
ദോഹ: ഖത്തറിന്റെ കൊറോണ വൈറസ്(കോവിഡ്-19) പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനീയമെന്ന് ആഫ്രിക്കന്‍ ഗ്രൂപ്പ് ഓഫ് അംബാസഡേഴ്‌സ്.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഖത്തര്‍ സര്‍ക്കാറിന്റെ ദര്‍ശനാത്മക നേതൃത്വത്തെയും രാജ്യത്തെ ജനങ്ങളുടെ ജീവിതവും ഉപജീവനവും സംരക്ഷിക്കുന്നതിനായി നടത്തിയ വളരെ വിപുലവും സമയോചിതവുമായ ഇടപെടലിനെയും അംബാസഡര്‍മാര്‍ പ്രശംസിച്ചു.
മഹാമാരിക്കെതിരായ പോരാട്ടത്തിന്റെ വേദിയെന്ന നിലയില്‍ ഖത്തറിന് അന്തസ്സും ബഹുമാനവും ഉയര്‍ത്താനയതായും അമീറിന്റെ വൈജ്ഞാനിക, ദാര്‍ശനിക നേതൃത്വത്തിന് നന്ദി അറിയിക്കുന്നതായും ആഫ്രിക്കന്‍ ഗ്രൂപ്പ് പ്രസിഡന്റും ഖത്തറിലെ സെനഗല്‍ അംബാസഡറുമായ മമാദോ മമൂദോ സാല്‍ പ്രസ്താവനയില്‍ പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും പത്തുലക്ഷത്തിലധികം യാത്രക്കാരെ സ്വദേശങ്ങളിലേക്ക് മടക്കിയെത്തിക്കുകയും കോവിഡ് ബാധിത രാജ്യങ്ങളിലേക്കുള്‍പ്പടെ ഒരുലക്ഷത്തിലധികം മെട്രിക് ടണ്‍ വൈദ്യസഹായവും മറ്റു സഹായങ്ങളും എത്തിക്കുകയും ചെയ്ത ഖത്തര്‍ എയര്‍വേയ്‌സിന്റെ പ്രവര്‍ത്തനങ്ങളെയും അംബാസഡര്‍മാര്‍ പ്രശംസിച്ചു.
കോവിഡിനെ നേരിടുന്നതില്‍ ഫ്രണ്ട്‌ലൈനില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഒരുലക്ഷം റൗണ്ട്ട്രിപ്പ് എയര്‍ടിക്കറ്റുകള്‍ സൗജന്യമായി നല്‍കുന്ന പദ്ധതിയെയും സ്വാഗതം ചെയ്തു. രാജ്യത്തിനകത്ത് കോവിഡ് വ്യാപനം എവിടെയൊക്കെ എപ്പോഴൊക്കെ സംഭവിക്കാനിടയുണ്ടോ അവിടെയൊക്കെ തടയുന്നതിനുള്ള വിപുലമായ പ്രതിരോധ, മുന്‍കരുതല്‍ നടപടികളും മാര്‍ഗനിര്‍ദേശങ്ങളും പ്രോട്ടോക്കോളുമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്.
രാജ്യത്തിന്റേത് അനുകരണീയമായ പ്രവര്‍ത്തനങ്ങളാണ്, ഒപ്പം കയ്യടിയും അര്‍ഹിക്കുന്നു- അംബാസഡര്‍ പ്രസ്താവനയില്‍ പറഞ്ഞു. ആസ്പത്രികളും പരിശോധന സൗകര്യങ്ങളും ഉള്‍പ്പെടെ ഖത്തറിന്റെ ആരോഗ്യസംരക്ഷണ സംവിധാനത്തിന്റെ ഏറ്റവും ഉയര്‍ന്ന നിലവാരത്തെയും അംബാസഡര്‍മാര്‍ പ്രശംസിച്ചു.
പോസിറ്റീവ് കേസുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഏറ്റവും കുറഞ്ഞ മരണങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്ന ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നായി ഖത്തറിനെ മാറ്റുന്നതാണ് ഈ പ്രവര്‍ത്തനങ്ങളെന്നും പ്രസ്താവനയില്‍ വിശദീകരിച്ചു.
കോവിഡ് മഹാമാരിയെ നേരിടുന്നതില്‍ മെഡിക്കല്‍ സഹായത്തിന്റെ രൂപത്തിലോ മറ്റു ലോജിസ്റ്റിക്‌സ് സഹായങ്ങളായോ ആഫ്രിക്കന്‍ സര്‍ക്കാരുകള്‍ക്ക് നല്‍കുന്ന പിന്തുണയെ അംഗീകരിക്കാനും അഗാധമായി അഭിനന്ദിക്കാനും ആഗ്രഹിക്കുന്നതായും അംബാസഡര്‍മാര്‍ പറഞ്ഞു.
ഈ പിന്തുണയും അതുവഴിയുള്ള വിഭവങ്ങളും സംശയലേശമന്യെ ആ രാജ്യങ്ങളിലെ ഓരോ ഗുണഭോക്താവിനെയും നിവാസികളെയും മികച്ച രീതിയില്‍ സംരക്ഷിക്കുന്നതിനുള്ള ശേഷി വര്‍ദ്ധിപ്പിച്ചതായും ചൂണ്ടിക്കാട്ടി.
ഖത്തര്‍ ചാരിറ്റി ഉള്‍പ്പടെ വിവിധ ഏജന്‍സികള്‍ ആഫ്രിക്കന്‍ സമൂഹങ്ങള്‍ക്ക് നല്‍കിയ പിന്തുണയും എടുത്തുപറഞ്ഞു. ഖത്തര്‍ സര്‍ക്കാരുമായി എല്ലാ മേഖലകളിലും കൂടുതല്‍ സഹകരിക്കാനുള്ള സന്നദ്ധതയും സൂചിപ്പിച്ചു.