in , , ,

അക്ബര്‍ അല്‍ബാകിര്‍ വണ്‍വേള്‍ഡ് ചെയര്‍മാന്‍

അക്ബര്‍ അല്‍ബാകിര്‍

ദോഹ: ഖത്തര്‍ എയര്‍വെയിസ് ഗ്രൂപ്പ് ചീഫ് എക്‌സിക്യുട്ടീവ് അക്ബര്‍ അല്‍ബാകിറിനെ വണ്‍വേള്‍ഡ് ആഗോള എയര്‍ലൈന്‍സ് കൂട്ടായ്മയുടെ ചെയര്‍മാനായി തെരെഞ്ഞെടുത്തു. വണ്‍വേള്‍ഡ് ഗവേണിംഗ് ബോര്‍ഡാണ് അല്‍ബാകിറിനെ തെരെഞ്ഞെടുത്തതെന്ന് ഖത്തര്‍ എയര്‍വെയിസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. വണ്‍വേള്‍ഡ് അംഗങ്ങള്‍ തന്നെ അധ്യക്ഷനായി തെരെഞ്ഞെടുത്തതില്‍ ആഹ്ലാദമുണ്ടെന്നും ആഗോള വ്യോമയാന മേഖല പ്രതിസന്ധി നേരിടുന്ന ഈ സന്ദര്‍ഭത്തില്‍ തന്നെക്കൊണ്ടാവുന്നത് ചെയ്യുമെന്നും അക്ബര്‍ അല്‍ബാകിര്‍ പറഞ്ഞു. കോവിഡ് സാഹചര്യത്തില്‍ അലാസ്‌ക എയര്‍ലൈന്‍സ്, റോയല്‍ എയര്‍ മറോക് എന്നീ കമ്പനികളെ പുതിയതായി വണ്‍വേള്‍ഡ് കൂട്ടായ്മയിലേക്ക് ചേര്‍ത്തതില്‍ സന്തോഷവാനാണ്. കഴിഞ്ഞ 18 മാസക്കാലമായി ഖത്തര്‍ എയര്‍വെയിസ് വണ്‍വേള്‍ഡ് അംഗങ്ങളുമായി മികച്ച നയതന്ത്ര ബന്ധമാണ് കാത്തുവെച്ചത്. പരസ്പരം ആശയവിനിമയം നടത്തിയും പങ്കാളിത്തം നിര്‍വ്വഹിച്ചും അത് ശക്തമാക്കി. മഹാമാരിക്കാലത്ത് സുരക്ഷാ മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ച് പുതിയ സാങ്കേതിക വിദ്യയുടേയും കണ്ടെത്തലിന്റേയും പിന്‍ബലത്തോടെ ഖത്തര്‍ എയര്‍വെയിസ് ഉള്‍പ്പെടെയുള്ള വിമാനക്കമ്പനികള്‍ക്ക് ജനങ്ങളെ സേവിക്കാനായി എന്നതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ഖന്‍താസ് ഗ്രൂപ്പ് സി ഇ ഒ അലന്‍ ജോയ്‌സ് ആയിരുന്നു വണ്‍വേള്‍ഡ് അധ്യക്ഷന്‍. റോബ് ഗര്‍ണി വണ്‍വേള്‍ഡ് സി ഇ ഒ ആയി പ്രവര്‍ത്തിക്കുന്നു.
ലോകത്തെ ഏറ്റവും മികച്ച വിമാനകമ്പനികളിലൊന്നായി ഖത്തര്‍ എയര്‍വെയിസിനെ മാറ്റുന്നതില്‍ മുഖ്യപങ്കുവഹിച്ച അക്ബര്‍ അല്‍ബാകിര്‍ 1997 മുതല്‍ അതിന്റെ സി ഇ ഒ ആയി പ്രവര്‍ത്തിക്കുന്നു. 2021 ജൂലൈയോടെ ലോകത്തെ 140 സ്ഥലങ്ങളിലേക്ക് ഖത്തര്‍ എയര്‍വെയിസിന്റെ സര്‍വ്വീസ് ലഭ്യമാവുന്ന തരത്തിലാണ് അതിന്റെ വളര്‍ച്ച. 2013 ഒക്ടോബര്‍ മുതല്‍ വണ്‍വേള്‍ഡില്‍ അംഗത്വമുണ്ട് ഖത്തര്‍ എയര്‍വെയിസിന്. നേരത്തെ (2018 ജൂണ്‍ മുതല്‍ 2019 ജൂണ്‍ വരെ) ഇന്‍ര്‍നാഷണല്‍ എയര്‍ട്രാന്‍സ്‌പോര്‍ട് അസോസിയേഷന്‍ (അയാട്ട) ചെയര്‍മാന്‍ പദവി വഹിച്ചിട്ടുണ്ട് അല്‍ബാകിര്‍. 2012 മുതല്‍ അയാട്ടയില്‍ അംഗമാണ്. അറബ് എയര്‍കാരിയേഴ്‌സ് ഓര്‍ഗനൈസേഷന്‍ എക്‌സിക്യുട്ടീവ് അംഗവും ഹീത്രു എയര്‍പോര്‍ട് ഹോള്‍ഡിംഗ്‌സിലെ നണ്‍-എക്‌സിക്യുട്ടീവ് ഡയരക്ടറുമായി പ്രവര്‍ത്തിക്കുന്നു. ഖത്തര്‍ നാഷണല്‍ ടൂറിസം കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ പദവിയും വഹിക്കുന്നുണ്ട്. അലാസ്‌ക എയര്‍ലൈന്‍സ്, അമേരിക്കന്‍ എയര്‍ലൈന്‍സ്, ബ്രിട്ടീഷ് എയര്‍വൈസ്, കാത്തിപസഫിക് എയര്‍വെയിസ്, ഫിന്‍ എയര്‍, ഐബേരിയ, ജപ്പാന്‍ എയര്‍ലൈന്‍സ്, മലേഷ്യന്‍ എയര്‍ലൈന്‍സ്, ഖന്‍താസ്, റോയല്‍ എയര്‍മറോക്, റോയല്‍ ജോര്‍ദ്ദാനിയന്‍, എസ്-7 എയര്‍ലൈന്‍സ്, ശ്രീലങ്കന്‍ എയര്‍ലൈന്‍സ് എന്നിവയാണ് ഖത്തര്‍ എയര്‍വെയിസിനു പുറമെ വണ്‍വേള്‍ഡ് അംഗത്വമുള്ള വിമാനക്കമ്പനികള്‍.

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

വാക്‌സിന്‍ എടുത്ത ജി സി സി പൗരന്മാര്‍ക്കും വിദേശികള്‍ക്കും ഖത്തറില്‍ ക്വാറന്റൈന്‍ വേണ്ട; ഇന്ത്യയുള്‍പ്പെടെ 6 രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ഇളവില്ല

ടാര്‍ജെറ്റ് ലോജിസ്റ്റിക് എം.ഡി ദോഹയില്‍ അന്തരിച്ചു