ദോഹ: രാജ്യത്ത് കോവിഡ് വ്യാപനം തടയുന്നതിനായി സര്‍ക്കാര്‍ നിര്‍ദേശിച്ച മുന്‍കരുതല്‍ നടപടികള്‍ ലംഘിച്ച് പാര്‍ക്കുകളിലും കോര്‍ണീഷിലും ഒത്തുചേര്‍ന്ന പത്തുപേര്‍ക്കെതിരെ നടപടിയെടുത്തു. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ആഭ്യന്തരമന്ത്രാലയം നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞദിവസം നടത്തിയ പരിശോധനാ കാമ്പയിനിലാണ് ഒത്തുചേരല്‍ സംബന്ധിച്ച മാനദണ്ഡങ്ങള്‍ ലംഘിച്ച പത്തുപേര്‍ക്കെതിരെ നടപടിയെടുത്തത്. നിയമലംഘകരെ പബ്ലിക് പ്രോസിക്യൂഷനിലേക്ക് റഫര്‍ ചെയ്തിട്ടുണ്ട്.
കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച 321 പേര്‍ക്കെതിരെ കൂടി നടപടിയെടുത്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സര്‍ക്കാര്‍ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ അവഗണിച്ച് പൊതുസ്ഥലങ്ങളില്‍ മാസ്ക്ക് ധരിച്ചില്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് 261 പേര്‍ക്കെതിരെ നടപടി സ്വീകരിച്ചു. വാഹനത്തിലെ അനുവദനീയമായ പരിധി ലംഘിക്കുന്നവര്‍ക്കെതിരെയും നടപടിയെടുക്കുന്നുണ്ട്. ഒരേ കുടുംബത്തിലെ അംഗങ്ങള്‍ ഒഴികെ വാഹനത്തില്‍ ഡ്രൈവര്‍ സഹിതം നാലു പേര് മാത്രമാണ് അനുവദനീയം. സുരക്ഷിത സാമൂഹിക അകലം പാലിക്കാത്തതിന് 48 പേര്‍ക്കെതിരെയും ഇഹ്തെരാസ് ആപ്പ് സജീവമാക്കാത്തത്തിന് രണ്ടുപേര്‍ക്കെതിരെയും നടപടിയെടുത്തു. കോവിഡ് 19 രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ഹോം ക്വാറന്റൈനില്‍ കഴിയാമെന്ന് രേഖാമൂലം നല്കിയ ഉറപ്പുലംഘിച്ചവര്ക്കെതിരെയും നടപടിയെടുത്തുവരുന്നു.