
ദോഹ: 2022 ഫിഫ ലോകകപ്പില്‍ ലോകത്തൊട്ടാകെയുള്ള ഫുട്‌ബോള്‍ ആസ്വദകര്‍ക്ക് ആതിഥ്യമൊരുക്കുന്നതിനായി 15,000ലധികം റൂമുകള്‍ക്ക് അംഗീകാരം നല്‍കി. ഫിഫ ലോകകപ്പില്‍ സന്ദര്‍ശകര്‍ക്ക് മികച്ച ആതിഥേയത്വം ഒരുക്കുകയെന്ന ലക്ഷ്യത്തോടെ ലോകകപ്പ് സംഘാടകരായ സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിയും ഭരണവികസന തൊഴില്‍ സാമൂഹികകാര്യ മന്ത്രാലയത്തിലെ ഗവണ്‍മെന്റ് ഹൗസിങ് ആന്റ് ബില്‍ഡിങ്‌സ് വകുപ്പും നേരത്തെ ധാരണാപത്രത്തില്‍ ഒപ്പുവെച്ചിരുന്നു. ഖത്തര്‍ ലോകകപ്പിനായി സുസ്ഥിര താമസത്തിനുള്ള അവസരങ്ങളും സാധ്യതകളും ലഭ്യമാക്കുക, സന്ദര്‍ശകര്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ ആഗ്രഹിക്കുന്ന പ്രോപ്പര്‍ട്ടി ഉടമകള്‍ക്ക് നിക്ഷേപ അവസരങ്ങള്‍ ഒരുക്കുക എന്നിവയാണ് ധാരണാപത്രത്തിന്റെ ലക്ഷ്യം. ഈ മാര്‍ച്ചിലായിരുന്നു ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. അതിനുശേഷം സംയുക്ത വര്‍ക്ക് ടീമിന് റിയല്‍ എസ്റ്റേറ്റ് ഉടമകളില്‍നിന്നും നിരവധി പാട്ട അപേക്ഷകള്‍(ലീസ് റിക്വസ്റ്റ്) ലഭിച്ചിരുന്നു. കമ്മിറ്റി അവ പഠിക്കുകയും വിലയിരുത്തുകയും ചെയ്തു. ആദ്യഘട്ടമെന്ന നിലയില്‍ കെട്ടിടങ്ങള്‍, ടവറുകള്‍, റസിഡന്‍ഷ്യന്‍ കോംപ്ലക്‌സുകള്‍ എന്നിവ ഉള്‍പ്പടെ 150ലധികം റിയല്‍ എസ്റ്റേറ്റ് സംരംഭങ്ങള്‍ക്ക് അംഗീകാരം നല്‍കി. ഇവയിലായി 15,000ലധികം റൂമുകളാണുള്ളത്. സര്‍ക്കാര്‍ ഭവന പദ്ധതിക്കുള്ളില്‍നിന്നുകൊണ്ട് റിയല്‍ എസ്റ്റേറ്റ് ഉടമകളുമായി ചാമ്പ്യന്‍ഷിപ്പ് കാലയളവിനും അതിനുശേഷവും ഉള്‍പ്പടെ പുതുക്കാവുന്ന അഞ്ചു വര്‍ഷം ദൈര്‍ഘ്യമുള്ള കരാറുകളിലേര്‍പ്പെടുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയായിരുന്നുവെന്ന് സുപ്രീംകമ്മിറ്റി വ്യക്തമാക്കി. ചാമ്പ്യന്‍ഷിപ്പിനുശേഷവും സര്‍ക്കാര്‍ ഭവന പ്രോഗ്രാമിന്റെ ഭാഗമായി ഇവ ഉപയോഗിക്കാനാകും. സര്‍ക്കാര്‍ പാര്‍പ്പിടങ്ങളുടെ കാര്യത്തില്‍ ദീര്‍ഘകാല ആവശ്യങ്ങള്‍ നിറവേറ്റാനും ഈ പദ്ധതി സഹായകമാണ്. പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തിയാക്കാനും സ്വകാര്യമേഖലയുമായി സഹകരിച്ച് ലോകകപ്പ് അതിഥികള്‍ക്കായി ആയിരക്കണക്കിന് റൂമുകള്‍ സജ്ജമാക്കാനുമാകുന്നതില്‍ സന്തോഷമുണ്ടെന്ന് ഭരണവികസന തൊഴില്‍ സാമൂഹികകാര്യ മന്ത്രി യൂസുഫ് മുഹമ്മദ് അല്‍ഉത്മാന്‍ ഫഖ്‌റൂ പറഞ്ഞു. ചാമ്പ്യന്‍ഷിപ്പിനുശേഷം സര്‍ക്കാര്‍ പാര്‍പ്പിട ആവശ്യങ്ങള്‍ക്കായി ഈ വീടുകള്‍ പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വകാര്യമേഖലയിലെ റിയല്‍എസ്റ്റേറ്റ് ഉടമകളുടെ കെട്ടിടങ്ങള്‍ തുടര്‍ന്നും പരിശോധിക്കും. ലോകകപ്പ് സന്ദര്‍ശകര്‍ക്കും ആസ്വാദകര്‍ക്കും ആതിഥ്യമേകുന്നതിനായി ഈ കെട്ടിടങ്ങള്‍ റസിഡന്‍സി മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് നിര്‍ണയിക്കുന്നതിനാണ് പരിശോധന. ഈ അവസരം പ്രയോജനപ്പെടുത്താന്‍ റിയല്‍ എസ്റ്റേറ്റ് ഉടമകള്‍ ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും മന്ത്രി ആഹ്വാനം ചെയ്തു.
ലോകകപ്പിനുശേഷവും ദേശീയ സാമ്പത്തിക സ്ഥിരത നിലനിര്‍ത്തുന്നതിനും ഖത്തറിലെ നിക്ഷേപകര്‍ക്ക് നേട്ടമുണ്ടാക്കുന്നതിനും മാര്‍ച്ചില്‍ ഒപ്പുവെച്ച ധാരണാപത്രം സഹായിക്കും. ലോകകപ്പ് വേളയില്‍ ആസ്വാദകര്‍ക്ക് സുസ്ഥിരമായ താമസ പരിഹാരങ്ങള്‍ നല്‍കാന്‍ ഇതിലൂടെ സാധിക്കും. ലോകകപ്പിനു രണ്ടു വര്‍ഷം മുന്‍പു തന്നെ ഇത്രയധികം റൂമുകള്‍ സജ്ജമാക്കാനായതിലെ സന്തോഷം സുപ്രീംകമ്മിറ്റി സെക്രട്ടറി ജനറല്‍ ഹസന്‍ അല്‍തവാദിയും പങ്കുവെച്ചു. ഖത്തറിന്റെ സമ്പദ്വ്യവസ്ഥ ഉയര്‍ത്തുന്നതിലും സ്വകാര്യമേഖലയ്ക്ക് 2022ലും അതിനുശേഷവും ഉത്തേജനം നല്‍കുന്നതിനും ഈ പദ്ധതിയിലൂടെ സാധിക്കും. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും അപേക്ഷിക്കുന്നതിനുമായി സന്ദര്‍ശിക്കുക ttps://www.qatar2022.qa/accommodation