in

നേതാക്കള്‍ക്കെതിരേ കേസെടുത്ത നടപടി പ്രതിഷേധാര്‍ഹം: ബഹ്‌റൈന്‍ കെ.എം.സി.സി

മനാമ: കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ പ്രവാസി വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ച് കോഴിക്കോട് കലക്ടറേറ്റിലേക്ക് ധര്‍ണ നടത്തിയതിന് കെ.എം.സി.സി നേതാക്കള്‍ക്കെതിരേ കേസെടുത്ത പൊലിസ് നടപടി പ്രതിഷേധാര്‍ഹമാണെന്നും രാഷ്ട്രീയ പ്രേരിതമാണെന്നും ബഹ്‌റൈന്‍ കെ.എം.സി.സി. മഹാമാരിക്കാലത്ത് പ്രവാസികളെ അവഗണിച്ച സംസ്ഥാന സര്‍ക്കാര്‍ അതിനെതിരേ പ്രതിഷേധിക്കുന്നവരെ അടിച്ചമര്‍ത്തുകയാണ്. പ്രവാസി വിഷയങ്ങള്‍ അധികാരികളുടെ മുന്നില്‍ കൊണ്ടുവരാനുള്ള ജനാധിപത്യ സമര മാര്‍ഗ്ഗങ്ങളെ കേസെടുത്ത് തളര്‍ത്തി കളയാമെന്നുള്ളത് പിണറായി സര്‍ക്കാരിന്റെ വ്യാമോഹമാണ്.


ഭരണകൂടത്തിന്റെ പിടിപ്പുകേട് തുറന്നുപറയുന്നവരെ കേസില്‍ പെടുത്തിയും മറ്റും ദ്രോഹിക്കുന്ന കേന്ദ്രത്തിന്റെ ശൈലിയാണ് സംസ്ഥാനം പിന്തുടരുന്നതെന്നും കേസ് കൊണ്ട് പ്രവാസികളെ ഭയപ്പെടുത്താമെന്ന് ഭരണകൂടം കരുതേണ്ടെന്നും സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാന്‍, ജന. സെക്രട്ടറി അസൈനാര്‍ കളത്തിങ്കല്‍ എന്നിവര്‍ പറഞ്ഞു.


ഏതൊരു പൗരന്റെയും പ്രതിഷേധിക്കാനുള്ള അവകാശത്തെ ഇല്ലാതാക്കാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ധര്‍ണ നടത്തിയതിന് കുവൈത്ത് കെ.എം.സി.സി സംസ്ഥാന ട്രഷറര്‍ എം.ആര്‍ നാസര്‍, ബഹ്‌റൈന്‍ കെ.എം.സി.സി സംസ്ഥാന വൈ. പ്രസിഡണ്ട് ശംസുദ്ദീന്‍ വെള്ളികുളങ്ങര, ദുബായ് കെ.എം.സി.സി കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി മുഹമ്മദ്, ഷാര്‍ജ കെ.എം.സി.സി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ടി. ഹാഷിം എന്നിവര്‍ക്കെതിരേ പൊലിസ് കേസെടുത്തത്.

കൊവിഡ് പ്രതിരോധത്തിലും പ്രവാസികളെ നാട്ടിലെത്തിക്കുന്ന വിഷയത്തിലും പരാജയപ്പെട്ട സര്‍ക്കാര്‍ അതിന്റെ ജാള്യത മറയ്ക്കാനാണ് പൊലീസിനെ കൊണ്ട് പൊതുജനത്തെ ഭയപ്പെടുത്തുന്നത്. കൊവിഡ് കാലം അടിയന്തരാവസ്ഥ കാലമല്ലെന്ന് സര്‍ക്കാര്‍ മനസ്സിലാക്കണം. പ്രവാസികളും പൊതുജനങ്ങളുമൊക്കെ ഏറെ ദുരിതത്തോടെയാണ് കഴിഞ്ഞുപോകുന്നത്. അതിനിടെ സര്‍ക്കാരുകള്‍ ദ്രോഹപരമായ തീരുമാനങ്ങളെടുക്കുമ്പോള്‍ അതിനെ ചോദ്യം ചെയ്യേണ്ടത് ജനാധിപത്യ കടമകൂടിയാണെന്നും സംസ്ഥാന സര്‍ക്കാരിന്റെ പ്രതികാര നടപടിയെ രാഷ്ട്രീയമായി നേരിടുമെന്നും നേതാക്കള്‍ പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

എംബസി നല്‍കിയ വിമാന ടിക്കറ്റില്‍ വിനോദന്‍ നാട്ടിലെത്തി; ഐ.സി.ഡബ്ല്യൂ.എഫ് ഫണ്ടില്‍ കോടികള്‍ ഇനിയും ബാക്കി

വന്ദേഭാരത് മിഷന്‍ നാലാംഘട്ടം: കേരളത്തിലേക്ക് 151 സര്‍വീസുകള്‍