in

ഉപരോധത്തിനുശേഷം തുടങ്ങിയത് 47,000 കമ്പനികള്‍, 293 ഫാക്ടറികള്‍

ആര്‍ റിന്‍സ്
ദോഹ

മൂന്ന് വര്‍ഷം മുമ്പ് ഖത്തറിന് മേല്‍ ഏര്‍പ്പെടുത്തിയ അന്യായമായ ഉപരോധത്തില്‍ തളരാതെ അതിവേഗം ബഹുദൂരം ഖത്തര്‍ മുന്നോട്ട്. സഊദി സഖ്യരാജ്യങ്ങളുടെ ഖത്തറിനെതിരായ ഉപരോധം ഇന്ന് മൂന്നു വര്‍ഷം പൂര്‍ത്തിയാകുന്നു. നാലാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ എല്ലാ മേഖലകളിലും രാജ്യം കുതിക്കുകയാണ്. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ ദ്രുതഗതിയിലുള്ള വളര്‍ച്ചയെ മന്ദീഭവിപ്പിക്കാന്‍ ഉപരോധത്തിന് ഒരുതരത്തിലും സാധിച്ചിട്ടില്ല. പ്രതികൂല പ്രത്യാഘാതങ്ങളെ നേട്ടങ്ങളിലേക്ക് മാറ്റാന്‍ രാജ്യത്തിനായി. ഉപരോധത്തിനുശേഷം ഖത്തറില്‍ പുതിയതായി 47,000 കമ്പനികളാണ് സ്ഥാപിക്കപ്പെട്ടത്. ഖത്തറില്‍ കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കാനായിട്ടുണ്ട്.
നിക്ഷേപസൗഹൃദ അന്തരീക്ഷമാണ് രാജ്യത്തുള്ളത്. ഇതിനായി നിയമനിര്‍മാണങ്ങളും മറ്റു നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഉപരോധത്തിനുശേഷം 293 പുതിയ ഫാക്ടറികളും സ്ഥാപിച്ചിട്ടുണ്ട്. പ്രാദേശിക വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം പുതിയ വ്യവസായങ്ങള്‍ക്കുള്ള നടപടിക്രമങ്ങള്‍ സുഗമമാക്കുകയും ചെയ്തിട്ടുണ്ട്.
2019 അവസാനത്തോടെ എല്ലാ വ്യവസായ മേഖലകളിലുമായി 1464 വ്യാവസായിക സ്ഥാപനങ്ങളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2016 അവസാനത്തില്‍ 1171 സ്ഥാപനങ്ങളായിരുന്നു രജിസ്റ്റര്‍ ചെയ്തത്. ഉപരോധത്തെ പരാജയപ്പെടുത്തുന്നതിലും സാമ്പത്തികവികസനത്തില്‍ പങ്കാളികളാകുന്നതിലും സ്വകാര്യമേഖലക്ക് സുപ്രധാന പങ്കുണ്ട്. ഉപരോധ കാലഘട്ടത്തില്‍ സ്വകാര്യ മേഖലയുടെ കയറ്റുമതിയില്‍ വര്‍ധനവുണ്ടായിട്ടുണ്ട്.
ഖത്തറിന്റെ തദ്ദേശീയ ത്പന്നങ്ങള്‍ പല വിദേശവിപണികളിലേക്കും എത്തിച്ചേര്‍ന്നു. ഉപരോധത്തെ ഖത്തര്‍ ഫലപ്രദമായി പരാജയപ്പെടുത്തിയതിന്റെ വ്യക്തമായ തെളിവാണിത്. പ്രതിസന്ധികള്‍ക്കെതിരായ ശക്തമായതും ഊര്‍ജ്ജസ്വലവുമായ സമ്പദ്വ്യവസ്ഥയാണ് ഖത്തറിന്റേതെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെന്ന് ഖത്തര്‍ ചേംബര്‍ ചെയര്‍മാന്‍ ശൈഖ് ഖലീഫ ബിന്‍ ജാസിം അല്‍താനി ചൂണ്ടിക്കാട്ടുന്നു. ലോക ബാങ്ക് ഫണ്ടിന്റെ കണക്കനുസരിച്ച് ഖത്തര്‍ വളര്‍ച്ചയുടെ വേഗത നിലനിര്‍ത്തുന്നത് തുടരുകയാണ്. ഉപരോധത്തെ പരാജയപ്പെടുത്താനും സാമ്പത്തിക നേട്ടങ്ങളാക്കി മാറ്റാനും നിരവധി ഘടകങ്ങള്‍ രാജ്യത്തെ സഹായിച്ചിട്ടുണ്ട്.
സാമ്പത്തിക- നിയമനിര്‍മ്മാണ അന്തരീക്ഷം, മികച്ച തന്ത്രപരമായ പദ്ധതികള്‍, എല്ലാ സ്ഥാപനങ്ങളും തമ്മിലുള്ള സഹകരണം, സൗഹൃദ രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധം എന്നിവയുള്‍പ്പടെ വിവിധ ഘടകങ്ങളാണ് ഖത്തറിന് ഗുണകരമായത്. ഉപരോധം ഖത്തരി ബിസിനസുകാര്‍ക്ക് അവരുടെ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനും പുതിയ വ്യവസായങ്ങളില്‍ നിക്ഷേപം നടത്തുന്നതിനും ശക്തമായ പ്രചോദനം നല്‍കി. രാജ്യത്തിന്റെ സാമ്പത്തിക തന്ത്രങ്ങള്‍ ത്വരിതപ്പെടുത്താനും കാര്‍ഷിക, വ്യാവസായിക പദ്ധതികള്‍ വികസിപ്പിക്കാനും ബാഹ്യ നിക്ഷേപം വര്‍ദ്ധിപ്പിക്കാനും പ്രാദേശിക നിക്ഷേപം പ്രോത്സാഹിപ്പിക്കാനും പ്രാദേശിക വിപണിയിലേക്ക് കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കാനും ഉപരോധം സഹായകമായിട്ടുണ്ട്.
പ്രാദേശിക വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിനും സൗഹൃദ രാജ്യങ്ങളുമായുള്ള ബന്ധം വര്‍ധിപ്പിക്കുന്നതിനും ലോകമെമ്പാടുമുള്ള രാജ്യങ്ങളുമായുള്ള വ്യാപാരം സജീവമാക്കുന്നതിനും രാജ്യം സ്വകാര്യമേഖലയ്ക്ക് കൂടുതല്‍ പ്രോത്സാഹനങ്ങള്‍ നല്‍കുന്നുണ്ട്്. ഉപരോധം സമ്പദ് വ്യവസ്ഥയെ ബാധിക്കാത്ത വിധം പ്രാദേശിക ഉത്പാദനം വര്‍ധിപ്പിക്കുകയാണ് ഖത്തര്‍. എല്ലാ മേഖലകളിലും ഖത്തര്‍ സ്വയം പര്യാപ്തതയിലേക്ക് നടന്നടുക്കുകയാണ്. ഹമദ് തുറമുഖത്തില്‍ നിന്ന് ഇന്ത്യന്‍ തുറമുഖങ്ങളിലേക്ക് ഉള്‍പ്പെടെ നേരിട്ടുള്ള കപ്പല്‍ സര്‍വീസുകള്‍ ശക്തിപ്പെടുത്തി.
കയറ്റുമതി, ഇറക്കുമതി ത്വരിതപ്പെടുത്തി. വ്യോമപാത ഉപരോധിച്ചെങ്കിലും ദേശീയ എയര്‍ലൈനായ ഖത്തര്‍ എയര്‍വേയ്സ് പാക്കിസ്താന്‍, ഇറാന്‍ വ്യോമ പാതകള്‍ ഉപയോഗിച്ച് കൂടുതല്‍ രാജ്യങ്ങളിലേക്ക് സര്‍വീസ് വര്‍ധിപ്പിക്കുകയും ചെയ്തു. തീവ്രവാദ ബന്ധം ഉള്‍പ്പടെയുള്ള അടിസ്ഥാനരഹിത ആരോപണങ്ങളുടെ പേരില്‍ 2017 ജൂണ്‍ അഞ്ചിനാണ് സഊദി അറേബ്യ, യുഎഇ, ബഹ്റൈന്‍, ഈജിപ്ത് എന്നീനാലു രാജ്യങ്ങള്‍ ചേര്‍ന്ന് കര, വ്യോമ, സമുദ്ര പാതകള്‍ അടച്ചു കൊണ്ട് ഖത്തറിന് മേല്‍ സ്മ്പൂര്‍ണ ഉപരോധം അടിച്ചേല്‍പ്പിച്ചത്. ഉപരോധം പിന്‍വലിക്കാന്‍ സഊദി സഖ്യരാജ്യങ്ങള്‍ അല്‍ജസീറ അടച്ചുപൂട്ടണമെന്നതടക്കമുള്ള പതിമൂന്നിന ഉപാധികള്‍ മുന്നോട്ടുവെച്ചെങ്കിലും ഖത്തര്‍ അംഗീകരിച്ചില്ല.
രാജ്യത്തിന്റെ പരമാധികാരവും സ്വാതന്ത്ര്യവും അംഗീകരിച്ചുകൊണ്ടുള്ള നിരുപാധികമായ ചര്‍ച്ചകള്‍ക്കുള്ള സന്നദ്ധത ഖത്തര്‍ ആവര്‍ത്തിച്ചുവ്യക്തമാക്കിയിട്ടുണ്ട്.പ്രതിസന്ധി പരിഹരിക്കാന്‍ കുവൈത്ത് അമീര്‍ ശൈഖ് ജാബര്‍ അല്‍ അഹമ്മദ് അല്‍ സബാഹാണ് മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത്.
അമേരിക്ക, ഫ്രാന്‍സ്, റഷ്യ, തുര്‍ക്കി, ജര്‍മ്മനി ഉള്‍പ്പടെയുള്ള പ്രമുഖ രാജ്യങ്ങളെല്ലാം മധ്യസ്ഥതക്ക് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. പരസ്പര ബഹുമാനത്തിലധിഷ്ഠിതമായി ഉപാധികളില്ലാതെയുള്ള ചര്‍ച്ചകള്‍ക്കുള്ള സന്നദ്ധത ഖത്തര്‍ ആവര്‍ത്തിക്കുന്നുണ്ട്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

കോവിഡ് രോഗിയില്‍ ഓപ്പണ്‍ ഹാര്‍ട്ട് ശസ്ത്രക്രിയ വിജയകരമായി നടത്തി

അല്‍ജസീറ അല്‍ അറബിയ സ്ട്രീറ്റ് ഗതാഗതത്തിനായി തുറന്നു