ദോഹ: അഫ്ഗാന് ഒഴിപ്പിക്കലില്‍ ഖത്തറിന്റെ സഹായത്തെയും പിന്തുണയെയും നിര്‍ലോഭം പ്രശംസിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍. യുഎസ് പൗരന്മാരുടെയും പങ്കാളികളുടെയും അപകടസാധ്യതയുള്ള മറ്റ് അഫ്ഗാനികളുടെയും സുരക്ഷിതമായ ഗതാഗതം സുഗമമാക്കുന്നതില്‍ ഖത്തറിന്റേത് അസാധാരണമായ പിന്തുണയായിരുന്നുവന്ന് ബ്ലിങ്കന്‍ പറഞ്ഞു. അഫ്ഗാനിസ്താനില്‍ നിന്ന് യുഎസ് പൗരന്മാരെയും അഫ്ഗാനികളെയും ഒഴിപ്പിക്കുന്നതിന് വാഷിംഗ്ടണ്‍ ഖത്തറുമായും മറ്റ് പ്രാദേശിക പങ്കാളികളുമായും പ്രവര്‍ത്തിക്കുന്നത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. അഫ്ഗാനിസ്താനിലെ ഒഴിപ്പിക്കല്‍ ശ്രമങ്ങളെ സഹായിക്കാന്‍ പല രാജ്യങ്ങളും മുന്നോട്ടുവന്നിരുന്നുവെങ്കിലും ഖത്തറിനേക്കാള്‍ കൂടുതല്‍ ഒരു രാജ്യവും ചെയ്തിട്ടില്ല.ഈ ഒഴിപ്പിക്കലിലൂടെ ഖത്തറും യുഎസും കെട്ടിപ്പെടുത്ത ഏറ്റവും ശക്തമായ ബന്ധം വരും കാലയളവില്‍ വിവിധ മേഖലകളില്‍ പ്രതിഫലിക്കും.
അമേരിക്കക്കാര്‍ക്കും അഫ്ഗാനികള്‍ക്കും മറ്റു രാജ്യങ്ങളുടെ പൗരന്മാര്ക്കും ഖത്തര്‍ ചെയ്തത് വളരെക്കാലം ഓര്‍മിക്കപ്പെടും- ബ്ലിങ്കന്‍ പറഞ്ഞു. അഫ്ഗാന് ഒഴിപ്പിക്കലിനുള്ള സഹായത്തിനുപുറമെ നിരവധിപേരുടെ ജീവന് രക്ഷിക്കാന്‍ സഹായകമായ വിധത്തില്‍ ഖത്തര്‍ നല്കിയ മെഡിക്കല്‍ സഹായത്തിനും നന്ദിയുണ്ടെന്ന് ആന്റണി ബ്ലിങ്കന്‍ പറഞ്ഞു. അഫ്ഗാനിലേക്ക് ചാര്‍ട്ടര്‍ വിമാനങ്ങള്‍ക്കുള്ള തടസങ്ങള്‍ നീക്കാന്‍ യുഎസ് മുഴുവന്‍സമയവും പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. യാത്രാ രേഖകളുള്ള ആളുകളെ സ്വതന്ത്രമായി പോകാന്‍ അനുവദിക്കുമെന്ന് താലിബാന് വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാല്‍ പുറത്തുകടക്കാന്‍ ആഗ്രഹിക്കുന്ന യാത്രക്കാരുടെ ഗ്രൂപ്പുകളില്‍ പലപ്പോഴും യാത്രാ രേഖകളില്ലാതെ അംഗങ്ങള്‍ ഉള്‍പ്പെടും. ഇവരെ താലിബാന് തടഞ്ഞേക്കാം. ഏകദേശം നൂറോളം അമേരിക്കന്‍ പൗരന്മാരാണ് ഇപ്പോള്‍ അഫ്ഗാനിലുള്ളത്. ഇതില്‍ ഭൂരിഭാഗവും ഇരട്ടപൗരന്മാരാണ്. അഫ്ഗാനില്‍ തുടരുന്ന എല്ലാവരുമായും വിര്‍ച്വല്‍ രീതിയില്‍ യുഎസ് ബന്ധപ്പെടുന്നുണ്ട്.
യുഎസ് സര്‍ക്കാരിനായി എത്ര അഫ്ഗാനികള്‍ ജോലി ചെയ്തിട്ടുണ്ടെന്നും പ്രത്യേക യുഎസ് വിസക്ക് എത്രപേര്‍ അര്‍ഹരാണെന്നും നിര്‍ണയിക്കുന്നുണ്ടെന്നും ബ്ലിങ്കന്‍ പറഞ്ഞു. താലിബാന് അവരുടെ പ്രതിബദ്ധത പാലിക്കുമോ എന്ന് അന്താരാഷ്ട്ര സമൂഹം ഉറ്റുനോക്കുകയാണെന്നും ബ്ലിങ്കന്‍ പറഞ്ഞു. ഖത്തറുമായുള്ള തങ്ങളുടെ ബന്ധം എന്നത്തേക്കാളും ആഴത്തിലുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ആയിരക്കണക്കിന് ജീവന് രക്ഷിക്കാന്‍ ഖത്തര്‍ സംഭാവന നല്‍കിയതായും അമേരിക്കന്‍ ശ്രമങ്ങളെ പിന്തുണച്ചതിന് ഖത്തറിനോട് അങ്ങേയറ്റം നന്ദിയുണ്ടെന്നും ലോയ്ഡ് ഓസ്റ്റിന്‍ പറഞ്ഞു. യുഎസ് സെക്രട്ടറിമാര്‍ ദോഹയിലെ താലിബാന് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയില്ല. അതേസമയം അവരുമായി ഇടപഴകുന്നത് തുടരുമെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസഥന് ഡീന്‍ തോംസണ്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
യുഎസ് സെക്രട്ടറിമാര്‍ ബൈഡന്റെ നന്ദി അമീറിനെ അറിയിച്ചു
ദോഹ: ഔദ്യോഗിക സന്ദര്‍ശനാര്‍ഥം ദോഹയിലെത്തിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുമായി ചര്‍ച്ച നടത്തി. പേള്‍ പാലസിലായിരുന്നു കൂടിക്കാഴ്ച. അഫ്ഗാനില്‍ നിന്നും അമേരിക്കന്‍, അഫ്ഗാന് പൗരന്മാരെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിലെ സഹായത്തിനും അഫ്ഗാനിസ്താനിലെ സമാധാനപ്രക്രിയയെ പിന്തുണയ്ക്കുന്നതിനായി ഖത്തര്‍ നടത്തുന്ന ശ്രമങ്ങള്‍ക്കും യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ നന്ദി ഇരുവരും അമീറിനെ അറിയിച്ചു. അഫ്ഗാനില്‍ അവശേഷിക്കുന്ന അമേരിക്കക്കാരെയും അപകടസാധ്യതയുള്ള അഫ്ഗാനികളെയും ഒഴിപ്പിക്കുന്നതില്‍ ഖത്തറിന്റെ പിന്തുണയും തേടി.
മേഖലാ രാജ്യാന്തര സംഭവവികാസങ്ങളും അഫ്ഗാനിസ്ഥാനിലെ സാഹചര്യങ്ങളും അഫ്ഗാനിലെ സുരക്ഷയും സുസ്ഥിരതയും ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങളും ചര്‍ച്ചയായി. ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ പങ്കാളിത്തത്തെയും മേഖലാ, രാജ്യാന്തര സമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതില്‍ ഖത്തറിന്റെ നയതന്ത്രപരമായ പങ്കിനെയും യുഎസ് സെക്രട്ടറിമാര്‍ പ്രശംസിച്ചു. ഡെപ്യൂട്ടി പ്രധാനമന്ത്രിമാരായ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്റഹ്മാന് അല്‍താനി, പ്രതിരോധസഹമന്ത്രി ഡോ.ഖാലിദ് ബിന്‍ മുഹമ്മദ് അല്‍അത്തിയ്യ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.