in

മഹ്മൂദ് ഹുസൈനെയും മറ്റു മാധ്യമ പ്രവര്‍ത്തകരെയും മോചിപ്പിക്കണമെന്ന് അല്‍ജസീറ

ദോഹ: വിചാരണയോ ഔദ്യോഗിക ചാര്‍ജോ ചുമത്താതെ ഈജിപ്ഷ്യന്‍ തടവില്‍ കഴിയുന്ന അല്‍ജസീറ പ്രൊഡ്യൂസര്‍ മഹ്മൂദ് ഹുസൈനെയും മറ്റു മാധ്യമപ്രവര്‍ത്തകരെയും മോചിപ്പിക്കണമെന്ന് അല്‍ജസീറ മീഡിയ നെറ്റ്‌വര്‍ക്ക് ആവശ്യപ്പെട്ടു. മഹ്മൂദ് ഹുസൈന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അല്‍ജസീറ കടുത്ത ആശങ്ക പ്രകടിപ്പിക്കുകയും അദ്ദേഹത്തെയും അന്യായമായി തടവിലാക്കപ്പെട്ട മറ്റു മാധ്യമപ്രവര്‍ത്തകരെയും ഉടന്‍ മോചിപ്പിക്കണമെന്ന് ഈജിപ്ഷ്യന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. തിങ്ങിനിറഞ്ഞ ഈജിപ്ഷ്യന്‍ ജയിലുകള്‍ ശുചിത്വമില്ലാത്ത അവസ്ഥയ്ക്ക് പേരുകേട്ടവയാണ്.ഇത് തടവുകാര്‍ക്കിടയില്‍ കൊറോണ വൈറസ് അതിവേഗം വ്യാപിക്കാന്‍ ഇടയാക്കുമെന്ന് അല്‍ജസീറ നെറ്റ്‌വര്‍ക്ക് ചൂണ്ടിക്കാട്ടി.
അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് മഹമൂദിനെ 1,200 ദിവസത്തോളം ഈജിപ്ഷ്യന്‍ അധികൃതര്‍ തടഞ്ഞുവച്ചിരിക്കുന്നത് അംഗീകരിക്കാനാവില്ല. നിലവിലെ സാഹചര്യങ്ങളില്‍ കൊറോണ വൈറസിന്റെ വ്യാപനവും അതുമായി ബന്ധപ്പെട്ട ആരോഗ്യ അപകടങ്ങളും കാരണം മഹമൂദും മറ്റ് മാധ്യമപ്രവര്‍ത്തകരും കടുത്ത അപകടസാധ്യതയിലാണ്- അല്‍ജസീറ മീഡിയ നെറ്റ്വര്‍ക്കിന്റെ ആക്ടിങ് ഡയറക്ടര്‍ ജനറല്‍ ഡോ. മുസ്തഫ സവ്വാഗ് പറഞ്ഞു. തടവിലാക്കപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ ഇത്തരം മനുഷ്യത്വരഹിതമായ അവസ്ഥകള്‍ക്ക് വിധേയരാകുന്നത് അപമാനകരമാണ്. അവരുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും പൂര്‍ണ ഉത്തരവാദിത്വം ഈജിപ്ഷ്യന്‍ അതോറിറ്റികള്‍ക്കാണ്. മഹമൂദിനെയും തടവിലാക്കപ്പെട്ട മറ്റെല്ലാ മാധ്യമപ്രവര്‍ത്തകരെയും ഉടന്‍ മോചിപ്പിക്കാന്‍ ഈജിപ്ഷ്യന്‍ അധികൃതരോട് ശക്തമായി ആവശ്യപ്പെടുന്നതായും അദ്ദേഹം വ്യക്തമാക്കി. മഹമൂദിനോടും തടവിലാക്കപ്പെട്ട മറ്റ് മാധ്യമപ്രവര്‍ത്തകരോടും ഒപ്പം നില്‍ക്കാന്‍ അല്‍ജസീറ എല്ലാ മാധ്യമപ്രവര്‍ത്തകരോടും മനുഷ്യാവകാശ വാദികളോടും മനസാക്ഷിയുള്ള ജനവിഭാഗങ്ങളോടും ആഹ്വാനം ചെയ്തു; ഹുസൈനെ തടവില്‍നിന്നും മോചിപ്പിക്കണമെന്ന സ്റ്റേറ്റ് പ്രോസിക്യൂട്ടറുടെ ഉത്തരവ് കഴിഞ്ഞവര്‍ഷം മേയില്‍ ഈജിപ്ഷ്യന്‍ കോടതി തള്ളിയിരുന്നു. അധികൃതര്‍ അദ്ദേഹത്തിനെതിരെ വ്യക്തതയില്ലാത്ത ആരോപണങ്ങള്‍ ഉയര്‍ത്തി പുതിയ അന്വേഷണം തുടങ്ങുകയും ജയിലിലേക്ക് മടക്കുകയുമായിരുന്നു.
ഏകാന്തതടവില്‍ കഴിയവെ ഹുസൈന് കൈ ഒടിഞ്ഞപ്പോള്‍ ശരിയായ രീതിയിലുള്ള ആരോഗ്യ ചികിത്സ പോലും നിഷേധിച്ചു. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്ന പിതാവ് ഹുസൈന്‍ ജുമയെ സന്ദര്‍ശിക്കാനുള്ള അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥനയും ജയില്‍ വാര്‍ഡന്‍ നിരസിച്ചിരുന്നു. ഏറ്റവും മൂത്തമകനായ ഹുസെന്‍ തടവിലാക്കപ്പെട്ടശേഷം അഞ്ചുതവണ ഹൃദയാഘാതം നേരിട്ട ഹുസൈന്‍ ജുമ കഴിഞ്ഞ നവംബറില്‍ മരണപ്പെട്ടു.
അല്‍ജസീറ മീഡിയ നെറ്റ്വര്‍ക്ക് (എജെഎംഎന്‍) മഹ്മൂദ് ഹുസൈനെതിരെ ചുമത്തിയ ആരോപണങ്ങള്‍ ശക്തമായി നിഷേധിച്ചു. കുടുംബവുമായി അവധി ആഘോഷിക്കാന്‍ കെയ്‌റോയിലെത്തിയപ്പോള്‍ 2016 ഡിസംബറിലാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

പൊതുസ്ഥലങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു

കോവിഡ്: ഖത്തര്‍ ചാരിറ്റിയുടെ സന്നദ്ധ പ്രവര്‍ത്തന ആഹ്വാനത്തിന് മികച്ച പ്രതികരണം