in

അല്‍ജസീറയുടെ മഹ്മൂദ് ഹുസൈന് ഈജിപ്ഷ്യന്‍ തടവറയില്‍ നിന്ന് മോചനം

പുറത്തിറങ്ങിയത് നാലുവര്‍ഷങ്ങള്‍ക്കുശേഷം

ദോഹ: വിചാരണയോ ഔദ്യോഗിക ചാര്‍ജോ ശിക്ഷയോ കൂടാതെ ഈജിപ്ഷ്യന്‍ അധികൃതര്‍ നാലു വര്‍ഷത്തിലധികമായി നിയമവിരുദ്ധമായി തടവിലാക്കിയിരുന്ന അല്‍ജസീറ പ്രൊഡ്യൂസര്‍ മഹ്മൂദ് ഹുസൈനെ മോചിപ്പിച്ചു. രാജ്യാന്തര വാര്‍ത്താമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത മോചനവാര്‍ത്ത അല്‍ജസീറയും ഔദ്യോഗികമായി സ്ഥിരീകരിച്ചു.

2016 ഡിസംബര്‍ മുതല്‍ ഈജപ്തില്‍ പ്രതിരോധ തടങ്കലില്‍ കഴിയുകയായിരുന്ന ഈജിപ്ഷ്യന്‍ പൗരന്‍ കൂടിയായ മഹ്മൂദിനെ ശനിയാഴ്ചയാണ് ജയിലില്‍നിന്നും മോചിപ്പിച്ചത്. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് മഹമൂദിനെ 1,400ലധികം ദിവസങ്ങളാണ് ഈജിപ്ഷ്യന്‍ അധികൃതര്‍ തടവിലാക്കിയിരുന്നത്.

ഈജിപ്ഷ്യന്‍ നിയമപ്രകാരം പോലും ഒരു വ്യക്തിയെ രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ ചാര്‍ജില്ലാതെ തടവില്‍ വെക്കുന്നത് നിയമവിരുദ്ധമാണ്. ഇതേത്തുടര്‍ന്ന് രണ്ടുവര്‍ഷത്തെ കാലാവധിക്കുള്ളില്‍ വിട്ടശേഷം മറ്റൊരു സാങ്കല്‍പ്പിക കുറ്റത്തിന് അദ്ദേഹത്തെ വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു. മഹ്മൂദിനെതിരായ എല്ലാ ആരോപണങ്ങളെയും അല്‍ജസീറ തള്ളിക്കളഞ്ഞിരുന്നു.

കുടുംബവുമായി അവധി ആഘോഷിക്കാന്‍ കെയ്‌റോയിലെത്തിയപ്പോള്‍ 2016 ഡിസംബറിലാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. അറബി ഭാഷാ വാര്‍ത്താചാനലുകളില്‍ ജോലി ചെയ്ത മഹ്മൂദ് ഹുസൈന്‍ അല്‍ജസീറ അറബിയില്‍ ഫ്രീലാന്‍സ് ജോലികള്‍ക്കുശേഷം 2010ലാണ് പൂര്‍ണതോതില്‍ അല്‍ജസീറയില്‍ ചേരുന്നത്.

ആദ്യം കെയ്‌റോയിലും പിന്നീട് ദോഹയിലുമായിരുന്നു പ്രവര്‍ത്തനം. 2016 ഡിസംബര്‍ 23നാണ് 54കാരനായ മഹ്മൂദിനെ അറസ്റ്റ് ചെയ്തത്. അഭിഭാഷകന്റെ സാന്നിധ്യമില്ലാതെ 15 മണിക്കൂറിലധികം അദ്ദേഹത്തെ ചോദ്യം ചെയ്ത് വിട്ടയച്ചെങ്കിലും പിന്നീടു ദിവസങ്ങള്‍ക്കുശേഷം വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു.

രാജ്യത്തിന്റെ പ്രശസ്തിയെ അപകീര്‍ത്തിപ്പെടുത്തുന്നതിനായി തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും വിദേശ അധികാരികളില്‍നിന്നും ധനസമാഹരണം നടത്തുകയും ചെയ്തുവെന്നായിരുന്നു ഈജിപ്ഷ്യന്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ മഹ്മൂദ് ഹുസൈനെതിരായ പരസ്യമായ ആരോപണം. എന്നാല്‍ ഔദ്യോഗികമായ ഒരു ചാര്‍ജും അദ്ദേഹത്തിനെതിരെ ചുമത്തിയിരുന്നില്ല. എല്ലാ ആരോപണങ്ങളും ഹുസൈനും അല്‍ജസീറയും നിരന്തരം നിഷേധിക്കുകയായിരുന്നു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഖത്തറില്‍ 408 പേര്‍ക്കുകൂടി കോവിഡ്; 151 പേര്‍ക്കുകൂടി രോഗം ഭേദമായി

ഖത്തറില്‍ ഒരു കോവിഡ് മരണം കൂടി; 427 പുതിയ രോഗികള്‍