in

ടുണീഷ്യയിലെ ബ്യൂറോ റെയ്ഡിനെതിരെ ശക്തമായ വിമര്‍ശനവുമായി അല്‍ജസീറ

ദോഹ: അല്‍ജസീറയുടെ ടുണീഷ്യയിലെ ബ്യൂറോയിലെ സുരക്ഷാസേനയുടെ റെയ്ഡിനെതിരെ ശക്തമായ വിമര്‍ശനവുമായി അല്‍ജസീറ മീഡിയ നെറ്റ്‌വര്‍ക്ക്. തുനീസിലെ ഓഫീസ് റെയ്ഡ് ചെയ്തതിനു പുറമെ കെട്ടിടത്തിലെ മാധ്യമപ്രവര്‍ത്തകരെ പുറത്താക്കുകയും ചെയ്തു. ടുണീഷ്യന്‍ സുരക്ഷാസേനയുടെ നടപടിയെ ശക്തമായി അപലപിക്കുന്നതായും മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ നടപടിയായാണ് ഇതിനെ കാണുന്നതെന്നും അല്‍ജസീറ പ്രസ്താവനയില്‍ വ്യക്തമാക്കി. ടുണീഷ്യന്‍ അധികൃതരുടെ ഇത്തരം പ്രവര്‍ത്തികള്‍ ആശങ്കയുളവാക്കുന്നതാണ്. ടുണീഷ്യയില്‍ നടക്കുന്ന കാര്യങ്ങളുടെ ന്യായയുക്തവും വസ്തുതാപരവുമായ റിപ്പോര്‍ട്ടിങിനെ തടസപ്പെടുത്തുന്നതാണ് ഇത്തരം നീക്കങ്ങളെന്നും അല്‍ജസീറ ചൂണ്ടിക്കാട്ടി. മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രതിബന്ധങ്ങളില്ലാതെ ജോലി ചെയ്യുന്നതിനും ഭയരഹിതമായി ദൗത്യനിര്‍വഹണത്തിനും അനുമതിയുണ്ടാകണമെന്നും ടുണീഷ്യന്‍ അധികൃതരോട് അല്‍ജസീറ ആവശ്യപ്പെട്ടു. അല്‍ജസീറ ബ്യൂറോക്കെതിരായ നടപടികള്‍ക്കെതിരെ രംഗത്തുവന്ന മനുഷ്യാവകാശ സംഘടനകളുടെയും മാധ്യമകൂട്ടായ്മകളുടെയും ഐക്യദാര്‍ഢ്യത്തെ വിലമതിക്കുന്നു. ലോകത്തൊട്ടാകെ പത്രമാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ഭീഷണികള്‍ വര്‍ധിച്ചുവരുന്ന സാഹചര്യമാണുള്ളത്. അതുകൊണ്ടുതന്നെ ഇത്തരം നീക്കങ്ങളെ മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റമായി മാത്രമെ പരിഗണിക്കാനാകുകയുള്ളുവെന്നും അല്‍ജസീറ ചൂണ്ടിക്കാട്ടി. വാറന്റില്ലാതെയായിരുന്നു പത്തോളം സുരക്ഷാ ഉദ്യോഗസ്ഥര്‍ ടുണീഷ്യയിലെ അല്‍ജസീറ ബ്യൂറോയിലെത്തിയത്. ഓഫീസ് താക്കോലുകള്‍ കണ്ടുകെട്ടുകയും മാധ്യമപ്രവര്‍ത്തകരെ പുറത്താക്കുകയുമായിരുന്നു. അവരുടെ വ്യക്തിഗത വസ്തുക്കള്‍ പോലുമെടുക്കാന്‍ അനുവദിച്ചിരുന്നില്ല. ഓഫീസ് റെയ്ഡ് എന്തിനാണെന്ന് വ്യക്തമായി വിശദീകരിക്കാനും സുരക്ഷാ ഉദ്യോഗസ്ഥര്‍ തയാറായില്ല. ഉത്തരവുകള്‍ പാലിക്കുന്നുവെന്നാണ് അവര്‍ പറഞ്ഞതെന്നും അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

കോണ്‍കകാഫ് ഗോള്‍ഡ് കപ്പ് സെമിഫൈനലില്‍ ഖത്തര്‍ യുഎസിനെ നേരിടും

ഖത്തറില്‍ ആദ്യ ഡോസ് കോവിഡ് വാക്‌സിനെടുത്തവരുടെ എണ്ണം 20ലക്ഷം കവിഞ്ഞു