in ,

എയര്‍ഇന്ത്യ കണ്ണൂര്‍- ദോഹ വിമാനം റദ്ദായി; പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളുമടങ്ങുന്നവര്‍ വിമാനത്താവളത്തില്‍ കുടുങ്ങി

എയര്‍-ഇന്ത്യ ദോഹ വിമാനം റദ്ദായതിനെത്തുടര്‍ന്ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ കുടുങ്ങിയവരില്‍ ചിലര്‍

ഹോം ക്വാറന്റൈന്‍ കാലാവധി തീരുന്നത് യാത്രക്കാരെ ബാധിക്കും

അശ്‌റഫ് തൂണേരി/ദോഹ:
ദോഹയിലേക്കുള്ള എയര്‍ഇന്ത്യ വിമാനം മുടങ്ങിയതിനാല്‍ 170-ഓളം യാത്രക്കാര്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ അനിശ്ചിതാവസ്ഥയില്‍. പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളുമടങ്ങുന്ന കുടുംബങ്ങളാണ് യാത്രക്കാരില്‍ ഭൂരിപക്ഷവും. എയര്‍ഇന്ത്യ എക്‌സ്പ്രസ്സ് ഐ എക്‌സ് 1773 ആണ് റദ്ദായത്. ഇന്ന് രാത്രി ഇന്ത്യന്‍ സമയം എട്ടേ പത്തോടെ കണ്ണൂരില്‍ നിന്ന് പുറപ്പെട്ട് ഖത്തര്‍ സമയം രാത്രി ഒമ്പതേ അമ്പതിന് ദോഹയിലെത്തേണ്ടതായിരുന്നു ഈ വിമാനം. ഫെബ്രുവരി 14 മുതല്‍ അപകട സാധ്യത കൂടുതലുള്ള (റെഡ് സോണ്‍) രാജ്യങ്ങളില്‍ നിന്നെത്തുന്ന എല്ലാവര്‍ക്കും ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കുന്ന വ്യവസ്ഥ കൂടി ഖത്തര്‍ ആരോഗ്യന്ത്രാലയം നിര്‍ബന്ധമാക്കിയതോടെ ഹോം ക്വാറന്റൈന്‍ ലഭിച്ചവര്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് നിസ്സഹായരായി മടങ്ങേണ്ടി വരുന്നത്. യാത്രക്കാര്‍ക്ക് ബോര്‍ഡിംഗ് പാസ് ഉള്‍പ്പെടെ നല്‍കിയ ശേഷമായിരുന്നു വിമാനം പുറപ്പെടാനാവില്ലെന്ന അറിയിപ്പ് വന്നത്.
യാത്ര മുടങ്ങുന്നത് സംബന്ധിച്ച് നേരത്തെ അറിയിക്കാനോ ഉത്തരവാദിത്വത്തോടെ ഇടപെടാനോ എയര്‍ഇന്ത്യ അധികൃതര്‍ തയ്യാറാവുന്നില്ലെന്ന് യാത്രക്കാര്‍ പരാതിപ്പെട്ടു. ”എല്ലാവരും ബോര്‍ഡിംഗ് പാസ്സുമായി ഗേറ്റ് നമ്പര്‍ മൂന്നില്‍ കാത്തിരിക്കുകയായിരുന്നു. എട്ടേ പത്തിന് പുറപ്പെടേണ്ടുന്ന വിമാനമായതിനാല്‍ എട്ടേ ഇരുപതായതോടെ യാത്രക്കാര്‍ വിവരമന്വേഷിച്ചു. ക്യാപ്റ്റന് അസുഖമാണെന്നും വിമാനം റദ്ദ് ചെയ്തിരിക്കുയാണെന്നും അപ്പോഴാണ് അറിയിക്കുന്നത്. തുടര്‍ നടപടികളെക്കുറിച്ച് ഒരു വിവരവും തരാന്‍ അധികൃതര്‍ തയ്യാറായുമില്ല. ” വിമാനത്തില്‍ യാത്രക്കാരനായ വാണിമേല്‍ സ്വദേശി കെ കെ അബൂബക്കര്‍ ‘മിഡില്‍ ഈസ്റ്റ് ചന്ദ്രിക’ യെ അറിയിച്ചു.
തനിക്കും കുടുംബത്തിനും ലഭിച്ചത് ഹോം ക്വാറന്റൈനാണ്. അത് നാളെ രാത്രിയോടെ എത്തിയില്ലെങ്കില്‍ ഇല്ലാതാവും. ഹോട്ടല്‍ ബുക്കിംഗ് ഇനി പെട്ടെന്ന് സാധ്യമാവുകയില്ല. ഇക്കാര്യങ്ങളൊക്കെ ഇവിടെ എയര്‍ഇന്ത്യ അധികൃതരെ അറിയിക്കുകയും ഒരു ഡിലൈ ലെറ്റര്‍ ഇഷ്യു ചെയ്യാന്‍ പറയുകയും ചെയ്തപ്പോള്‍ സാധ്യമല്ലെന്നാണ് പറയുന്നത്. ഇവര്‍ യാത്രക്കാരെ ഒരു നിലക്കും സഹായിക്കാന്‍ തയ്യാറാല്ലെന്നാണ് മനസ്സിലാവുന്നത്.” കുടുംബ സമേതം യാത്ര ചെയ്യുന്ന തലശ്ശേരി സ്വദേശി മുഹമ്മദ് വ്യക്തമാക്കി. ”റിസ്‌ക്ഇന്‍ഷൂറന്‍സ് ഉള്‍പ്പെടെ എടുത്തിട്ടല്ലേ തങ്ങള്‍ ടിക്കറ്റെടുക്കുന്നത്. എന്തുകൊണ്ടു ഇക്കാര്യത്തില്‍ നിങ്ങള്‍ക്ക് ഒരുറപ്പ് തരാനാവില്ല.” കുടുംബസമേതം യാത്ര ചെയ്യുന്ന മറ്റൊരു യാത്രക്കാരന്‍ ചോദിക്കുന്നു. ഹോട്ടല്‍ ബുക്കിംഗ് മാര്‍ച്ച് രണ്ടാം വാരത്തില്‍ മാത്രമാണ് ഇപ്പോള്‍ ഓണ്‍ലൈനില്‍ ലഭ്യമായിട്ടുള്ളതെന്നും പലര്‍ക്കും ഇത് ജോലിയെ വരെ ബാധിക്കുമെന്നും യാത്രക്കാര്‍ പറയുന്നു.
അതിനിടെ കുഞ്ഞിനേയുംകൊണ്ട് എന്തു ചെയ്യുമെന്ന് പിഞ്ചുകുഞ്ഞിനേയും കൈയ്യിലെടുത്ത് കരഞ്ഞുചോദിക്കുന്ന യുവതിയുള്‍പ്പെടെയുള്ളവരുടെ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള വീഡിയോ ദൃശ്യവും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഉത്തരവാദിത്വമുള്ള ആരെങ്കിലും ഇതുസംബന്ധിച്ച് മറുപടി പറയണമെന്നും ഇക്കാര്യത്തില്‍ തീരുമാനമുണ്ടാക്കണമെന്നും ഇക്കാര്യത്തില്‍ ഇടപെട്ട ഖത്തര്‍ കെ എം സി സി നാദാപുരം മണ്ഡലം ജനറല്‍സെക്രട്ടറി ശംസുദ്ദീന്‍ വാണിമേല്‍ ആവശ്യപ്പെട്ടു. അതേസമയം പൈലറ്റിന് അസുഖമായതിനാലാണ് വിമാനം കാന്‍സലാക്കേണ്ടി വന്നതെന്നും ഫെബ്രുവരി 14 മുതല്‍ ഹോം ക്വാറന്റൈന്‍ ലഭ്യമാവില്ലെന്നാണ് ഖത്തറിലെ എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചതെന്നും എയര്‍ഇന്ത്യ കണ്ണൂര്‍ എയര്‍പോര്‍ട്ട് സീനിയര്‍ ഓഫീസര്‍ രാഗേഷ് ടി ചന്ദ്രികയെ അറിയിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഖത്തറില്‍ ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു; 453 പുതിയ കേസുകള്‍

പ്രവാസിയെ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ പൊലീസ്-ഗുണ്ടാ കൂട്ടുകെട്ട്; മുഖ്യമന്ത്രിക്കും ഡി ജി പിക്കും പരാതി നല്‍കുമെന്ന് നാദാപുരം കെ.എം.സി.സി