ദോഹ: ഖത്തര്‍ അത്ലറ്റും 400 മീറ്ററില്‍ ലോക വെങ്കല മെഡല്‍ ജേതാവുമായ അബ്ദുല്‍ ഇലാഹ് ഹാറൂണ്‍ ഹസന് മരിച്ചു. ഖത്തര്‍ ഒളിമ്പിക് കമ്മിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. വാഹനാപകടത്തിലാണ് ഹാറൂണ്‍ മരിച്ചതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. 24 വയസായിരുന്നു. 2017ല്‍ ലണ്ടനില്‍ നടന്ന ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ 44.48 സെക്കന്റില്‍ ഓടിയെത്തിയാണ് ഹാറൂണ്‍ വെങ്കലം സ്വന്തമാക്കിയത്. 2016ലെ ലോക ഇന്‍ഡോര്‍ ചാമ്പ്യന്‍ഷിപ്പില്‍ ഹാറൂണ്‍ വെള്ളി മെഡല്‍ നേടിയിരുന്നു. ജക്കാര്‍ത്തയില്‍ 2018ല്‍നടന്ന ഏഷ്യന്‍ ഗെയിംസില്‍ രണ്ടു സ്വര്‍ണ മെഡല്‍ സ്വന്തമാക്കുകയും ചെയ്തു. 400 മീറ്ററിലും 4-400 മീറ്റര്‍ റിലേയിലുമായിരുന്നു ഹാറൂണ്‍ സ്വര്‍ണം നേടിയത്. ഒളിമ്പിക്സിലും ലോക അത്ലറ്റിക്സ് ഔട്ട്ഡോര്‍, ഇന്‍ഡോര്‍ ചാമ്പ്യന്‍ഷിപ്പുകളിലും ഡയമണ്ട് ലീഗ് ഈവന്റുകളിലും ഖത്തറിനെ പ്രതിനിധീകരിച്ച് മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. ഹാറൂണിന്റെ നിര്യാണത്തില്‍ ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി സെക്രട്ടറി ജനറല്‍ ജാസിം ബിന്‍ റാഷിദ് അല്‍ബുഐനൈന്‍ അനുശോചിച്ചു.