
ദോഹ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാറുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തിയെന്ന പരാതിയില്‍ അറബ് വംശജന് അറസ്റ്റില്‍. ആഭ്യന്തരമന്ത്രാലയത്തിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പാണ്(സിഐഡി) അറസ്റ്റ് ചെയ്തത്.
കാറുകളില്‍ നിന്നും വസ്തുക്കള്‍ മോഷണം പോകുന്നതായി വകുപ്പിന് പരാതികള്‍ ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുറ്റാരോപിതനായ വ്യക്തി പിടിയിലാകുന്നത്. തീവ്രമായ തെരച്ചിലിലൂടെയും അന്വേഷണങ്ങളിലൂടെയുമാണ് സംഘം പ്രതിയെ തിരിച്ചറിഞ്ഞത്. ആവശ്യമായ നിയമപരമായ അനുമതികള്‍ നേടിയശേഷമായിരുന്നു പ്രതിയെ ചോദ്യം ചെയ്തത്. ഇതില്‍ കുറ്റകൃത്യം നടത്തിയത് താനാണെന്ന് പ്രതി സമ്മതിച്ചതായി മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. വൈകുന്നേരങ്ങളില്‍ റസിഡന്‍ഷ്യല്‍ മേഖലകള്‍ കേന്ദ്രീകരിച്ച് കാറുകളില്‍നിന്നും മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പടെ വിലയേറിയ വസ്തുക്കള്‍ കവര്‍ച്ച ചെയ്യുന്ന രീതിയായിരുന്നു ഇയാളുടേത്. മോഷ്ടിച്ച വസ്തുക്കള്‍ അന്വേഷണ സംഘം കണ്ടുകെട്ടി. തുടര്‍നിയമനടപടികള്‍ക്കായി ഇയാളെ ബന്ധപ്പെട്ട അതോറിറ്റികള്‍ക്ക് കൈമാറുകയും ചെയ്തു. മോഷണത്തില്‍ നിന്ന് വാഹനങ്ങളും വസ്തുക്കളും സുരക്ഷിതമാക്കാന്‍ ആവശ്യമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ബന്ധപ്പെട്ട അതോറിറ്റികള്‍ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. വാഹനങ്ങള്‍ ശരിയായ രീതിയില്‍ ലോക്ക് ചെയ്യണം. വിലയേറിയ വസ്തുക്കള്‍ കാറുകളില്‍ വെച്ചശേഷം പുറത്തേക്കുപോകരുത്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് ഒഴിവാക്കണം. സംശയമുള്ള കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് പൊതുജനങ്ങള്‍ക്ക് അടിയന്തര സേവന നമ്പരായ 999ല്‍ ബന്ധപ്പെടാം.