in

അജ്‌യാല്‍ ഫിലിം ഫെസ്റ്റിവല്‍ നവംബറില്‍: അപേക്ഷകള്‍ ക്ഷണിച്ചു

ദോഹ: ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന എട്ടാമത് അജ്‌യാല്‍ യൂത്ത് ഫിലിം ഫെസ്റ്റിവലിലേക്ക് ചലച്ചിത്രങ്ങള്‍ സമര്‍പ്പിക്കാന്‍ ലോകമെമ്പാടുമുള്ള ചലച്ചിത്ര പ്രവര്‍ത്തകരെ ക്ഷണിച്ചു. ഈ വര്‍ഷം നവംബര്‍ 18 മുതല്‍ 23 വരെയാണ് ഫിലിം ഫെസ്റ്റിവല്‍. എട്ടാം പതിപ്പിനായി ഇപ്പോള്‍ അപേക്ഷിക്കാം, നിങ്ങളുടെ സിനിമകള്‍ സമര്‍പ്പിച്ച് പ്രാദേശിക, മേഖലാ രാജ്യാന്തര സിനിമകളുടെ വാര്‍ഷികാഘോഷത്തിന്റെ ഭാഗമാകുക- ഡിഎഫ്‌ഐ ട്വീറ്റ് ചെയ്തു.
‘തലമുറകള്‍’ എന്നതിന്റെ അറബി പദമായ അജ്‌യാല്‍ വിടവുകള്‍ നികത്തുകയും പ്രവര്‍ത്തനങ്ങളിലൂടെയും പരിപാടികളിലൂടെയും തലമുറകളെ ഒരുമിച്ച് കൊണ്ടുവരുകയും ചെയ്യുന്നു. ഇത് പ്രാദേശിക സമൂഹത്തിന്റെ വിവിധ മേഖലകള്‍ക്കിടയില്‍ സൃഷ്ടിപരമായ ഇടപെടലിന് പ്രചോദനം നല്‍കുന്നുവെന്നും ഡിഎഫ്‌ഐ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞവര്‍ഷത്തെ ഫെസ്റ്റിവലില്‍ 39 രാജ്യങ്ങളില്‍നിന്നുള്ള 96 സിനിമകളാണ് ഉള്‍പ്പെടുത്തിയിരുന്നത്. ഇതില്‍ 23 ഫീച്ചര്‍ സിനിമകളും 73 ഹ്രസ്വചിത്രങ്ങളുമായിരുന്നു. അറബ് ലോകത്തെ അന്‍പത് സിനിമകളാണുണ്ടായിരുന്നത്. ആകെ സിനിമകളില്‍ 56 എണ്ണവും സംവിധാനം ചെയ്തത് വനിതകളായിരുന്നു.
ആറ് ദിവസത്തെ ഫെസ്റ്റില്‍ ചലച്ചിത്ര പ്രദര്‍ശനങ്ങള്‍, പരിപാടികള്‍, പ്രദര്‍ശനങ്ങള്‍, പ്രകടനങ്ങള്‍ എന്നിവയെല്ലാം നടന്നു. ചലച്ചിത്രങ്ങളിലെയും കലകളിലെയും പ്രധാന വ്യക്തികള്‍ പങ്കെടുത്തു. മുന്‍ പതിപ്പിലെന്നപോലെ, ഈ വര്‍ഷത്തെ ഫെസ്റ്റിവലിലും അജ്‌യാല്‍ മത്സരവും മെയ്ഡ് ഇന്‍ ഖത്തര്‍ വിഭാഗവുമുണ്ടായിരിക്കും.
അജ് യാലിന്റെ ഏറ്റവും സവിശേഷമായ വിഭാഗവും മെയ്ഡ് ഇന്‍ ഖത്തറാണ്. ഖത്തറില്‍ ചിത്രീകരിച്ചതോ നിലവില്‍ ഖത്തറില്‍ താമസിക്കുന്നവരോ ആയ പ്രവാസികള്‍ ഉള്‍പ്പടെയുള്ളവര്‍ ചിത്രീകരിച്ചതോ ആയ സിനിമകളാണ് ഈ വിഭാഗത്തിലുള്ളത്. അജ്‌യാല്‍ മത്സരവിഭാഗത്തിലേക്കുള്ള സിനിമകള്‍ ആഗ്‌സ്ത് ഒന്‍പതിനകവും മെയ്ഡ് ഇന്‍ ഖത്തര്‍ വിഭാഗത്തിലേക്കുള്ള സിനിമകള്‍ സെപ്തംബര്‍ മൂന്നിനകവും സമര്‍പ്പിക്കണം.

കുട്ടികള്‍ ഉള്‍പ്പെടുന്ന ജൂറി അജ്‌യാലിന്റെ മുഖ്യ സവിശേഷത

ദോഹ: എട്ടു മുതല്‍ 21വയസുവരെയുള്ളവര്‍ക്കാണ് അജ്‌യാല്‍ ജൂറിയില്‍ പങ്കെടുക്കാന്‍ അവസരം. ഖത്തറിനു പുറമെ മറ്റു ലോകരാജ്യങ്ങളില്‍ നിന്നുള്ള വര്‍ക്കും രജിസ്‌ട്രേഷനില്‍ പങ്കെടുക്കാം.
മുന്‍വര്‍ഷങ്ങളിലെ ഫെസ്റ്റിവലുകളില്‍ ജൂറിയംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കും ഇത്തവണയും ഫെസ്റ്റിവലില്‍ പങ്കാളികളാകാം.
മൂന്നു വിഭാഗങ്ങളിലായാണ് ജൂറി അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്. മൊഹഖ്, ഹിലാല്‍, ബാദര്‍ ജൂറികളാണുള്ളത്. കഴിഞ്ഞ വര്‍ഷം 45 രാജ്യങ്ങളില്‍ നിന്നായി 450 ലധികം കുട്ടി ജൂറികളെയാണ് തെരഞ്ഞെടുത്തത്. ഇതില്‍ 48 അന്താരാഷ്ട്ര ജൂറിമാരുമുണ്ട്. സിനിമയോട് താല്‍പര്യവും അഭിനിവേശവുമുള്ള വിദ്യാര്‍ഥികള്‍ക്ക് ഈ അവസരം ഫലപ്രദമായി വിനിയോഗിക്കാം.
സിനിമകള്‍ കാണുന്നതിനും വിലയിരുത്തുന്നതിനും മാര്‍ക്കിടുന്നതിനും വിദ്യാര്‍ഥികള്‍ക്ക് അവസരം ലഭിക്കും. മത്സരവിഭാഗത്തിലെ മികച്ച സിനിമകളെ തെരഞ്ഞെടുക്കുന്നതും ഈ ജൂറിയായിരിക്കും.
ഫെസ്റ്റിവലില്‍ അതിഥികളായെത്തുന്ന സംവിധായകര്‍, ചലച്ചിത്രപ്രതിഭകള്‍, താരങ്ങള്‍ എന്നിവരെ കാണാനും ആശയവിനിമയം നടത്തുന്നതിനും ജൂറി അംഗങ്ങള്‍ക്ക് അവസരമുണ്ടായിരിക്കും. അജ്‌യാല്‍ ഫിലിം ഫെസ്റ്റിവലിന്റെ ഹൃദയമെന്നത് ഇതില്‍ പങ്കെടുക്കുന്ന കുട്ടികള്‍ അടങ്ങിയ ജൂറിയാണെന്ന് ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കുന്നു. വിവിധ രാജ്യങ്ങളിലെ സിനിമകള്‍ അടുത്തറിയാനും ആസ്വദിക്കാനുമുള്ള അവസരമാണ് ജൂറി അംഗങ്ങളാകുന്നതിലൂടെ കുട്ടികള്‍ക്ക് ലഭിക്കുന്നത്.
മുന്‍ എഡീഷനുകളില്‍ അജ്‌യാല്‍ ജൂറിയില്‍ കേരളത്തില്‍ നിന്നുള്ള കുട്ടികളും അംഗങ്ങളായിരുന്നു.
എട്ടു മുതല്‍ പന്ത്രണ്ടുവയസുവരെ പ്രായമുള്ള കുട്ടികള്‍ക്കാണ് മൊഹഖ് വിഭാഗത്തിലെ സിനിമകള്‍ കാണാന്‍ അവസരമുള്ളത്.
ഈ വിഭാഗത്തില്‍ ഹ്രസ്വചിത്രങ്ങളും നാലു ഫീച്ചര്‍ സിനിമകളുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പതിമൂന്ന് മുതല്‍ പതിനേഴ് വരെ പ്രായമുള്ള കുട്ടികള്‍ക്കാണ് ഹിലാല്‍ ജൂറിയില്‍ അവസരം. ഹ്രസ്വചിത്രങ്ങള്‍ കാണുന്നതിനും വിലയിരുത്തുന്നതിനും അവസരം ലഭിക്കുന്നതിനൊപ്പം അഞ്ചു ഫീച്ചര്‍ ഫിലിമുകള്‍ കാണാനും അവസരമുണ്ടാകും.
18 മുതല്‍ 21വരെ പ്രായമുള്ളവരാണ് ബാദര്‍ ജൂറിയിലുണ്ടാകുക. അഞ്ചു ഫീച്ചര്‍ സിനിമകളും ഹ്രസ്വചിത്രങ്ങളടങ്ങിയ രണ്ടു പ്രോഗ്രാമുകളും കാണാനും വിലയിരുത്താനും ഇവര്‍ക്ക് അവസരം ലഭിക്കും.
അജ്‌യാല്‍ ജൂറികളില്‍ അംഗങ്ങളാകുന്നവര്‍ക്ക് രാജ്യാന്തരതലങ്ങളില്‍ സംഘടിപ്പിക്കപ്പെടുന്ന പരിപാടികളില്‍ പങ്കെടുക്കാനും അവസരം ലഭിക്കും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

പള്ളികള്‍ കര്‍ശന കോവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് മന്ത്രാലയം

ഉപരോധത്തിനുശേഷം ഖത്തര്‍ കൈവരിച്ചത് അഭൂതപൂര്‍വമായ വളര്‍ച്ച