
ദോഹ: രാജ്യത്തൊട്ടാകെയുള്ള സാംസ്കാരിക ഗ്രാമങ്ങളുടെ തീരപ്രദേശങ്ങള്‍ വൃത്തിയാക്കുന്നതിനായുള്ള കരാറില്‍ ഖത്തര്‍ മ്യൂസിയംസ് ഒപ്പുവെച്ചു. മുനിസി്പ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തെ പ്രതിനിധീകരിച്ച് ശമാല്‍ മുനിസിപ്പാലിറ്റി, പ്രമുഖ എന്‍ജിനിയറിങ് കോണ്‍ട്രാക്റ്റിങ് കമ്പനിയായ സീഷോര്‍ ഗ്രൂപ്പ് എന്നിവയുമായി സഹകരണ കരാറിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്.
ഇതിന്റെ ഭാഗമായി അല്‍സുബാറ പുരാതന നഗരത്തില്‍ ഒരു വര്‍ഷത്തെ പ്രോഗ്രാമിന് തുടക്കംകുറിച്ചിട്ടുണ്ട്. ഖത്തരി പൈതൃകവും പരിസര പ്രദേശങ്ങളും സംരക്ഷിക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ഖത്തര്‍ മ്യൂസിയംസ് സിഇഒ അഹമ്മദ് മൂസ അല്നംലഹ്, അല്‍ശമാല്‍ മുനിസിപ്പാലിറ്റി ഡയറക്ടര്‍ ഹമദ് ജുമ അല്‍മന്നായി, സീഷോര്‍ ഗ്രൂപ്പ് സിഇഒ സലേം സഈദ് അല്‍മുഹന്നദി എന്നിവരാണ് കരാറില്‍ ഒപ്പുവെച്ചത്. കരാറിന്റെ ഭാഗമായി
പുരാതന നഗരമായ അല്‍സുബാറ ഉള്‍പ്പടെയുള്ള സാംസ്കാരിക ഗ്രാമങ്ങളുടെ തീരപ്രദേശങ്ങള്‍ വൃത്തിയാക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതി നടപ്പാക്കുന്നതിന് മൂന്ന് കൂട്ടരും ഒരു വര്‍ഷ കാലയളവില്‍ സഹകരിക്കും. സന്നദ്ധപ്രവര്‍ത്തകര്‍ക്കും സംരംഭത്തില്‍ പങ്കെടുക്കുന്നവര്‍ക്കും പിന്തുണയും നല്‍കും.
ഖത്തര്‍ മ്യൂസിയംസിന്റെ വിദഗ്ദ്ധര്‍ രാജ്യത്തിന്റെ സാംസ്കാരിക പ്രദേശങ്ങള്‍ സന്നദ്ധപ്രവര്‍ത്തകര്‍ക്ക് പരിചയപ്പെടുത്തുകയും തീരപ്രദേശങ്ങള്‍ വൃത്തിയാക്കുന്നതിന്റെ പ്രാധാന്യം വിശദീകരിക്കുകയും ചെയ്യും. സാംസ്കാരിക സൈറ്റുകള്‍ തിരിച്ചറിയുന്നതിനും പ്രദേശങ്ങളുടെ ചരിത്രപരമായ കാഴ്ചപ്പാടുകള്‍ ലഭ്യമാക്കുകയും ചെയ്യുന്ന ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ വികസിപ്പിക്കുകയും ചെയ്യും. ഖത്തറിന്റെ പൈതൃകത്തെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഖത്തര്‍ മ്യൂസിയംസ് വിവിധ തലങ്ങളില്‍ നടത്തിവരുന്നുണ്ട്. രാജ്യമെമ്പാടുമുള്ള സാംസ്കാരിക ഭവനങ്ങളെയും ഗ്രാമങ്ങളെയും സംരക്ഷിക്കുന്നതിനും പുനസ്ഥാപിക്കുന്നതിനും പുനരുജ്ജീവിപ്പിക്കുന്നതിനുമുള്ള പദ്ധതികള്‍ നിരന്തരം അവലോകനം ചെയ്യുന്നുണ്ടെന്നും ഖത്തര്‍ മ്യൂസിയംസ് വ്യക്തമാക്കി. പുരാതന പട്ടണങ്ങള്‍, വാച്ച് ടവറുകള്‍, ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള വാസസ്ഥലങ്ങള്‍ എന്നിവ ഉള്‍പ്പെടെ നിരവധി പൈതൃക സ്ഥലങ്ങള്‍ ഖത്തറിലുണ്ട്. രാജ്യത്തെ ഏറ്റവും പ്രശസ്തമായ പൈതൃക സൈറ്റുകളിലൊന്നാണ് അല്‍ സുബാറ പുരാവസ്തു കേന്ദ്രം. പതിനെട്ടാം നൂറ്റാണ്ടിലും പത്തൊന്‍പതാം നൂറ്റാണ്ടിലുമുള്ള ഗള്‍ഫ് വ്യാപാര നഗരത്തിന്റെ ഏറ്റവും മികച്ച സംരക്ഷിത ഉദാഹരണങ്ങളിലൊന്നാണിത്. 2013ല്‍ യുനെസ്കോയുടെ ലോക പൈതൃക സൈറ്റില്‍ അല്സുബാറയെ ഉള്‍പ്പെടുത്തിയിരുന്നു. ഖത്തറിലെ ഏറ്റവും വലിയ പൈതൃക സൈറ്റാണ് അല്‍സുബാറ. അതിമനോഹരമായ നഗര മതില്, പുരാതന പാര്‍പ്പിടങ്ങള്‍, കൊട്ടാരങ്ങള്‍, വീടുകള്‍, മാര്‍ക്കറ്റുകള്‍, വ്യാവസായിക മേഖലകള്‍, പള്ളികള്‍ എന്നിവയെല്ലാം അടങ്ങുന്നതാണ് അല്‍സുബാറ. ഫറൈഹ, റുവൈദ, ബര്‍സാന്‍, അല്‍ഖോര്‍ ടവേഴ്സ്, അല്റകായത് ഫോര്‍ട്ട്, റാസ് ബറൂഖ്, അല്ജസാസിയ എന്നിവയെല്ലാം പൈതൃക പ്രാധാന്യമുള്ള സ്ഥലങ്ങളാണ്.