in

അസ്തമിച്ചത് ഖത്തറിന്റെ പ്രതീക്ഷ; കൈവരിച്ചത് മിന്നുന്ന നേട്ടങ്ങള്‍

2017ലെ ലണ്ടന്‍ ലോക അത്‌ലറ്റിക്‌സില്‍ 400 മീറ്ററില്‍ വെങ്കലം നേടിയശേഷം അബ്ദുല്‍ ഇലാഹ് ഹാറൂണ്‍

ആര്‍.റിന്‍സ്

ദോഹ

ഓട്ടം പാതിവഴിയില്‍ അവസാനിപ്പിച്ച് അബ്ദുല്‍ ഇലാഹ് ഹാറൂണ്‍ മടങ്ങുന്നത് സ്വപ്‌നങ്ങള്‍ ബാക്കിയാക്കി. 24 വയസിനിടെ മിന്നുന്ന നേട്ടങ്ങള്‍ കൈവരിച്ചുവെങ്കിലും ഒളിമ്പിക്‌സില്‍ മെഡല്‍ സ്വന്തമാക്കുകയെന്നത് ഹാറൂണിന്റെ സ്വപ്‌നമായിരുന്നു. 2016ലെ റിയോ ഒളിമ്പിക്‌സില്‍ മത്സരിച്ചുവെങ്കിലും 23-ാം സ്ഥാനം നേടാനെ സാധിച്ചിരുന്നുള്ളു. ടോക്കിയോ ഒളിമ്പിക്‌സിലേക്ക് യോഗ്യത നേടുകയെന്ന ലക്ഷ്യത്തോടെ തീവ്രമായ പരിശീലനത്തിലായിരുന്നു താരം. ഒളിമ്പിക്‌സില്‍ മെഡല്‍ നേടുകയെന്നതാണ് തന്റെ സ്വപ്‌നമെന്ന് അദ്ദേഹം പല ഘട്ടങ്ങളിലും പറഞ്ഞിരുന്നു.

ആ സ്വപ്‌നം അവശേഷിപ്പിച്ചാണ് ഏഷ്യയിലെ ഏറ്റവും മികച്ച അതിവേഗ താരങ്ങളിലൊരാള്‍ മടങ്ങുന്നത്. ഹാറൂണിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം 2017ലെ ലണ്ടന്‍ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലായിരുന്നു. 44.48 സെക്കന്റില്‍ ഓടിയെത്തിയാണ് അന്ന് ഹാറൂണ്‍ വെങ്കലം നേടിയത്. ലോക അത്‌ലറ്റിക്‌സില്‍ മെഡല്‍ നേടുമ്പോള്‍ ലോക ജൂനിയര്‍ ചാമ്പ്യനും ഏഷ്യന്‍ ചാമ്പ്യനുമായിരുന്നു അന്ന് ഇരുപതുകാരനായിരുന്ന ഹാറൂണ്‍. സീസണിലെ മികച്ച പ്രകടനം കൂടിയാണ് ഫൈനലില്‍ ഹാറൂണ്‍ പുറത്തെടുത്തത്.

പിന്നിട്ട വര്‍ഷങ്ങളില്‍ പങ്കെടുത്ത രാജ്യാന്തര ചാമ്പ്യന്‍ഷിപ്പുകളിലെല്ലാം മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. ജക്കാര്‍ത്തയില്‍ 2018ല്‍നടന്ന ഏഷ്യന്‍ ഗെയിംസില്‍ രണ്ടു സ്വര്‍ണ മെഡലാണ് താരം നേടിയത്. 400 മീറ്ററിലും 4-400 മീറ്റര്‍ റിലേയിലുമായിരുന്നു ഹാറൂണിന്റെ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ നേട്ടം. 2016ല്‍ പോളണ്ടിലെ ബിഡ്‌ഗോഷ്‌സില്‍ നടന്ന എഎഎഫ് വേള്‍ഡ് അണ്ടര്‍ 20 ചാമ്പ്യന്‍ഷിപ്പില്‍ 400മീറ്ററില്‍ സ്വര്‍ണം നേടിയാണ് ഹാറൂണ്‍ ലോക വേദികളിലേക്കുള്ള തന്റെ വരവ് അറിയിച്ചത്. 44.81സെക്കന്റില്‍ ഫിനിഷ് ചെയ്താണ് ഖത്തര്‍ താരം സ്വര്‍ണം സ്വന്തമാക്കിയത്. അതേവര്‍ഷം മാര്‍ച്ചില്‍ അമേരിക്കയിലെ പോര്‍ട്ട്‌ലാന്‍ഡില്‍ നടന്ന ലോക ഇന്‍ഡോര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 400മീറ്ററില്‍ വെള്ളിയും സ്വന്തമാക്കിയിരുന്നു.

ലോക ഇന്‍ഡോറില്‍ 400മീറ്ററില്‍ മെഡല്‍ സ്വന്തമാക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമെന്ന റെക്കോര്‍ഡും അന്ന് ഹാറൂണ്‍ സ്വന്തമാക്കിയിരുന്നു. 2016 ഫെബ്രുവരിയില്‍ ദോഹയില്‍ നടന്ന ഏഴാമത് ഏഷ്യന്‍ ഇന്‍ഡോര്‍ ചാമ്പ്യന്‍ഷിപ്പില്‍ 400മീറ്ററില്‍ ഹാറൂണ്‍ ഹസന്‍ അനായാസമാണ് സ്വര്‍ണം നേടിയത്. 45.88 സെക്കന്റില്‍ ഓടിയെത്തിയ ഹാറൂണ്‍ പുതിയ ചാമ്പ്യന്‍ഷിപ്പ് റെക്കോര്‍ഡും സ്വന്തം പേരിലാക്കിയിരുന്നു. സ്റ്റോക്‌ഹോമിലെ ഗ്ലോബന്‍ ഗാലനില്‍ നടന്ന അത്‌ലറ്റിക്‌സ് ഫെഡറേഷന്റെ ലോക ഇന്‍ഡോര്‍ ടൂര്‍ ചാമ്പ്യന്‍ഷിപ്പില്‍ 500 മീറ്ററില്‍ ലോക റെക്കോര്‍ഡോടെ സ്വര്‍ണം നേടിയതും ഹാറൂണിന്റെ മറ്റൊരു അഭിമാനനേട്ടമാണ്. 59.83 സെക്കന്റില്‍ ഓടിയെത്തിയാണ് അമേരിക്കന്‍ താരമായ ബ്രെയ്‌സന്‍ സ്പാര്‍ട്ടലിങിന്റെ റെക്കോര്‍ഡ് പഴങ്കഥയാക്കിയത്.

ഏഷ്യന്‍ ഇന്‍ഡോര്‍ മീറ്റില്‍ റെക്കോര്‍ഡ് നേടിയ ഹാറൂണ്‍, സ്റ്റോക്ക്‌ഹോമില്‍ എല്ലാ പ്രവചനങ്ങളും കാറ്റില്‍പറത്തിയാണ് സ്വര്‍ണനേട്ടത്തിലേക്ക് റെക്കോര്‍ഡോടെ ഓടിയെത്തിയത്. 2018 ലണ്ടന്‍ ഡയമണ്ട്‌ലീഗില്‍ 44.07 സെക്കന്റില്‍ ഫിനിഷ് ചെയ്ത് ഹാറൂണ്‍ സ്വര്‍ണം നേടിയപ്പോള്‍ ദേശീയ റെക്കോര്‍ഡ് തിരുത്തിയതിനൊപ്പം മികച്ച വ്യക്തിഗത സമയവും കുറിച്ചിരുന്നു. 2015 ജൂലൈ അഞ്ചിന് സ്ഥാപിച്ച 44.27സമയത്തിന്റെ ദേശീയ റെക്കോര്‍ഡാണ് ഹാറൂണ്‍ ലണ്ടന്‍ ഡയമണ്ട്‌ലീഗില്‍ മറികടന്നത്.

ചെക്ക് റിപ്പബ്ലിക്കിലെ ഒസ്ട്രാവയില്‍ നടന്ന 2018ലെ ഐഎഎഎഫ് കോണ്ടിനെന്റല്‍ കപ്പിലും ഹാറൂണ്‍ സ്വര്‍ണം നേടിയിരുന്നു. 44.73 സെക്കന്റിലാണ് അന്ന് താരം ഫിനിഷ് ചെയ്തത്. വിജയിക്കാതെ വീട്ടിലേക്ക് മടങ്ങരുതെന്ന അമ്മയുടെ വാക്കുകളാണ് അന്ന് തനിക്ക് പ്രചോദനമായതെന്നായിരുന്നു മത്സരശേഷമുള്ള ഹാറൂണിന്റെ പ്രതികരണം. എല്ലാ റേസും വലിയ ഫൈനലായാണ് താന്‍ കണക്കാക്കുന്നതെന്നാണ് ഓരോ മത്സരവിജയത്തിനുശേഷവും ഹാറൂണ്‍ പറഞ്ഞിരുന്നത്. ലോകവേദികളില്‍ ഖത്തറിന്റെ ഏറ്റവും പ്രതീക്ഷയുള്ള താരങ്ങളിലൊരാള്‍ കൂടിയായിരുന്നു ഹാറൂണ്‍.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഫിഫ പാന്‍ അറബ് കപ്പ് : പ്രധാന റൗണ്ടില്‍ നാലു ഗ്രൂപ്പുകളിലായി 16 ടീമുകള്‍

മെന മേഖലയില്‍ വിംബിള്‍ഡണിന്റെ സംപ്രേഷണാവകാശം ബിഇന്‍ സ്‌പോര്‍ട്‌സിന്