
ദോഹ: അഫ്ഗാനില്‍ രണ്ട് പതിറ്റാണ്ടായി തുടരുന്ന യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഔദ്യോഗിക മുഖാമുഖ ചര്‍ച്ചകള്‍ ദോഹയില്‍ തിങ്കളാഴ്ച ആരംഭിക്കും. ഇന്നലെ പ്രാരംഭ ചര്‍ച്ചകളും ഉദ്ഘാടന സെഷനുമാണ് നടന്നത്. യുദ്ധം അവസാനിപ്പിക്കാനും അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പോരാട്ടം അവസാനിപ്പിച്ച് യു.എസ് സൈനികരെ നാട്ടിലേക്ക് കൊണ്ടുപോകാനുമായി ഫെബ്രുവരിയില്‍ അമേരിക്കന്‍ ഭരണകൂടവും താലിബാനും ഒപ്പുവെച്ച കരാര്‍ പ്രകാരമാണ് ആഭ്യന്തര ചര്‍ച്ചകള്‍ നടക്കുന്നത്.അന്തസ്സുള്ള ശാശ്വത സമാധാനമാണ് ആവശ്യമെന്ന് അഫ്ഗാന്‍ പ്രതിനിധി സംഘത്തലവന്‍ അബ്ദുല്ല അബ്ദുല്ല പ്രാരംഭ ചര്‍ച്ചയില്‍ പറഞ്ഞു. സൗഹൃദത്തോടെയും സത്യസന്ധമായും എല്ലാവരും സമാധാനത്തിനുവേണ്ടി കൈകോര്‍ക്കുകയാണെങ്കില്‍ ഇപ്പോഴത്തെ ദുരിതമെല്ലാം അവസാനിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. മാനുഷിക വെടിനിര്‍ത്തലാണ് വേണ്ടതെന്ന് അബ്ദുല്ല കൂട്ടിച്ചേര്‍ത്തു. ഇസ്ലാമിക വ്യവസ്ഥിതിയില്‍ അധിഷ്ഠിതമായിരിക്കണം രാജ്യത്തിന്റെ ഭരണമെന്ന് താലിബാന്‍ നേതാവ് മുല്ലാ ബരാദര്‍ ആവശ്യപ്പെട്ടു. സ്വതന്ത്ര, വികസിത രാജ്യമായി അഫ്ഗാന്‍ മാറണം. എല്ലാ പൗരന്മാര്‍ക്കും സ്വാതന്ത്ര്യമുള്ള ഇസ്ലാമിക ഭരണ വ്യവസ്ഥയായിരിക്കണം ഉണ്ടാകേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഭാവി രാഷ്ട്രീയ വ്യവസ്ഥിതി എന്തായിരിക്കണമെന്ന് തീരുമാനിക്കേണ്ടത് അഫ്ഗാന്‍ ജനത തന്നെയാണെന്ന് മൈക്ക് പോംപിയോ വ്യക്തമാക്കി. സമാധാനത്തിന് കിട്ടിയ അവസരം എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന് ഇരുപക്ഷത്തോടുമായി അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ‘നിങ്ങള്‍ ആത്മപരിശോധനക്ക് തയാറാകണം. സ്വന്തം ഹൃദയത്തിലേക്ക് നോക്കൂ. നിങ്ങള്‍ ഓരോരുത്തര്‍ക്കും വലിയ ഉത്തരവാദിത്തമുണ്ട്. നിങ്ങള്‍ വിജയിക്കണമെന്നാണ് ലോകം ആഗ്രഹിക്കുന്നത്. അന്താരാഷ്ട്ര സമൂഹം അതിനുവേണ്ടിയുള്ള കാത്തിരിപ്പിലാണ്.’-പോംപിയോ പറഞ്ഞു.
ഇരുപക്ഷവും ഭിന്നതകള്‍ മറന്ന് ഉയര്‍ന്ന് ചിന്തിക്കണമെന്നാണ് ഖത്തര്‍ നിലപാട്. മാര്‍ച്ചില്‍ ആരംഭിക്കേണ്ടിയിരുന്ന ചര്‍ച്ച തടവുകാരെ വിട്ടയക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് ഇത്രയും നീണ്ടുപോയത്.
അമേരിക്കയുമായി ഒപ്പുവെച്ച കരാര്‍ പ്രകാരം 5000 താലിബാന്‍ പോരാളികളെ അഫ്ഗാന്‍ ഭരണകൂടവും 1000 സൈനികരെ താലിബാനും വിട്ടയക്കേണ്ടിയിരുന്നു. പക്ഷെ, താലിബാന്‍ തടവുകാരെ ഒറ്റയടിക്ക് മോചിപ്പിക്കാന്‍ അഫ്ഗാന്‍ ഭരണകൂടം വിസമ്മതിച്ചത് ആഭ്യന്തര അനുരഞ്ജന നീക്കങ്ങള്‍ വൈകാന്‍ കാരണമായി. തങ്ങളുടെ പൗരന്മാരെ കൊലപ്പെടുത്തിയതില്‍ പങ്കുള്ള ആറ് താലിബാന്‍ പോരാളികളെ വിട്ടയക്കുന്നതിനെ ഫ്രാന്‍സും ഓസ്ട്രേലിയയും എതിര്‍ത്തിരുന്നു. ഒത്തുതീര്‍പ്പിന്റെ ഭാഗമായി ഇവരെ ഖത്തറിലേക്ക് കൊണ്ടുപോയി കസ്റ്റഡിയില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.
ചര്‍ച്ചയുടെ ഫലപ്രാപ്തിക്കനുസരിച്ച് ഇവരുടെ കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.20 വര്‍ഷം നീണ്ട യുദ്ധത്തില്‍ പതിനായിരക്കണക്കിന് ആളുകളാണ് കൊല്ലപ്പെട്ടത്. ഈ വര്‍ഷം ഫെബ്രുവരിക്കും ജൂലൈക്കുമിടയില്‍ മാത്രം 3560 അഫ്ഗാന്‍ സൈനികര്‍ കൊല്ലപ്പെടുകയും 6780 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പ്രസിഡന്റ് അഷ്റഫ് ഗനി അറിയിച്ചു. കഴിഞ്ഞ ആറ് മാസത്തിനിടെ നൂറുകണക്കിന് കുട്ടികളടക്കം 1300 സാധാരണക്കാരും കൊല്ലപ്പെട്ടുവെന്നാണ് കണക്ക്.