ദോഹ: അഫ്ഗാനിസ്താനില്‍ നിന്നും ഖത്തറിലേക്ക് സുരക്ഷിതമായി ഒഴിപ്പിച്ച അഫ്ഗാന് വനിതാ റോബോട്ടിക്സ് ടീമിലെ മുഴുവന്‍പേര്‍ക്കും ഖത്തര്‍ ഫൗണ്ടേഷന്റെ എജ്യൂക്കേഷന്‍ സിറ്റിയില്‍ സ്കോളര്‍ഷിപ്പോടെ പഠനം തുടരാന്‍ സൗകര്യമൊരുക്കി. ഖത്തര്‍ ഫണ്ട് ഫോര്‍ ഡെവലപ്മെന്റും(ക്യുഎഫ്എഫ്ഡി) ഖത്തര്‍ ഫൗണ്ടേഷനും സംയുക്തമായാണ് സ്കോളര്‍ഷിപ്പിന് ഫണ്ട് അനുവദിക്കുന്നത്.
അഫ്ഗാനിസ്താന് താലിബാന് ഏറ്റെടുത്തതിനെത്തുടര്‍ന്നാണ് അഫ്ഗാന് ഡ്രീമേഴ്സ് എന്നറിയപ്പെടുന്ന ടീമിനെ പ്രത്യേക വിമാനത്തില്‍ ദോഹയിലേക്ക് കൊണ്ടുവന്നത്. അവര്‍ ഇപ്പോള്‍ എജ്യൂക്കേഷന്‍ സിറ്റിയിലാണ് താമസിക്കുന്നത്. അവര്‍ക്ക് അവിടെ തന്നെ പഠനം തുടരാനാകും. റോബോട്ടിക്സ് ടീമിലെ അംഗങ്ങള്‍ക്ക് അവരുടെ ഹൈസ്കൂള്‍ പഠനം തുടരുന്നതിലും ഉന്നത വിദ്യാഭ്യാസത്തിന് തയ്യാറെടുക്കുന്നതിലും ഖത്തര്‍ ഫൗണ്ടേഷന് പിന്തുണ നല്‍കും. ഓരോരുത്തരുടെയും വിദ്യാഭ്യാസ മൂല്യനിര്‍ണ്ണയത്തെയും ലക്ഷ്യങ്ങളെയും അടിസ്ഥാനമാക്കിയായിരിക്കും തുടര്‍വിദ്യാഭ്യാസം.
ഇവര്‍ക്ക് റോബോട്ടിക്സ് പരിശീലനം തുടരുന്നതിനും സൗകര്യമുണ്ടായിരിക്കും. ഖത്തര്‍ ഫൗണ്ടേഷന്റെ കീഴിലുള്ള ഹമദ് ബിന്‍ ഖലീഫ യൂണിവേഴ്സിറ്റി, പങ്കാളിത്ത യൂണിവേഴ്സിറ്റികളായ ടെക്സാസ് എ ആന്റ് എം, കാര്‍നീജ് മെലണ്‍ എന്നിവിടങ്ങളിലെ സൗകര്യങ്ങളും വൈദഗ്ദ്ധ്യവും അവര്‍ക്ക് ഇതിനായി ഉപയോഗപ്പെടുത്താനാകും. അഫ്ഗാന് ഡ്രീമേഴ്സിന്റെ മാതൃ സംഘടനയായ ഡിജിറ്റല്‍ സിറ്റിസണ്‍ ഫണ്ട് ഖത്തര്‍ സര്‍ക്കാരുമായി സഹകരിച്ച് ആവശ്യമായ വിസാ നടപടികള്‍ പൂര്‍ത്തിയാക്കിയതോടെയാണ് വിദ്യാര്‍ഥികള്‍ക്ക് ഖത്തറിലേക്ക് തിരിക്കാനായത്. സര്‍ഗാത്മകമായ കഴിവുകളുള്ള ഈ വിദ്യാര്‍ഥികള്‍ അനിശ്ചിതത്വത്തിന്റെയും പ്രക്ഷുബ്ധതയുടെയും കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്.
വര്‍ത്തമാനകാലത്ത് അവരുടെ ആശങ്കകള്‍ ലഘൂകരിക്കാനും ഭാവിയിലേക്ക് നോക്കാന്‍ അവരെ സഹായിക്കുന്നതിനും കഴിയുന്നതെല്ലാം ചെയ്യാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് ഖത്തര്‍ ഫൗണ്ടേഷന് വൈസ് ചെയര്‍പേഴ്സണും സിഇഒയുമായ ശൈഖ ഹിന്ദ് ബിന്ത് ഹമദ് അല്‍താനി പറഞ്ഞു. എജ്യുക്കേഷന്‍ സിറ്റിയില്‍ പഠനത്തിന് സ്കോളര്‍ഷിപ്പുകള്‍ നല്‍കുന്നതിലൂടെ അവര്‍ക്ക് വിദ്യാഭ്യാസം ഇപ്പോള്‍ തടസ്സമില്ലാതെ തുടരാനാകും. ഖത്തര്‍ ഫൗണ്ടേഷന്റെ സ്കൂളുകളിലും പ്രീ-യൂണിവേഴ്സിറ്റി പ്രിപ്പറേറ്ററി പ്രോഗ്രാമിലും അവരുടെ കഴിവുകള്‍ക്കും ലക്ഷ്യങ്ങള്‍ക്കും ഏറ്റവും അനുയോജ്യമായ പഠനാനുഭവം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. ഇതിനായുള്ള വിലയിരുത്തലുകള്‍ നടന്നുവരികയാണ്.
ഈ പ്രയാസകരമായ കാലഘട്ടം വിദ്യാഭ്യാസത്തെ ബാധിക്കില്ലെന്നു അവരെ മനസിലാക്കി ആത്മവിശ്വാസം വളര്‍ത്തുന്നതിനും അവരുടെ സുരക്ഷിതത്വത്തിനും പരിചരണത്തിനുമാണ് പ്രാധാന്യം നല്‍കുന്നതെന്നും ശൈഖ ഹിന്ദ് പറഞ്ഞു. ക്യുഎഫും ക്യുഎഫ്എഫ്ഡിയും സംയുക്തമായി ധനസഹായം നല്കുന്ന വിദ്യാഭ്യാസ പരിപാടി അഫ്ഗാനി വിദ്യാര്‍ത്ഥികള്‍ക്ക് നൈപുണ്യവും അറിവും നേടാന്‍ പ്രാപ്തമാക്കുമെന്ന് ക്യുഎഫ്എഫ്ഡി ഡയറക്ടര്‍ ജനറല്‍ ഖലീഫ ബിന്‍ ജാസിം അല്‍കുവാരി പറഞ്ഞു.