
ദോഹ: ഫാമിലി റസിഡന്‍ഷ്യല്‍ ഏരിയക്കുള്ളില്‍ അനധികൃതമായി പ്രവര്‍ത്തിച്ചുവരികയായിരുന്ന നിര്മാണയൂണിറ്റിനെതിരെ നടപടിയെടുത്തു. അല്‍വഖ്റ മുനിസിപ്പാലിറ്റിയിലെ മുനിസിപ്പല്‍ കണ്ട്രോള് യൂണിറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്. മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയ നിയമങ്ങള്‍ ലംഘിച്ചുകൊണ്ട് കുടുംബ താമസകേന്ദ്രത്തില്‍ ഭക്ഷ്യവസ്തുക്കളുടെ നിര്‍മാണയൂണിറ്റ് പ്രവര്‍ത്തിച്ചുവരുന്നതായി പരിശോധനയില്‍ കണ്ടെത്തി.
ഫാമിലി റസിഡന്‍ഷ്യല്‍ ഏരിയയില്‍ തൊഴിലാളികളെ പാര്‍പ്പിക്കുന്നത് നിരോധിക്കുന്ന നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചതിനെത്തുടര്‍ന്നാണ് അധികൃതര്‍ നടപടിയെടുത്തത്. വില്ലയില്‍ നടത്തിയ പരിശോധനയില്‍ ചെറിയ ഉത്പാദനയൂണിറ്റ് സ്ഥാപിച്ചതായി കണ്ടെത്തി. തദ്ദേശീയ ഭക്ഷ്യോത്പന്നങ്ങളുടെ നിര്‍മാണത്തിനായാണ് ഈ യൂണിറ്റ് സജ്ജമാക്കിയിരുന്നത്. ഇവിടെ സൂക്ഷിച്ചിരുന്ന ഭക്ഷ്യോത്പന്നങ്ങളും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.
മുനിസിപ്പല്‍ അഫയേഴ്സ് അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറിയുടെ ഓഫീസിലെ ആരോഗ്യ നിയന്ത്രണ വികസന സംഘത്തിന്റെ പങ്കാളിത്തത്തോടെ ആരോഗ്യ നിയന്ത്രണ വകുപ്പാണ് ലംഘനം കണ്ടെത്തിയത്. പരിശോധനാ സംഘം കണ്ടുകെട്ടിയ വസ്തുക്കള്‍ നശിപ്പിക്കുകയും കുറ്റവാളികള്‍ക്കെതിരെ ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്.