Saturday, August 15ESTD 1934

വിലാസം-കെയര്‍ ഓഫ് കെഎംസിസി; പാസ്‌പോര്‍ട്ടിലെ പുതിയ വീട്ടു പേരുമായി അബ്ദുല്ല മണ്ണോട് ചേര്‍ന്നു

മനാമ: ഔദ്യോഗിക രേഖകളില്ലാത്തതിനാല്‍ അന്ത്യകര്‍മ്മങ്ങള്‍ നടത്താന്‍ കഴിയാതെ മോര്‍ച്ചറിയില്‍ സൂക്ഷിച്ച കോഴിക്കോട് വള്ളിയാട് സ്വദേശി അബ്ദുല്ലയുടെ മൃതദേഹം ബഹ്‌റൈന്‍ കെ.എം.സി.സി ഇടപെടലിനെ തുടര്‍ന്ന് മുഹറഖിലെ ബുസൈറ്റീന്‍ കാനു മസ്ജിദില്‍ ഖബറടക്കി. ബഹ്‌റൈന്‍ കെ.എം.സി.സിയുടെ വിലാസത്തില്‍ ഇന്ത്യന്‍ എംബസി പാസ്‌പോര്‍ട്ട് അനുവദിച്ചതോടെയാണ് മൃതദേഹം മറവ് ചെയ്യാന്‍ വഴിയൊരുങ്ങിയത്. ബഹ്‌റൈന്‍ കെ.എം.സി.സി മയ്യിത്ത് പരിപാലന കമ്മിറ്റി കണ്‍വീനറും  സെക്രട്ടേറിയറ്റ് അംഗവുമായ കരീം കുളമുള്ളതില്‍, കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഫൈസല്‍ കോട്ടപ്പള്ളി, കെഎംസിസി  കോഴിക്കോട് ജില്ലാ കൗണ്‍സിലര്‍ നജീബ് തറോപ്പൊയില്‍ എന്നിവരുടെ നേതൃത്വത്തില്‍  നടത്തിയ ശ്രമത്തിന്റെ ഫലമായാണ് ഇന്ത്യന്‍ എംബസി പാസ്‌പോര്‍ട്ട് അനുവദിച്ചത്.
നാലു പതിറ്റാണ്ട് കാലം ബഹ്‌റൈനില്‍ പ്രവാസ ജീവിതം നയിച്ച അബ്ദുല്ല ഈമാസം നാലിനാണ് ഹൃദയാഘാതം മൂലം മരണപ്പെട്ടത്. ഇദ്ദേഹത്തിന്റെ പേരില്‍ പാസ്‌പോര്‍ട്ടോ മറ്റ് ഔദ്യോഗിക രേഖകളോ ഉണ്ടായിരുന്നില്ല. വ്യക്തിവിവരങ്ങള്‍ പോലും ഇല്ലാത്തതിനാല്‍ മയ്യിത്ത് മോര്‍ച്ചറിയിലേക്ക് മാറ്റുകയായിരുന്നു. സോഷ്യല്‍ മീഡിയ വഴി ഫോട്ടോ പ്രചരിപ്പിച്ചാണ് ബന്ധുക്കളെ കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ പിതവ് നേരത്തെ മരണപ്പെട്ടിരുന്നു. അബ്ദുല്ല വിവാഹം കഴിച്ചിരുന്നില്ല. സഹോദരങ്ങളും മാതാവും നാട്ടിലുണ്ട്. ഇത്രയും വിവരങ്ങള്‍ ലഭിച്ചതോടെ  നാട്ടിലെ ബന്ധുക്കളുമായി ബന്ധപ്പെട്ടപ്പോള്‍ സ്‌കൂളില്‍ പഠനം നടത്തിയ സര്‍ട്ടിഫിക്കറ്റ് മാത്രമാണ് ലഭിച്ചത്. ഇത് സി.ഐ.ഡിയുടെ ഓഫിസില്‍ സമര്‍പ്പിച്ചെങ്കിലും രേഖ അപര്യാപ്തമാണെന്ന് അറിയിക്കുകയായിരുന്നു.  തുടര്‍ന്ന് ഔട്ട്പാസിനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും വ്യക്തിഗത രേഖകളില്ലാത്തതിനാല്‍ വിഫലമായി.
ഇതോടെ രാജ്യത്തെ അംഗീകാരമുള്ള സംഘടനയെന്ന പേരില്‍ ബഹ്‌റൈന്‍ കെ.എം.സി.സിയുടെ മേല്‍വിലാസത്തില്‍ അബ്ദുല്ലയ്ക്ക് പാസ്‌പോര്‍ട്ട് അനുവദിക്കുകയായിരുന്നു. റംഷാദ് കീരങ്കണ്ടി, നജീബ് മിയാമീന്‍ മാര്‍ക്കറ്റ്, അബൂബക്കര്‍ അര്യന്നൂര്, ഹമദ് ടൗണ്‍ കെ.എം.സി.സി നേതാക്കന്മാരായ അബൂബക്കര്‍ പാറക്കടവ്, സകരിയ എടച്ചേരി എന്നിവരും പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. മയ്യിത്ത് നിസ്‌കാരത്തിനു സി കെ  മുഹമ്മദ് നേതൃത്വം നല്‍കി. കെഎംസിസി സംസ്ഥാന സെക്രട്ടറി എ പി  ഫൈസല്‍, മയ്യിത്ത് പരിപാലന കമ്മിറ്റി അംഗം ശറഫുദ്ധീന്‍ മാരായമംഗലം, കെഎംസിസി യുടെ  വിവിധ ജില്ലാ, ഏരിയ, മണ്ഡലം ഭാരവാഹികള്‍, നാട്ടുകാര്‍ തുടങ്ങി നിരവധിപേര്‍  ഖബറടക്കച്ചടങ്ങില്‍ പങ്കെടുത്തു.

error: Content is protected !!