അശ്‌റഫ് തൂണേരി/ദോഹ:
ഖത്തര്‍ ആതിഥേയത്വം വഹിക്കുന്ന ഏഷ്യന്‍ കപ്പ് ഫുട്ബാളില്‍ ഗ്രൂപ്പ് റൗണ്ടില്‍ ഇന്ത്യക്ക് ആദ്യം തന്നെ നേരിടേണ്ടി വരുന്നത് ശക്തരെ. മുന്‍ ഏഷ്യന്‍ ചാമ്പ്യന്മാരായ ആസ്‌ട്രേലിയക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ആറു തവണ ലോകകപ്പ് പങ്കാളികളുമാണ് ആസ്‌ട്രേലിയ. ഗ്രൂപ്പ് ‘ബി’യില്‍ ഉസ്‌ബെകിസ്താന്‍, സിറിയ എന്നിവരാണ് മറ്റു എതിരാളികള്‍. 2024 ജനുവരി 13ന് തങ്ങളുടെ ആദ്യ അങ്കത്തില്‍ ഇന്ത്യയും സോക്കറൂസും പോരാട്ടത്തിനിറങ്ങും. ജനുവരി 19-ന് രണ്ടാമത് മത്സരത്തില്‍ ഉസ്‌ബെകിസ്താനെ നേരിടും. 25ന് മൂന്നാം അങ്കത്തില്‍ സിറിയയുമായാണ് മത്സരം. ഇന്ത്യയുടെ അഞ്ചാം ഏഷ്യന്‍ കപ്പ് പങ്കാളിത്തമാണ് ഇത്തവണ. തുടര്‍ച്ചയായി രണ്ടു തവണ വന്‍കരയുടെ പോരാട്ടത്തിന് ഇടം പിടിക്കുന്നത് ആദ്യമാണ്.
ജനുവരി 12നാണ് അല്‍ഖോറിലെ അല്‍ബയ്ത് സ്റ്റേഡിയത്തില്‍ ടൂര്‍ണമെന്റിന് കിക്കോഫ്. ഖത്തറും ലെബനാനും തമ്മില്‍ ശക്തമായ പോരാട്ടമാണ് ഉണ്ടാവുകയെന്നാണ് കായികപ്രേമികളുടെ വിലയിരുത്തല്‍. ഖത്തറിനൊപ്പം ചൈന, തജികിസ്താന്‍, ലെബനാന്‍ എന്നിവരാണ് ഗ്രൂപ്പ് ‘എ’യില്‍ ഇടം പിടിച്ചത്.2024 ഫെബ്രുവരി 10നാണ് ഫൈനല്‍. ഗ്രൂപ്പ് ‘ബി’യില്‍ ഇന്ത്യ റാങ്കിംഗിലും പിന്നിലാണ്. ഫിഫ റാങ്കിങ്ങില്‍ ഇന്ത്യക്ക് മുകളിലാണ് മറ്റ് മൂന്നുപേരുടെയും സ്ഥാനമെന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ ലോകകപ്പില്‍ തുനീഷ്യയെയും ഡെന്മാര്‍ക്കിനെയുമാണ് ആസ്‌ട്രേലിയ അട്ടിമറിച്ചത്. അതേസമയം പ്രീക്വാര്‍ട്ടറില്‍ അര്‍ജന്റീനയോട് തോറ്റാണ് ഖത്തറിന്റെ മണ്ണില്‍ നിന്നും മടങ്ങിയത്. നിലവില്‍ ലോകറാങ്കിങ്ങില്‍ 29ാം സ്ഥാനക്കാരാണ് സോക്കറൂസ്. 2011ലായിരുന്നു ഇന്ത്യയും ആസ്‌ട്രേലിയയും ഒടുവില്‍ ഏറ്റുമുട്ടിയത്. അന്നാകട്ടെ ഇന്ത്യ വന്‍ തോല്‍വി (4-0) ഏറ്റുവാങ്ങുകയും ചെയ്തു. 74ാം റാങ്കുകാരായ ഉസ്‌ബെകിസ്താനെതിരെ 1997ന് ശേഷം ആറു തവണ ഇന്ത്യ പോരാടി. നാലു തവണയും തോല്‍വി മാത്രം ഫലം. രണ്ട് കളി സമനിലയിലായ ആശ്വാസം കൂടെയുണ്ടെന്ന് മാത്രം. 90ാം റാങ്കിലുള്ള സിറിയക്കെതിരെ മാത്രമാണ് ഇന്ത്യക്ക് സാധ്യത പറയാവുന്നത്. ആഭ്യന്തര യുദ്ധം തരിപ്പണമാക്കിയതിനാല്‍ സിറിയ രാഷ്ട്രീയമായ പ്രതിസന്ധി നേരിടുന്ന സന്ദര്‍ഭം കൂടിയാണിത്. സിറിയയുടെ പോരാട്ടവീര്യത്തെ അതിജയിച്ചാല്‍ മാത്രമേ ഇന്ത്യക്ക് നേരിയ പ്രതീക്ഷകള്‍ ഉണ്ടാവുകയുള്ളൂ. ഇറാനും യു.എ.ഇയും കളിക്കുന്ന ഗ്രൂപ്പ് ‘സി’ കൂട്ടത്തില്‍ ഏറ്റവും കഠിനമായ പോരാട്ടമാവും.
കത്താറ ഒപേറ ഹൗസില്‍ വ്യാഴാഴ്ച ഉച്ചക്കായിരുന്നു നറുക്കെടുപ്പ്. ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോ, മുന്‍ ജര്‍മന്‍ താരവും പരിശീലകനും, നിലവിലെ ദക്ഷിണ കൊറിയന്‍ കോച്ചുമായ യുര്‍ഗന്‍ ക്ലിന്‍സ്മാന്‍, ഇന്ത്യന്‍ ഫുട്ബാള്‍ ഫെഡറേഷന്‍ പ്രസിഡന്റ് കല്യാണ്‍ ചൗബെ, എ.എഫ്.സി ഭാരവാഹികള്‍, മുന്‍കാല ഏഷ്യന്‍ താരങ്ങള്‍, ടിം കാഹില്‍, പാര്‍ക് ജി സുങ് ഉള്‍പ്പെടെ ലോകതാരങ്ങളും, ഇന്ത്യന്‍ സാന്നിധ്യമായി മെയ്‌മോള്‍ റോക്കിയും നറുക്കെടുപ്പ് ചടങ്ങില്‍ സംബന്ധിച്ചു.
