
ദോഹ: ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്(ഡിഎഫ്‌ഐ) സംഘടിപ്പിക്കുന്ന എട്ടാമത് അജ്‌യാല്‍ യൂത്ത് ഫിലിം ഫെസ്റ്റിവലില്‍ 450 മുതല്‍ 500വരെ കുട്ടി ജൂറിമാര്‍ പങ്കെടുക്കും. ഈ വര്‍ഷം നവംബര്‍ 18 മുതല്‍ 23 വരെയാണ് ഫിലിം ഫെസ്റ്റിവല്‍. നവംബര്‍ 11 മുതല്‍ 23വരെ ജൂറി കോംപറ്റീഷന്‍ പ്രോഗ്രാമും സംഘടിപ്പിച്ചിട്ടുണ്ട്. നിലവിലെ കോവിഡിന്റെ സാഹചര്യത്തില്‍ സുരക്ഷിതമായ രീതിയില്‍ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് ഡിഎഫ്‌ഐ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറും ഫെസ്റ്റിവല്‍ ഡയറക്ടറുമായ ഫാത്തിമ ഹസന്‍ അല്‍റുമൈഹി പറഞ്ഞു. പ്രാദേശിക മാധ്യമപ്രവര്‍ത്തകരുമായി സൂം മീറ്റിങില്‍ സംസാരിക്കുകയായിരുന്നു അവര്‍. ജൂറിമാര്‍ക്ക് ഈ വര്‍ഷത്തെ ജൂറി പ്രോഗ്രാം ആസ്വദിക്കാന്‍ വിപുലമായ ക്രമീകരണങ്ങളേര്‍പ്പെടുത്തിയിട്ടുണ്ടെന്ന് അവര്‍ വ്യക്തമാക്കി. കുട്ടി ജൂറിമാര്‍ക്ക് സുരക്ഷിതമായി ഫെസ്റ്റിവല്‍ ആസ്വദിക്കാന്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിക്കുന്നുണ്ട്. സുരക്ഷിതമായ ഫെസ്റ്റിവല്‍ സംഘടിപ്പിക്കാന്‍ കഠിനമായി പരിശ്രമിക്കുന്നുവെന്ന് ബോധ്യപ്പെടുത്തുന്നതിനായി സ്‌കൂളുകളിലെയും യൂണിവേഴ്‌സിറ്റികളിലെയും വിദ്യാര്‍ഥികളുമായി സംസാരിക്കുന്നുണ്ട്. ആവശ്യമായ എല്ലാ മുന്‍കരുതലുകളുമെടുക്കുന്നുണ്ട്. പൊതുജനാരോഗ്യ മന്ത്രാലയവുമായും എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളുമായും വളരെ അടുത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അല്‍റുമൈഹി പറഞ്ഞു. ഈ വര്‍ഷത്തെ ഫെസ്റ്റിവല്‍ ജൂറി പ്രോഗ്രാം ഓണ്‍ലൈനും ഓണ്‍സൈറ്റും സംയോജിപ്പിച്ചുകൊണ്ടുള്ള ഹൈബ്രിഡ് ഫോര്‍മാറ്റിലായിരിക്കും. ജുറൂര്‍ ആയി രജിസ്റ്റര്‍ ചെയ്യുന്ന എല്ലാവര്‍ക്കും ഫെസ്റ്റിവലുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം ഓണ്‍ലൈനില്‍ ലഭ്യമാകും. അവര്‍ക്ക് സിനിമകള്‍ കാണാന്‍ അവസരമുണ്ടാകും. ചോദ്യോത്തര സെഷനിലും അജ്‌യാല്‍ ടോക്ക്‌സിലും പങ്കെടുക്കാനാകും. 18വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് കത്താറയില്‍ ചിത്രങ്ങള്‍ കാണാനാകും. 18 വയസില്‍ താഴെയുള്ളവര്‍ക്ക് ഒരു തവണ കത്താറയില്‍ ഒരു സിനിമ കാണാനാകും. ഇഹ്‌തെറാസ് ആപ്പില്‍ പച്ചനിറമുള്ളവര്‍ക്കായിരിക്കും പ്രവേശനം. ശരീര താപനില പരിശോധിക്കുകയും സാമൂഹിക അകലം ഉറപ്പാക്കുകയും ചെയ്യും. ജൂറിമാര്‍ അവരുടെ പങ്കാളികള്‍ക്കൊപ്പം ചെറിയ ഗ്രൂപ്പുകളായി സിനിമകള്‍ കാണും. ജൂറിമാരായി കുട്ടികളെ രജിസ്റ്റര്‍ ചെയ്യിക്കുമ്പോള്‍ ഏതു രീതിയും തെരഞ്ഞെടുക്കാനാകും. ഓണ്‍ലൈനായോ നേരിട്ടോ പങ്കെടുക്കണമെന്ന കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കാം. നേരിട്ടുവരാന്‍ കഴിയാത്ത എല്ലാവര്‍ക്കുമായി വിവിധ ഓപ്ഷനുകള്‍ ലഭ്യമാണ്. വിര്‍ച്വല്‍ ജൂറോഴ്‌സ് ഹബ്ബാണ് ഇത്തവണത്തെ സവിശേഷത. ജൂറി അംഗങ്ങള്‍ക്ക് അവരുടെ സമപ്രായക്കാരുമായും ഉപദേഷ്ടാക്കളുമായും ഓണ്‍ലൈനിലൂടെ സംസാരിക്കാന്‍ അവസരമുണ്ടാകും. എട്ടു മുതല്‍ 25 വയസുവരെയുള്ളവര്‍ക്കാണ് അജ്‌യാല്‍ ജൂറിയില്‍ പങ്കെടുക്കാന്‍ അവസരം. നേരത്തെ എട്ടു മുതല്‍ 21 വയസ് വരെയായിരുന്നു പ്രായം നിശ്ചയിച്ചിരുന്നത്. 21 വയസ് പൂര്‍ത്തിയായ നിരവധി ജൂറിമാര്‍ വീണ്ടും അജ്‌യാല്‍ ഫെസ്റ്റിവലിന്റെ ഭാഗമാകാന്‍ താല്‍പര്യപ്പെടുന്നതിനാലാണ് പ്രായപരിധി ഉയര്‍ത്തിയത്. മൂന്നു വിഭാഗങ്ങളിലായാണ് ജൂറി. മൊഹഖ്, ഹിലാല്‍, ബാദര്‍ ജൂറികളാണുള്ളത്. കഴിഞ്ഞ വര്‍ഷം 45 രാജ്യങ്ങളില്‍ നിന്നായി 450 ലധികം കുട്ടി ജൂറികളാണ് പങ്കെടുത്തത്. ഫെസ്റ്റിവല്‍ സംബന്ധിച്ച വിവരങ്ങള്‍ ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്.