in

ഹോം ക്വാറന്റൈന്‍ വ്യവസ്ഥ ലംഘിച്ച പത്തു ഖത്തരികള്‍ക്കെതിരെ നടപടി

ദോഹ: കോവിഡ് 19 രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ഹോം ക്വാറന്റൈനില്‍ കഴിയാമെന്ന് രേഖാമൂലം നല്‍കിയ ഉറപ്പുലംഘിച്ച പത്തു സ്വദേശികള്‍ക്കെതിരെ നിയമനടപടികളുമായി അധികൃതര്‍. നിയമപരമായ ഉത്തരവാദിത്വം ലംഘിച്ച പത്തുപേരെയും മറ്റു നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതെന്ന് ഖത്തര്‍ ന്യൂസ് ഏജന്‍സി അറിയിച്ചു. കോവിഡിനെതിരായ പ്രതിരോധത്തിനായി രാജ്യത്ത് പ്രാബല്യത്തിലായ മുന്‍കരുതല്‍ നടപടികള്‍ കര്‍ശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് വ്യവസ്ഥകള്‍ ലംഘിച്ചവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചിരിക്കുന്നത്.
അലി കമല്‍ യൂസുഫ് അല്‍ഹാഷ്മി, ഫഹദ് ഹസന്‍ അയേദ് അല്‍ഖഹ്താനി, അബ്ദുല്ല താലിബ് ഇബ്രാഹിം അല്‍അന്‍സാരി, മുഹമ്മദ് അഹമ്മദ് മുഹമ്മദ് അസദ് ഹാഷിം, അലി സലേഹ് അലിഅല്‍യഫീ, ഇബ്രാഹിം സലാ ഇബ്രാഹിം അല്‍മന്‍സൂരി, ജുമാ മര്‍സൂഖ് ദഹം അല്‍നാസര്‍, മുഹമ്മദ് ജുഹര്‍ മുദൈഹി അല്‍അബ്ദുല്ല, സെയ്ദ് അബ്ദുല്‍അസീസ് സഊദ് തുവൈം, ഹമദ് അലി മുഹമ്മദ് അസദ് ഹാഷിം എന്നിവര്‍ക്കെതിരെയാണ് നിയമനടപടികള്‍ സ്വീകരിച്ചിരിക്കുന്നത്.
വീടുകളില്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കുകയും ഇക്കാര്യത്തില്‍ പ്രതിജ്ഞാബദ്ധമായ നിലപാട് സ്വീകരിക്കുകയും വേണമെന്ന് സര്‍ക്കാര്‍ അതോറിറ്റികള്‍ ആവശ്യപ്പെട്ടു. വ്യവസ്ഥകള്‍ ലംഘിക്കുന്ന എല്ലാവരും പിഴകള്‍ക്ക് വിധേയരാകും. 2014ലെ 11-ാം നമ്പര്‍ ക്രിമിനല്‍ നിയമത്തിലെ 253-ാം വകുപ്പ്, പകര്‍ച്ചവ്യാധികളില്‍ നിന്നുള്ള സംരക്ഷണം സംബന്ധിച്ച 1990ലെ 17-ാം നമ്പര്‍ നിയമത്തിലെയും സമൂഹ സംരക്ഷണം സംബന്ധിച്ച 2002ലെ 17-ാം നമ്പര്‍ നിയമത്തിലെയും വ്യവസ്ഥകള്‍ എന്നിവ പ്രകാരമായിരിക്കും ലംഘകര്‍ക്കെതിരെ നടപടികള്‍ കൈക്കൊള്ളുക.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഹാര്‍ട്ട് ആസ്പത്രി അത്യാഹിത വിഭാഗത്തില്‍ ഇന്നു മുതല്‍ വാക്ക് ഇന്‍ രോഗികള്‍ക്ക് പ്രവേശനമില്ല

കോവിഡ്; മലയാളി യുവാവിന്റെ മൃതദേഹം ധ്രുതഗതിയില്‍ നാട്ടിലെത്തിച്ച് ഇന്ത്യന്‍ എംബസി