
ദോഹ: പൊതുസ്ഥലങ്ങളില്‍ മാസ്ക്ക് ധരിക്കാത്തവര്‍ക്കെതിരെ ആഭ്യന്തരമന്ത്രാലയം നടപടി ശക്തമാക്കി. നിര്‍ബന്ധിത സ്ഥലങ്ങളില്‍ മാസ്ക്ക് ധരിച്ചില്ലെന്ന കാരണത്താല്‍ 164 പേരെ പബ്ലിക് പ്രോസിക്യൂഷനിലേക്ക റഫര്‍ ചെയ്തതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. വാഹനത്തിലെ അനുവദനീയമായ പരിധി ലംഘിച്ചതിന് ഏഴുപേര്‍ക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്. കോവിഡ് വ്യാപനത്തില്‍ നിന്നും സ്വയവും മറ്റുള്ളവരെയും സംരക്ഷിക്കുന്നതിനായി രാജ്യത്ത് പ്രാബല്യത്തിലുള്ള മുന്‍കരുതല്‍ പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങളും നടപടികളും പാലിക്കണമെന്ന് മന്ത്രാലയം പൊതുജനങ്ങളോടു ആവശ്യപ്പെട്ടു. 1990 ലെ പകര്‍ച്ചവ്യാധി പ്രതിരോധ നിയമത്തിലെ 17-ാം വകുപ്പ് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടികള്‍ ശക്തമാക്കിയത്. അതോറിറ്റികള്‍ പുറപ്പെടുവിച്ച സുരക്ഷാ നടപടികള്‍ പാലിക്കാത്തവര്‍ക്കെതിരെ ഉചിതമായ നടപടികള്‍ സ്വീകരിക്കും. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് പുറത്തിറങ്ങുമ്പോള്‍ എല്ലാവര്ക്കും ഫേസ് മാസ്ക് നിര്‍ബന്ധമാക്കിയത്. സ്വദേശികളും വിദേശികളും എന്താവശ്യത്തിന് വീട്ടില്‍നിന്നും പുറത്തിറങ്ങുമ്പോഴും മാസ്ക്ക് ധരിച്ചിരിക്കണം. അതേസമയം വാഹനം ഓടിക്കുമ്പോള്‍ മറ്റാരും കൂടെ ഇല്ലെങ്കില്‍ മാസ്ക് ധരിക്കേണ്ടതില്ല. വാഹനങ്ങളില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ നാലു പേര്‍ക്കു മാത്രമെ യാത്ര ചെയ്യാന്‍ അനുമതിയുള്ളു. അതേസമയം നാലുപേരെന്ന നിബന്ധന കുടുംബങ്ങള്‍ക്ക് ബാധകമല്ല. എന്നാല്‍ കാറിലെ എല്ലാ യാത്രക്കാരും മാസ്ക്ക് ധരിക്കല്‍ നിര്‍ബന്ധമാണ്. സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ഉത്തരവ് ബാധകമാണ്. ഉത്തരവ് പാലിച്ചില്ലെങ്കില്‍ പരമാവധി രണ്ടു ലക്ഷം റിയാല്‍ വരെ പിഴയോ മൂന്നു വര്‍ഷത്തില്‍ കുറയാത്ത ജയില്‍ ശിക്ഷയോ അല്ലെങ്കില്‍ രണ്ട് ശിക്ഷകളില്‍ ഏതെങ്കിലും ഒന്ന് അനുഭവിക്കേണ്ടി വരും. ജീവിതം പൂര്‍ണ്ണമായും സാധാരണ നിലയിലേക്കെത്തിയാലും കോവിഡിന്റെ രണ്ടാമത്തെ തരംഗം ഒഴിവാക്കാന്‍ ഫെയ്സ് മാസ്ക് ധരിക്കേണ്ടത് നിര്‍ബന്ധമാണെന്ന് പൊതുജനാരോഗ്യ മന്ത്രാലയവും വ്യക്തമാക്കിയിട്ടുണ്ട്.