Friday, September 18ESTD 1934

അഫ്ഗാന്‍ താലിബാന്‍ സമാധാന ചര്‍ച്ചകള്‍ക്ക് ഇന്ന് ദോഹയില്‍ തുടക്കം

ദോഹ: അഫ്ഗാനിസ്താന്‍ സമാധാന ചര്‍ച്ചകള്‍ക്ക് ഇന്ന്(സെപ്തംബര്‍ 12, ശനി) ദോഹയില്‍ തുടക്കമാകുമെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വിവിധ അഫ്ഗാന്‍ കക്ഷികള്‍ നേരിട്ട് പങ്കെടുക്കുന്ന സുപ്രധാന ചര്‍ച്ചകള്‍ക്കാണ് ദോഹ വേദിയാകുന്നത്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. അഫ്ഗാനിസ്താനില്‍ നിന്ന് സേനയെ പൂര്‍ണമായും പിന്‍വലിക്കുന്നത് കരാര്‍ പ്രകാരമുള്ള ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതിലുളള താലിബാന്റെ പ്രതിജ്ഞാബദ്ധതയെ ആശ്രയിച്ചായിരിക്കുമെന്ന് ചര്‍ച്ചകള്‍ക്കായി ദോഹയിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് മൈക്ക് പോംപിയോ വ്യക്തമാക്കിയിട്ടുണ്ട്. ദോഹയിലെ അഫ്ഗാന്‍ ചര്‍ച്ചകള്‍ പതിറ്റാണ്ടുകള്‍ നീണ്ട യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചരിത്രപരമായ അവസരമാണെന്ന് അഫ്ഗാന്‍ സമാധാന ചര്‍ച്ചകളെക്കുറിച്ച് വിശദീകരിക്കവെ പോംപിയോ പറഞ്ഞു. ഈ ചര്‍ച്ചകളുടെ തുടക്കം അഫ്ഗാനിസ്താനില്‍ നാല് പതിറ്റാണ്ടിന്റെ യുദ്ധത്തിനും രക്തച്ചൊരിച്ചിലിനും അറുതി വരുത്താനുള്ള ചരിത്രപരമായ അവസരമായാണ് അടയാളപ്പെടുത്തുന്നത്. ഈ അവസരം പാഴാക്കരുത്- പോംപിയോ പറഞ്ഞു.
ഈ പ്രക്രിയ വിജയിക്കാന്‍ ആവശ്യമായ പ്രായോഗികത, സംയമനം, വഴക്കം എന്നിവ പ്രകടിപ്പിക്കാന്‍ എല്ലാവരോടും ആഹ്വാനം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. ദോഹയില്‍ അഫ്ഗാന്‍ സര്‍ക്കാരും താലിബാനും തമ്മിലുള്ള സമാധാന ചര്‍ച്ചകളില്‍ പോംപിയോ പങ്കെടുക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. അഫ്ഗാന്‍ സമാധാന ചര്‍ച്ചകള്‍ക്കായി ദോഹയിലേക്കുള്ള ചരിത്രപരമായ യാത്രയാണ് പോംപിയോയുടേതെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. താലിബാനുമായും അഫ്ഗാനിസ്താന്‍ പ്രതിനിധികളുമായും തങ്ങള്‍ വളരെ നന്നായി ഇടപെടുന്നുണ്ടെന്നും ട്രംപ് പറഞ്ഞു.
അഫ്ഗാനിസ്താനില്‍ ശാശ്വത സമാധാനം കൈവരിക്കുന്നതിനുള്ള ചുവടുവെപ്പിനെ പ്രതിനിധീകരിക്കുന്നതാണ് ചര്‍ച്ചയെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഈ വര്‍ഷം ആദ്യം ദോഹയില്‍വെച്ച് യുഎസും താലിബാനും തമ്മില്‍ ഒപ്പുവച്ച കരാറിന്റെ അടിസ്ഥാനത്തില്‍ക്കൂടിയാണ് ഇത്തരമൊരു ചര്‍ച്ചക്കുള്ള അവസരം സാധ്യമായത്. തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുള്ള നയതന്ത്രത്തിനും നേരിട്ടുള്ള സംഭാഷണങ്ങള്‍ക്കും ഖത്തര്‍ എല്ലായ്‌പ്പോഴും വലിയ മൂല്യം കല്‍പ്പിക്കുന്നതായി വിദേശകാര്യമന്ത്രിയുടെ പ്രത്യേക പ്രതിനിധി ഡോ.മുത്‌ലാഖ് ബിന്‍ മജീദ് അല്‍ഖഹ്താനി പറഞ്ഞു. മേഖലയില്‍ സ്ഥിരത സൃഷ്ടിക്കുന്നതില്‍ ഖത്തറിന്റെ പങ്കാളിത്തം തുടരുമെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു.
പതിനെട്ട് വര്‍ഷം നീണ്ട യുദ്ധവും സംഘര്‍ഷവും അവസാനിപ്പിക്കുന്നതിനും അഫ്ഗാനിസ്താനില്‍ സമാധാനം ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ ഫെബ്രുവരിയില്‍ യുഎസും താലിബാനും ദോഹയില്‍ കരാര്‍ ഒപ്പുവെച്ചത്. ചര്‍ച്ചകള്‍ക്കു മധ്യസ്ഥതതയും ആതിഥേയത്വവും വഹിച്ച ഖത്തറിന്റെ ശ്രമങ്ങളും കരാര്‍ സാധ്യമാക്കുന്നതില്‍ നിര്‍ണായകമായിരുന്നു. ദോഹയില്‍ മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് കരാറിലേക്കെത്തപ്പെട്ടത്. അഫ്ഗാന്‍ പ്രതിസന്ധിക്ക് ഏതെങ്കിലും സൈനിക പരിഹാരം നിരര്‍ഥകമാണെന്നാണ് ഖത്തര്‍ നിലപാട്. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ നിര്‍ദേശങ്ങള്‍ക്കനുസൃതമായി അഫ്ഗാനിസ്താനില്‍ സമാധാനം സ്ഥാപിക്കാനുള്ള മധ്യസ്ഥ ശ്രമങ്ങള്‍ ഖത്തര്‍ തുടരുകയാണ്. സമഗ്രവും സുസ്ഥിരവുമായ സമാധാനത്തിലേക്കുള്ള ആദ്യപടിയാണ് കരാറെന്നാണ് ഖത്തര്‍ വിശേഷിപ്പിച്ചത്.
ഭാവി കെട്ടിപ്പടുക്കുന്നതിന് കരാര്‍ അഫ്ഗാന്‍ സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളെയും ഒന്നിപ്പിക്കണമെന്ന് വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി ചൂണ്ടിക്കാട്ടിയിരുന്നു. എല്ലാ അഫ്ഗാന്‍ പാര്‍ട്ടികളും തമ്മിലുള്ള വിപുലമായ സാമൂഹിക സംഭാഷണത്തിന്റെ ക്രിയാത്മക ഘടകമാണ് കരാര്‍. അതിന്റെ തുടര്‍ച്ചയായാണ് ദോഹയില്‍ ഇന്ന് വീണ്ടും സമാധാന ചര്‍ച്ചകള്‍ക്ക് തുടക്കമാകുന്നത്.

error: Content is protected !!