Friday, September 18ESTD 1934

വിമാനടിക്കറ്റ്: ഐസിആര്‍എഫ് ചെക്ക് കൈമാറി

എയര്‍ഇന്ത്യയുടെ ബഹ്റൈന്‍, ജോര്‍ദാന്‍, ഈജിപ്ത് രാജ്യങ്ങളുടെ  ഉത്തരവാദിത്വമുള്ള കണ്‍ട്രി മാനേജര്‍ ആശിഷ് കുമാറിന് ഐസിആര്‍എഫ് ചെക്ക് കൈമാറുന്നു

മനാമ: നാട്ടിലേക്ക് മടങ്ങുന്നതിനായി വിമാനടിക്കറ്റിന്റെ ചെലവ് താങ്ങാന്‍ കഴിയാത്തവര്‍ക്കായി ഇന്ത്യന്‍ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട്(ഐസിആര്‍എഫ്) വാങ്ങിയ ടിക്കറ്റുകളുടെ തുക എയര്‍ഇന്ത്യക്ക് കൈമാറി. കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങുന്നവരില്‍ യാത്രച്ചെലവ് താങ്ങാനാകാത്തവര്‍ക്കാണ് ഐസിആര്‍എഫ് സഹായം ലഭ്യമാക്കുന്നത്. എയര്‍ഇന്ത്യയുടെ ബഹ്റൈന്‍, ജോര്‍ദാന്‍, ഈജിപ്ത് രാജ്യങ്ങളുടെ  ഉത്തരവാദിത്വമുള്ള കണ്‍ട്രി മാനേജര്‍ ആശിഷ് കുമാറിന് ചെക്ക് കൈമാറി. വന്ദേഭാരത് മിഷന്റെ ഭാഗമായ സര്‍വീസുകളിലും മറ്റ് ചാര്‍ട്ടേഡ് വിമാനങ്ങളിലുമായി 45ഓളം പേര്‍ക്ക് സ്വദേശത്തേക്ക് മടങ്ങാന്‍ ഐസിആര്‍എഫ് സഹായം നല്‍കിയിട്ടുണ്ട്. ഇത്തരമൊരു ലക്ഷ്യത്തിന് പിന്തുണ നല്‍കിയ സ്‌പോണ്‍സര്‍മാരോട് നന്ദിയുണ്ടെന്ന്  ഐസിആര്‍എഫ് ചെയര്‍മാന്‍ അരുള്‍ദാസ് തോമസ് പറഞ്ഞു. ഇന്ത്യയിലേക്ക് തിരികെ പോകേണ്ടവരില്‍ വിമാനടിക്കറ്റ് വാങ്ങാന്‍ കഴിയാത്തവരെ സഹായിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ ഐസിആര്‍എഫ് അംഗങ്ങളെ ബന്ധപ്പെടണം. ബഹ്റൈനിലെ ഇന്ത്യന്‍ തൊഴിലാളികളുടെ പൊതുക്ഷേമത്തിനായി ഇന്ത്യന്‍ അംബാസഡറുടെ രക്ഷാകര്‍തൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിതര, ലാഭരഹിത സംഘടനയാണ് ഐസിആര്‍എഫ്.

error: Content is protected !!