in

ഖത്തറിനെ തീവ്രവാദ രാജ്യമായി ചിത്രീകരിച്ചു; യുഎഇ സഹായത്തോടെ നിര്‍മിച്ച ഹോളിവുഡ് സിനിമക്കെതിരെ
കേസ് ഫയല്‍ ചെയ്യുമെന്ന് അല്‍ഇമാദിയും അല്‍ശര്‍ഖ് പത്രവും

ദോഹ: ഖത്തറിനെ തീവ്രവാദ രാജ്യമായി ചിത്രീകരിച്ച ഹോളിവുഡ് സിനിമക്കെതിരെ വിമര്‍ശനം ശക്തമാകുന്നു. യുഎഇ കമ്പനിയുടെ സാമ്പത്തിക സഹായത്തോടെ നിര്‍മിക്കപ്പെട്ട ‘ദി മിസ്ഫിറ്റ്‌സ്’ എന്ന സിനിമക്കെതിരെയാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്. ഖത്തറിലെ പ്രമുഖമായ അല്‍ഇമാദി ആസ്പത്രി, അല്‍ശര്‍ഖ് പത്രം എന്നിവയെ അപകീര്‍ത്തികരമായ രീതിയില്‍ സിനിമയില്‍ പരാമര്‍ശിച്ചതിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ഇരുസ്ഥാപനങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. ദി മിസ്ഫ്റ്റ്‌സില്‍ ഖത്തറിനെ അപകീര്‍ത്തികരമായി ചിത്രീകരിച്ചത് അധാര്‍മികവും അസംബന്ധവുമാണെന്ന് വിവിധ മേഖലകളിലുള്ളവര്‍ പ്രതികരിച്ചു. സിനിമക്കെതിരെ ശക്തമായ വിമര്‍ശനം ഉയരുന്നതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.
യുഎഇ ആസ്ഥാനമായുള്ള ഫിലിംഗേറ്റ് പ്രൊഡക്ഷന്റെ സാമ്പത്തിക പങ്കാളിത്തത്തോടെ പാരാമൗണ്ട് പിക്‌ചേഴ്‌സും ഹൈലാന്‍ഡ് ഫിലിം ഗ്രൂപ്പും നിര്‍മിച്ച സിനിമക്ക് പക്ഷെ നിരൂപക ശ്രദ്ധ നേടാനായിട്ടില്ല. ബോണ്ട് താരം പിയേഴ്‌സ് ബ്രോസ്‌നാന്‍ മുഖ്യവേഷത്തിലെത്തുന്ന സിനിമക്ക് മോശം അഭിപ്രായമാണ്. അതീവ സുരക്ഷയുള്ള അമേരിക്കന്‍ ജയിലില്‍ നിന്നും രക്ഷപ്പെടുന്ന കുപ്രസിദ്ധ മോഷ്ടാവ് ഏറ്റവും സുരക്ഷിതമായ കേന്ദ്രങ്ങളില്‍നിന്നും ദശലക്ഷക്കണക്കിന് രൂപ കവര്‍ച്ച ചെയ്യുന്നതാണ് സിനിമയുടെ പ്രമേയം. ചിത്രത്തില്‍ സംവിധായകന്‍ ഖത്തറിനെ ‘ജസീറിസ്ഥാന്‍’ എന്ന് പരാമര്‍ശിക്കുകയും അതിലെ പൗരന്മാര്‍ തീവ്രവാദ സംഘടനകളെ പിന്തുണയ്ക്കുന്നുവെന്ന് ആരോപിക്കുകയും അബുദാബിയിലെ പടയാളികളെ വീരന്മാരായി ചിത്രീകരിക്കുകയും ചെയ്യുന്നുവെന്ന് ദോഹ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഖത്തറില്‍ താമസിക്കുന്ന വിഖ്യാത ഈജിപ്ഷ്യന്‍ പണ്ഡിതന്‍ യൂസുഫ് അല്‍ഖറദാവിയെ മുസ്ലിം ബ്രദര്‍ഹുഡിന്റെ നേതാവായും ആഗോളഭീകരവാദത്തിന്റെ സ്പോണ്‍സറുമായാണ് സിനിമയില്‍ ചിത്രീകരിക്കുന്നത്. മിസ്ഫിറ്റ്‌സ് ഖത്തറിന്റെ പ്രശസ്തിയും പേരും നശിപ്പിക്കുന്നതിനുള്ള യുഎഇയുടെ ശ്രമം മാത്രമാണെന്ന് ഈജിപ്ഷ്യന്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് നാസര്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറഞ്ഞു. സിനിമയുടെ ചോര്‍ന്ന പകര്‍പ്പ് കണ്ട ഒരു ട്വിറ്റര്‍ ഉപയോക്താവ് സിനിമ അസംബന്ധമാണെന്നും ഫീഡ്ബാക്കിനുപോലും യോഗ്യമല്ലെന്നും പ്രതികരിച്ചു. ഈ വിഢഢിത്തത്തിന് ആരാണ് ധനസഹായം നല്‍കിയതെന്നതില്‍ ലജ്ജിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫലസ്തീന്‍ പത്രപ്രവര്‍ത്തകന്‍ ജമാല്‍ റയ്യാന്‍ ഈ ചിത്രത്തെ അധാര്‍മികം എന്നാണ് വിശേഷിപ്പിച്ചത്. ഖത്തരി പണ്ഡിതന്‍ മുഹമ്മദ് അല്‍കുബൈസിയും ചിത്രത്തിനെതിരെ രംഗത്തുവന്നു. ദൈവം ഒരിക്കലും ഇമറാത്തി നേതൃത്വത്തെ അനുഗ്രഹിക്കാതിരിക്കട്ടെ. അവര്‍ ഹോളിവുഡിനെയും ഉപയോഗിക്കുകയാണ്. ഖത്തറിന്റെ പ്രശസ്തിയെ തകര്‍ക്കുന്നതിനും സമാധാനപരമായ സമൂഹത്തില്‍ ഭീകരവാദത്തെ ആരോപിക്കുന്നതിനും 50മില്യണിലധികം ഡോളറാണ് അവര്‍ ചെലവാക്കിയത്- മുഹമ്മദ് അല്‍കുബൈസി വിമര്‍ശിച്ചു. ഖത്തറിന്റെ പ്രശസ്തി തകര്‍ക്കാന്‍ യുഎഇ ആഗ്രഹിക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. ഇസ്ലാമിന്റെ സത്തയില്‍ നിന്നും മുസ്ലിംകളുടെ പിന്തുണയില്‍ നിന്നും ഖത്തറിനെ അകറ്റാന്‍ യുഎഇ ആഗ്രഹിക്കുന്നുണ്ടോ?- അല്‍കുബൈസി ചോദിച്ചു. യുഎഇ. സിനിമാ നിര്‍മാതാവും സംവിധായകനും എഴുത്തുകാരനുമായ മന്‍സൂര്‍ അല്‍ ദാഹിരിയാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. അബുദാബി, ദുബൈ, ലോസ് ആഞ്ചല്‍സ് എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. സിനിമയുടെ ഒരു രംഗത്തില്‍ ചുവന്ന ലഖ്‌വിയ കാറിന്റെ ദൃശ്യമുണ്ട്. ഖത്തറിന്റെ ആഭ്യന്തര സുരക്ഷാ സേനയായ ലഖ്‌വിയയെ സൂചിപ്പിക്കുന്നതാണെന്നാണ് വിമര്‍ശനം. അതേസമയം ലഖ്‌വിയയുടെ ഫോണ്‍ നമ്പറായി കാറില്‍ നല്‍കിയത് ഖത്തറിലെ അല്‍ശര്‍ഖ് പത്രത്തിന്റെ നമ്പറാണ്. ഖത്തറിലെ അല്‍ ഇമാദി ആസ്പത്രിയും സിനിമയില്‍ പരാമര്‍ശിക്കുന്നുണ്ട്. പോലീസില്‍ നിന്നും രക്ഷപ്പെടാന്‍ മോഷ്ടാവ് ഡോക്ടറായി വേഷം മാറിയെത്തുന്നതായി കാണിക്കുന്നത് ഈ ആസ്പത്രിയെയാണ്. അനുവാദമില്ലാതെ തങ്ങളുടെ പേരുകള്‍ ഉപയോഗിച്ചതിനും തീവ്രവാദത്തെ പിന്തുണക്കുന്നവരായി ചിത്രീകരിച്ചതിനും സിനിമയുടെ നിര്‍മാതാക്കള്‍ക്കെതിരെ കേസ് ഫയല്‍ ചെയ്യുമെന്ന് അല്‍ഇമാദി ആസ്പത്രിയും അല്‍ശര്‍ഖ് പത്രവും അറിയിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഖത്തറിലെ ആദ്യ ഇന്ത്യന്‍ സര്‍വകലാശാല ക്യാമ്പസിലേക്ക് അഡ്മിഷന്‍ തുടങ്ങി

കത്താറയില്‍ അതിവേഗ ഇ-കാര്‍ ചാര്‍ജിങ് സ്‌റ്റേഷന്‍ സ്ഥാപിച്ചു