞു. ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ കാമ്പയിന്റെ ഭാഗമായി പ്രതിദിനം അന്‍പത് മുതല്‍ ഏഴുപത് വരെ കാറുകള്‍ നീക്കം ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നീക്കം ചെയ്യുന്ന വാഹനങ്ങള്‍ അല്മെഷാഫ്, മീസൈമീര്‍, ഉംസലാല്‍ എന്നിവിടങ്ങളിലെ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ സൂക്ഷിക്കുന്നതിനായുള്ള യൂണിറ്റിലേക്കാണ് മാറ്റുന്നത്. ഉടമകള്‍ക്ക് 6 മാസത്തെ കാലയളവ് അനുവദിച്ചുകൊണ്ട് നിയമപരമായ നടപടിക്രമങ്ങള്‍ ആരംഭിക്കും, അതിനുശേഷം കാറുകള്‍ പൊതു ലേലത്തിലൂടെയോ അല്ലെങ്കില്‍ പ്രാദേശിക കമ്പനികളിലൂടെയോ പൂര്‍ണമായും നീക്കം ചെയ്യും.