
ദോഹ: അഫ്ഗാനിസ്താന്‍ സമാധാന ചര്‍ച്ചകള്‍ക്ക് ദോഹയില്‍ തുടക്കമായി. വിവിധ അഫ്ഗാന്‍ കക്ഷികള്‍ നേരിട്ട് പങ്കെടുക്കുന്ന സുപ്രധാന ചര്‍ച്ചയില്‍ ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനിയും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും പങ്കെടുക്കുന്നുണ്ട്. അഫ്ഗാന്‍ സര്‍ക്കാരിനെ പ്രതിനിധീകരിച്ച് അബ്ദുല്ല അബ്ദുല്ലയും താലിബാനുവേ്ണ്ടി രാഷ്ട്രീയകാര്യ ഓഫീസ് മേധാവി മുല്ല അബ്ദുല്‍ഗാനി ബരദാറും പങ്കെടുക്കുന്നു. ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ ഉള്‍പ്പടെ പതിനാല് രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും വിര്‍ച്വല്‍ രീതിയില്‍ ഉദ്ഘാടന സെഷനില്‍ പങ്കെടുത്തു. അഫ്ഗാന്റെ പരമാധികാരത്തെയും പ്രാദേശിക സമഗ്രതയേയും ബഹുമാനിച്ചുകൊണ്ട് അഫ്ഗാന്റെ നേതൃത്വത്തിലും ഉടമസ്ഥതയിലും നിയന്ത്രണത്തിലുമായിരിക്കണം സമാധാന പ്രക്രിയ നടക്കേണ്ടതെന്നാണ് ഇന്ത്യ വിശ്വസിക്കുന്നതെന്ന് ഡോ.എസ്.ജയശങ്കര്‍ ചൂണ്ടിക്കാട്ടി. നോര്‍വെ വിദേശകാര്യമന്ത്രി ഇനെ എറിക്‌സണ്‍ സോറിദെ, ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി, തുര്‍ക്കിഷ് വിദേശകാര്യമന്ത്രി മെവ്‌ലുത് കവുസോഗ്ലു, പാക് വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷി, ഇന്തോനേഷ്യന്‍ വിദേശകാര്യമന്ത്രി റെത്‌നോ മര്‍സുദി, യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്, നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്‌റ്റോള്‍റ്റെന്‍ബര്‍ഗ് തുടങ്ങിയവര്‍ വിര്‍ച്വല്‍ രീതിയില്‍ പങ്കെടുത്തു. വിജയികളോ പരാജിതരോ ഇല്ല എന്ന ആശയത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം അഫ്ഗാന്‍ സര്‍ക്കാരും താലിബാനും തമ്മിലുള്ള ചരിത്രപരമായ ചര്‍ച്ചകള്‍ നടക്കേണ്ടതെന്ന് ആമുഖ പ്രഭാഷണത്തില്‍ ഖത്തര്‍ വിദേശകാര്യമന്ത്രി പറഞ്ഞു. ചര്‍ച്ചകള്‍ക്ക് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ ആശംസയും അദ്ദേഹം അറിയിച്ചു. അഫ്ഗാനിസ്താനില്‍ ചര്‍ച്ചകളുടെയും ശാശ്വതമായ സമാധാനത്തിന്റെയും ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് അന്താരാഷ്ട്ര സമൂഹവുമായി സഹകരിക്കുന്നതില്‍ ഖത്തര്‍ ഒരമാന്തവും കാട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സൈനിക ശക്തി ഉപയോഗിച്ച് ഒരിക്കലും അഫ്ഗാനിസ്താനിലെ സംഘര്‍ഷം പരിഹരിക്കാന്‍ കഴിയില്ലെന്ന് ചരിത്രം വീണ്ടും വീണ്ടും പഠിപ്പിച്ചു. അടിയന്തരവും ശാശ്വതവുമായ വെടിനിര്‍ത്തല്‍ സ്വീകരിക്കുന്നതിലൂടെയും സൃഷ്ടിപരമായ സംഭാഷണത്തിനു വഴിയൊരുക്കുന്നതിലൂടെയുമാണ് സംഘര്‍ഷം പരിഹരിക്കാന്‍ കഴിയൂ. സമഗ്രമായ രാഷ്ട്രീയ ഒത്തുതീര്‍പ്പ് നേടുന്നതിനുള്ള ചര്‍ച്ചകളിലൂടെയെ സമാധാനം സാധ്യമാകു. ബന്ധപ്പെട്ട കക്ഷികള്‍ നിലവിലെ വെല്ലുവിളികള്‍ക്കനുസൃതമായി നിര്‍ണായക തീരുമാനമെടുക്കുകയും എല്ലാത്തരം വിഭജനങ്ങള്‍ക്കും മുകളില്‍ ഉയരുകയും വേണം. വിജയത്തിന്റെയോ പരാജയത്തിന്റെയോ അടിസ്ഥാനത്തിലല്ലാതെ കരാറിലെത്തുകയാണ് വേണ്ടതെന്നും ഖത്തര്‍ വിദേശകാര്യമന്ത്രി പറഞ്ഞു. വിവാദപരമായ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് അഫ്ഗാന്‍ ജനതയ്ക്ക് ഈ ചര്‍ച്ചകള്‍ സുപ്രധാനവും നിര്‍ണായകവുമാണെന്നും കൂട്ടിച്ചേര്‍ത്തു. അഫ്ഗാനില്‍ സമാധാനം പുനസ്ഥാപിക്കുന്നതില്‍ ഖത്തര്‍ നല്‍കുന്ന പിന്തുണ പ്രശംസനീയമാണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തു കൊണ്ട് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു. അക്രമം അവസാനിപ്പിച്ച് അഫ്ഗാനിലെ എല്ലാ സമൂഹങ്ങളുടേയും ക്ഷേമം ഉറപ്പാക്കുന്ന കരാറിലേക്ക് എത്തിച്ചേരണമെന്നും പോംപിയോ ആഹ്വാനം ചെയ്തു. ചര്‍ച്ചകള്‍ക്ക് ആതിഥ്യമൊരുക്കിയതിന് അമീറിനോടു നന്ദിയുണ്ടെന്ന് താലിബാന്റെ ഖത്തറിലെ രാഷ്ട്രീയകാര്യ ഓഫീസ് മേധാവി മുല്ല അബ്ദുല്‍ഗാനി ബരാദര്‍ പറഞ്ഞു. അഫ്ഗാനില്‍ സമാധാനപ്രക്രിയ്യ കൈവരിക്കുന്നതില്‍ ഖത്തറിന്റെ പങ്കിനെയും അദ്ദേഹം പ്രശംസിച്ചു. ചര്‍ച്ചകളിലൂടെ അഫ്ഗാനിസ്താന്റെ ഭാവിക്കായി സമാധാനവും സുസ്ഥിരതയും കെട്ടിപ്പടുക്കാനുള്ള താലിബാന്റെ ആഗ്രഹത്തെ അദ്ദേഹം ഊന്നിപ്പറഞ്ഞു. 19 വര്‍ഷം നീണ്ട യുദ്ധവും സംഘര്‍ഷവും അവസാനിപ്പിക്കുന്നതിനും അഫ്ഗാനിസ്താനില്‍ സമാധാനം ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടാണ് ദോഹയില്‍ വീണ്ടും ചര്‍ച്ചകള്‍ക്ക് തുടക്കമായത്.