
ദോഹ: ഈജിപ്ഷ്യന്‍ പത്രപ്രവര്‍ത്തകന്‍ മുഹമ്മദ് മുനീറിന്റെ നിര്യാണത്തില്‍ അല്‍ജസീറ മീഡിയ നെറ്റ്‌വര്‍ക്ക് അനുശോചനം അറിയിച്ചു.
കെയ്‌റോയിലെ ഒരു ആശുപത്രിയില്‍ കോവിഡ് ബാധയെ തുടര്‍ന്നാണ് മുഹമ്മദ് മുനീര്‍ മരിച്ചത്.
അല്‍ ജസീറ ചാനല്‍ മുബാഷിറില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചുവെന്ന കുറ്റത്തിന് ഈജിപ്ഷ്യന്‍ ജയിലിലായിരുന്ന മുഹമ്മദ് മുനീറിനെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് സ്വതന്ത്രനാക്കിയത്.
ഈജിപ്ഷ്യന്‍ ജയിലുകളിലെ മോശമായ ആരോഗ്യാവസ്ഥകളിലേക്കാണ് അദ്ദേഹത്തിന്റെ മരണം വിരല്‍ചൂണ്ടുന്നതെന്ന് അല്‍ജസീറ അനുശോചനക്കുറിപ്പില്‍ പറഞ്ഞു.
മഹമ്മൂദ് ഹുസൈന്‍ ഉള്‍പ്പെടെ ഈജിപ്ഷ്യന്‍ ജയിലുകളില്‍ കഴിയുന്ന മാധ്യമ പ്രവര്‍ത്തകരുടെ സുരക്ഷയെ കുറിച്ച് തങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും അല്‍ജസീറ അറിയിച്ചു.
വിചാരണ കൂടാതെ കഴിഞ്ഞ 1300 ദിവസങ്ങളായി ജയിലിലുള്ള മഹമ്മൂദ് ഹുസൈന്റെ അവസ്ഥയില്‍ തങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും അദ്ദേഹം മനുഷ്യത്വ വിരുദ്ധമായ അവസ്ഥയെയാണ് അഭിമുഖീകരിക്കുന്നതെന്നും സുരക്ഷാ ഭീഷണിയുണ്ടെന്നും കോവിഡിന്റെ പശ്ചാതലത്തില്‍ അദ്ദേഹത്തിന്റെ ജീവന് ഭീഷണിയുണ്ടെന്നും അല്‍ജസീറ ചൂണ്ടിക്കാട്ടി.
ഈജിപ്ഷ്യന്‍ ജയിലിലെ മോശമായ അന്തരീക്ഷമാണ് മുഹമ്മദ് മുനീറിന് കോവിഡ് പിടിപെടാന്‍ കാരണമായതെന്ന് അല്‍ജസീറ മീഡിയ നെറ്റ്‌വര്‍ക്ക് ഡയറക്ടര്‍ ജനറല്‍ ഡോ. മുസ്തഫ സ്വാക് പറഞ്ഞു.
ജയിലുകളിലെ തീര്‍ത്തും മോശമായ അവസ്ഥകളെ കുറിച്ച് അന്താരാഷ്ട്ര തലത്തിലുള്ളവര്‍ക്ക് തങ്ങള്‍ നേരത്തെ കത്തയച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
ഇത്തരം മോശമായ സാഹചര്യത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരെ അടച്ചിടുന്നത് ലജ്ജാകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജയിലില്‍ കഴിയുന്നവരുടെ ആരോഗ്യത്തിന്റേയും സുരക്ഷയുടേയും പൂര്‍ണ ഉത്തരവാദിത്വം ഈജിപ്ഷ്യന്‍ സര്‍ക്കാറിനാണെന്നും മഹമ്മൂദ് ഹുസൈന്‍ ഉള്‍പ്പെടെ അന്യായമായി തടവിലിട്ട മാധ്യമ പ്രവര്‍ത്തകരെ വിട്ടയക്കണമെന്നും ഡോ. മുസ്തഫ സ്വാക് ആവശ്യപ്പെട്ടു.
മുഹമ്മദ് മുനീറിനെ (65) ജൂണ്‍ 15നാണ് തടവിലിട്ടത്. എന്നാല്‍ പരിശോധനയില്‍ അദ്ദേഹത്തിന് രോഗബാധയുടെ ലക്ഷണങ്ങള്‍ കണ്ടതോടെ ജയില്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
പിന്നീടാണ് സുരക്ഷാ മേധാവികള്‍ അദ്ദേഹത്തെ വിട്ടയക്കാന്‍ തീരുമാനിച്ചത്.