in ,

അനധികൃത വിസ കച്ചവടത്തിനെതിരെ ഖത്തര്‍ ആഭ്യന്തരമന്ത്രാലയം

തൊഴിലാളികളുടെ ഒളിച്ചോട്ട കേസുകള്‍ക്കായി ഹമദ് വിമാനത്താവളത്തില്‍ പ്രത്യേക ഓഫീസ്

ദോഹ: നിയമവിരുദ്ധ വിസ വ്യാപാരത്തിനെതിരെ ശക്തമായ നടപടികളുമായി ഖത്തര്‍ ആഭ്യന്തര മന്താലയം. തൊഴിലാളികളുടെ ഒളിച്ചോട്ടത്തിനെതിരെയും മുന്നറിയിപ്പ്. ഒളിച്ചോടിയ തൊഴിലാളികളെ താമസിപ്പിക്കുന്നവര്‍ക്കെതിരെയും കര്‍ശനനടപടി സ്വീകരിക്കും. ഒളിച്ചോട്ടം ഉള്‍പ്പടെയുള്ള കേസുകള്‍ കൈകാര്യം ചെയ്യുന്നതിനായി ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ പുതിയ ഓഫീസ് തുറക്കാനും തീരുമാനം. ആഭ്യന്തരമന്ത്രാലയത്തിന്റെ സേര്‍ച്ച് ആന്റ് ഫോളോഅപ്പ് വകുപ്പ് സംഘടിപ്പിച്ച വെബിനാറിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. മന്ത്രാലയത്തിലെ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ സഹകരണത്തോടയായിരുന്നു വെബിനാര്‍. ഭരണനിര്‍വഹണ ജീവനക്കാര്‍, ഹ്യൂമന്‍ റിസോഴ്‌സ് മാനേജര്‍മാര്‍, ഗവണ്‍മെന്റ് റിലേഷന്‍സ് ഓഫീസര്‍മാര്‍, സ്വകാര്യ കമ്പനികളില്‍ നിന്നും സ്ഥാപനങ്ങളില്‍നിന്നുമുള്ള പ്രതിനിധികള്‍ എന്നിവരടക്കം 300ലധികം പേര്‍ പങ്കെടുത്തു.
അനധികൃത വിസ വ്യാപാരത്തിലേര്‍പ്പെടുന്നവര്‍ക്ക് പരമാവധി മൂന്നുവര്‍ഷം വരെ തടവ് ലഭിക്കും. ഇതോടൊപ്പം പിഴയും ലഭിച്ചേക്കാം. ആദ്യതവണ പിടിക്കപ്പെട്ടാല്‍ 50,000 റിയാല്‍ വരെയും കുറ്റം ആവര്‍ത്തിച്ചാല്‍ ഒരു ലക്ഷം റിയാലുമാണ് പിഴ. നിയമവിരുദ്ധ നടപടികള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഫോളോഅപ്പ് ആന്റ് ടെക്‌നിക്കല്‍ ഓഫീസിലെ ഉദ്യോഗസ്ഥന്‍ ഫസ്റ്റ് ലെഫ്റ്റനന്റ് അഹമ്മദ് അബ്ദുല്ല സലേം ഗുരാബ് അല്‍മര്‍റി നിര്‍ദേശിച്ചു.

തൊഴിലാളികളുടെ ഒളിച്ചോട്ട കേസുകള്‍ കൈകാര്യം ചെയ്യാന്‍ ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ പുതിയ ഓഫീസ് ഉടന്‍ തുറക്കും. സേര്‍ച്ച് ആന്റ് ഫോളോഅപ്പ് വകുപ്പുമായി ഓഫീസിനെ ബന്ധിപ്പിക്കും. ഒളിച്ചോട്ട പരാതികള്‍ കൈകാര്യം ചെയ്യുന്നതിനും ഇടപാടുകള്‍ വേഗത്തിലാക്കുന്നതിനുമായാണ് ഓഫീസ്. തൊഴിലാളികളുടെ ഒളിച്ചോട്ടവുമായി ബന്ധപ്പെട്ട് ഭരണവികസന തൊഴില്‍ സാമൂഹ്യകാര്യ മന്ത്രാലയവുമായി സഹകരിച്ചാണ് വകുപ്പ് പ്രവര്‍ത്തിക്കുന്നത്. ഒളിച്ചോട്ടവുമായി ബന്ധപ്പെട്ട പരാതികള്‍ വകുപ്പിനു ലഭിച്ചാല്‍ ഇക്കാര്യം തൊഴില്‍ മന്ത്രാലയത്തെ നേരിട്ട് അറിയിക്കും.

മുന്‍പ് ഈ സേവനമുണ്ടായിരുന്നില്ല. ഒളിച്ചോടിയ തൊഴിലാളികള്‍ക്ക് വേതനം നല്‍കേണ്ട ബാധ്യത കമ്പനിക്കില്ല. ഈയൊരുകാരണത്തിന്റെ പേരില്‍ തൊഴില്‍ മന്ത്രാലയം കമ്പനിയുടെ സേവനം നിര്‍ത്തുകയുമില്ല. റസിഡന്‍സ് പെര്‍മിറ്റ് പുതിയതായി അനുവദിക്കുന്നതിനോ പുതുക്കുന്നതിനോ ഉള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം തൊഴിലാളിക്ക് പാസ്പോര്‍ട്ട് കൈമാറുന്നില്ലെങ്കില്‍ 25,000 റിയാല്‍ വരെ പിഴയാണ് ഇക്കാര്യം തൊഴിലുടമകള്‍ ശ്രദ്ധിക്കണം.

റസിഡന്‍സി പെര്‍മിറ്റ് ഇഷ്യു ചെയ്യുന്നതോടെ പാസ്‌പോര്‍ട്ടുകള്‍ ജീവനക്കാര്‍ക്ക് കൈമാറാന്‍ തൊഴിലുടമകള്‍ തയാറാകണം. ക്രിമിനല്‍ എവിഡന്‍സ് ആ്ന്റ് ഇന്‍ഫര്‍മേഷന്‍ വകുപ്പിന്റെ സേവനങ്ങള്‍, നടപടിക്രമങ്ങള്‍, അധികാരപരിധി എന്നിവ വിശദീകരിക്കുന്ന മറ്റൊരു വെബിനാറും കഴിഞ്ഞദിവസം നടന്നു. കോവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ വകുപ്പ് രാവിലെ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ഈദുല്‍അദ്ഹക്കുശേഷം വൈകുന്നേരങ്ങളില്‍ വകുപ്പിന്റെ പ്രവര്‍ത്തനമുണ്ടാകുമെനന് പഠന- സാങ്കേതിക ഗവേഷണ വിഭാഗം തലവന്‍ ലെഫ്റ്റനന്റ് അബ്ദുല്‍അസീസ് സാലേഹ് അല്‍റാഷിദി പറഞ്ഞു. സ്വഭാവ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതും ക്രിമിനല്‍ വിവരങ്ങള്‍ ഓട്ടോമാറ്റിക്കായ രേഖപ്പെടുത്തുന്നതും വകുപ്പിന്റെ സേവനങ്ങളില്‍ ഉള്‍പ്പെടുന്നു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

കോവിഡ് നിയന്ത്രണ ഇളവ്:
വിവാഹങ്ങളില്‍ കൂടുതല്‍ പേര്‍ക്ക്, സിനിമാ തീയെറ്ററുകളില്‍ കുട്ടികള്‍ക്ക് പ്രവേശനം

അംഗീകൃത വാക്‌സിനെടുത്തവര്‍ക്ക് ഖത്തറില്‍ ഹോട്ടല്‍ ക്വാറന്റൈന്‍ ആവശ്യമില്ല