in ,

അഫ്ഗാന്‍ പ്രതിസന്ധി: ലോകരാജ്യങ്ങളുടെ ഉന്നതതല ചര്‍ച്ച 11ന് ദോഹയില്‍, മുന്നോടിയായി ഡല്‍ഹിയില്‍ ഇന്ത്യ- ഖത്തര്‍ കൂടിക്കാഴ്ച

ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഡോ.സുബ്രഹ്മണ്യം ജയശങ്കര്‍ ഖത്തര്‍ വിദേശകാര്യമന്ത്രിയുടെ പ്രത്യേക പ്രതിനിധി ഡോ. മുത്‌ലാഖ് ബിന്‍ മാജിദ് അല്‍ഖഹ്താനിയുമായി ചര്‍ച്ച നടത്തിയപ്പോള്‍

ഡോ.എസ്. ജയശങ്കര്‍ ഡോ.മുത്‌ലാഖ് അല്‍ഖഹ്താനിയുമായി ചര്‍ച്ച നടത്തി

ദോഹ: അഫ്ഗാനിസ്താനിലെ സുരക്ഷാ പ്രതിസന്ധി വഷളായിക്കൊണ്ടിരിക്കെ ഇതുമായി ബന്ധപ്പെട്ട് വിവിധ ലോകരാജ്യങ്ങള്‍ പങ്കെടുക്കുന്ന ഉന്നതതല ചര്‍ച്ച ആഗസ്ത് 11ന് ദോഹയില്‍ നടക്കും. റഷ്യ, ചൈന, യുഎസ്, പാകിസ്താന്‍ എന്നീ രാജ്യങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. ഇതിന്റെ മുന്നോടിയായി ഇന്ത്യയും ഖത്തറും തമ്മില്‍ ചര്‍ച്ച നടത്തി. ഔദ്യോഗിക സന്ദര്‍ശനാര്‍ഥം ന്യൂഡല്‍ഹിയിലെത്തിയ ഖത്തര്‍ വിദേശകാര്യമന്ത്രിയുടെ തീവ്രവാദ വിരുദ്ധ, സംഘര്‍ഷപരിഹാര മധ്യസ്ഥതാ പ്രതിനിധി ഡോ. മുത്‌ലാഖ് ബിന്‍ മാജിദ് അല്‍ഖഹ്താനി ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഡോ.സുബ്രഹ്മണ്യം ജയശങ്കറുമായാണ് ചര്‍ച്ച നടത്തിയത്. അഫ്ഗാനിസ്താനിലെ സുരക്ഷാസാഹചര്യങ്ങള്‍ ചര്‍ച്ചയില്‍ വിഷയമായി.

അഫ്ഗാനിസ്താനിലെ സുരക്ഷാ സ്ഥിതി വഷളാകുന്നത് ഗൗരവമേറിയ വിഷയമാണെന്ന് എസ് ജയശങ്കര്‍ പറഞ്ഞു. ഖത്തര്‍ പ്രതിനിധിയുമായുള്ള ചര്‍ച്ചക്കുശേഷം ട്വിറ്ററിലാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. അഫ്ഗാനിസ്താനിലെ സമീപകാല സംഭവവികാസങ്ങളെക്കുറിച്ചുള്ള ഇന്ത്യന്‍ കാഴ്ചപ്പാട് ഡോ. അല്‍ഖഹ്താനിയുമായി പങ്കുവെച്ചതായും ഡോ.എസ്.ജയശങ്കര്‍ പറഞ്ഞു. ഖത്തറിന്റെ മധ്യസ്ഥതയിലുള്ള അഫ്ഗാന്‍- താലിബാന്‍ സമാധാന ചര്‍ച്ചകളില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന വ്യക്തിത്വമാണ് ഡോ.അല്‍ഖഹ്താനി.

കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലെ പാകിസ്താന്‍-അഫ്ഗാന്‍-ഇറാന്‍ ഡിവിഷന്റെ ചുമതലയുള്ള ജെ പി സിങുമായും വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് ശൃംഗ്‌ലയുമായും ഖഹ്താനി ചര്‍ച്ച നടത്തിയിരുന്നു. അഫ്ഗാനില്‍നിന്ന് യുഎസ് സൈന്യത്തെ പിന്‍വലിക്കുന്നത് സംബന്ധിച്ച പ്രസിഡന്റ് ജോ ബൈഡന്റെ പ്രഖ്യാപനത്തോടെ താലിബാന്‍ രാജ്യത്തെ പല ജില്ലകളുടെയും നിയന്ത്രണം ഏറ്റെടുത്തു. നിലവില്‍ ഗൗരവതരമായ സാഹചര്യമാണ് അഫ്ഗാനിസ്താനിലുള്ളത്.

2020 ഏപ്രിലില്‍ ദോഹയില്‍വെച്ച് യുഎസും താലിബാനും ഒപ്പുവെച്ച കരാര്‍ പ്രകാരമാണ് യുഎസ് അഫ്ഗാനിസ്താനില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കുന്നത്. കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കറും ഡോ.അല്‍ഖഹ്താനിയുമായുള്ള ചര്‍ച്ചയില്‍ ഖത്തറും ഇന്ത്യയും തമ്മിലുള്ള സഹകരണവും ബന്ധവും ഇരുവരും വിലയിരുത്തി. സഹകരണം ശക്തിപ്പെടുത്തുന്നതിനുളള മാര്‍ഗങ്ങള്‍ അവലോകനം ചെയ്തു. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ പൊതുതാല്‍പര്യമുള്ള മേഖലാ വിഷയങ്ങളും ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ആസ്പയര്‍ സോണ്‍ ഫൗണ്ടേഷന്റെ കായിക, കമ്യൂണിറ്റി പരിപാടികളുടെ ഔദ്യോഗിക സ്‌പോണ്‍സറായി ലുലു

ഒളിമ്പിക്‌സ് ഹീറോകള്‍ക്ക് ദോഹയില്‍ ആവേശോജ്ജ്വല വരവേല്‍പ്പ്