Wednesday, November 25ESTD 1934

എഎഫ്‌സി ചാമ്പ്യന്‍സ് ലീഗ്: പെര്‍സ്‌പോലിസും അല്‍നാസറും സെമിഫൈനലില്‍

ജാസിം ബിന്‍ ഹമദ് സ്്‌റ്റേഡിയത്തില്‍ നടന്ന അല്‍നാസറും അല്‍അഹ്‌ലിയും തമ്മിലുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ നിന്ന്‌

ദോഹ: 2020 എഎഫ്‌സി ചാമ്പ്യന്‍സ് ലീഗിലെ പടിഞ്ഞാറന്‍ മേഖലാ വിഭാഗത്തില്‍ ഇറാന്‍ ക്ലബ്ബ് പെര്‍സ്‌പോലിസും സഊദി അറേബ്യയുടെ അല്‍നാസറും സെമിഫൈനലില്‍. അല്‍സദ്ദിലെ ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ കഴിഞ്ഞദിവസം നടന്ന ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ സഊദി ക്ലബ്ബുകള്‍ തമ്മിലുള്ള പോരാട്ടത്തില്‍ അല്‍അഹ്‌ലിയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് അല്‍നാസര്‍ സെമിഫൈനല്‍ യോഗ്യത നേടിയത്. 13-ാം മിനുട്ടില്‍ ഗോണ്‍സാലോ മാര്‍ട്ടിനെസും 55-ാം മിനുട്ടില്‍ അബ്ദുല്‍ഫത്താഹ് അസീരിയുമാണ് അല്‍നാസറിന്റെ വിജയഗോളുകള്‍ സ്‌കോര്‍ ചെയ്തത്. ക്ലബ്ബിന്റെ ചരിത്രത്തിലാദ്യമായാണ് അല്‍നാസര്‍ എഎഫ്‌സി ചാമ്പ്യന്‍സ് ലീഗിന്റെ സെമിഫൈനലില്‍ പ്രവേശിക്കുന്നത്.
ഇതേ സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇറാന്റെ പെര്‍സ്‌പോലീസ് ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് ഉസ്ബക്കിസ്താന്റെ പഖ്തഖോറിനെ തോല്‍പ്പിച്ചു. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ഇതു മൂന്നാം തവണയാണ് ഇറാന്‍ ക്ലബ്ബ് ചാമ്പ്യന്‍സ് ലീഗിന്റെ സെമിഫൈനലിലേക്ക് യോഗ്യത നേടുന്നത്. 49-ാം മിനുട്ടിലും 66-ാം മിനുട്ടിലും ഇസ്സ അല്‍കാസിര്‍ നേടിയ ഇരട്ടഗോളുകളാണ് ഇറാന്‍ ക്ലബ്ബിന്റെ സെമിഫൈനല്‍ പ്രവേശനം സുഗമമാക്കിയത്. മത്സരത്തിന്റെ 15-ാം മിനുട്ടില്‍ ജലാലുദ്ദീന്‍ മഷരിപോവ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയത് പഖ്തഖോറിന് തിരിച്ചടിയായി. ഒക്ടോബര്‍ മൂന്നിന് ജാസിം ബിന്‍ ഹമദ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന സെമിഫൈനലില്‍ അല്‍നാസര്‍ പെര്‍സ്‌പോലിസിനെ നേരിടും. ഖത്തറിന്റെ അല്‍ദുഹൈല്‍ ഗ്രൂപ്പ് ഘട്ടത്തിലും അല്‍സദ്ദ് റൗണ്ട് 16ലും പുറത്തായിരുന്നു.
ഗ്രൂപ്പ് എ മുതല്‍ ഡി വരെയുള്ള ഗ്രൂപ്പ്തല, റൗണ്ട് 16, ക്വാര്‍ട്ടര്‍, സെമിഫൈനല്‍ മത്സരങ്ങള്‍ക്കാണ് ഖത്തര്‍ വേദിയാകുന്നത്. ഗ്രൂപ്പ് ഇ, എഫ്, ജി, എച്ച്് എന്നിവയിലെ ഗ്രൂപ്പ് മത്സരങ്ങള്‍ നവംബര്‍ പതിനെട്ടിന് തുടങ്ങും. ജപ്പാന്‍, കൊറിയ, ഓസ്‌ട്രേലിയ, ചൈന, മലേഷ്യ, തായ്‌ലാന്റ് എന്നിവിടങ്ങളില്‍നിന്നുള്ള 16 ടീമുകളാണ് മത്സരരംഗത്തുള്ളത്. ഈ നാലു ഗ്രൂപ്പുകളില്‍നിന്നും ഫൈനലിലേക്ക് യോഗ്യത നേടുന്നവര്‍ ഡിസംബര്‍ 19ന് നടക്കുന്ന ഫൈനലില്‍ പെര്‍സ്‌പോലീസ്- അല്‍നാസര്‍ സെമിഫൈനലിലെ വിജയികളെ നേരിടും.

error: Content is protected !!