
ദോഹ: ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള പത്ത് ഇസ്‌ലാമിക വ്യക്തിത്വങ്ങളില്‍ ഖത്തറിന്റെ ഡോ. ഇബ്രാഹിം ബിന്‍ സാലേഹ് അല്‍നുഐമിയും ഇടംനേടി. വിദ്യാഭ്യാസ മന്ത്രാലയത്തിലെ അണ്ടര്‍സെക്രട്ടറിയും ദോഹ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഇന്റര്‍ഫെയ്ത്ത് ഡയലോഗിന്റെ (ഡിഐസിഐഡി) ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമാണ് ഡോ. അല്‍നുഐമി.
ബെല്‍ജിയം ആസ്ഥാനമായുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പീസ് ആന്റ് ഡവലപ്‌മെന്റിന്റെ(ഇന്‍സ്പാഡ്) പട്ടികയിലാണ് ഡോ. അല്‍നുഐമി ഇടംനേടിയത്. സെപ്തംബര്‍ പതിമൂന്നിനായിരുന്നു പ്രഖ്യാപനം. സമാധാനത്തിനായി പ്രവര്‍ത്തിക്കുന്ന വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 5,000 അംബാസഡര്‍മാരും 12,000 ഇസ്ലാമിക വ്യക്തിത്വങ്ങളും ഉള്‍പ്പെട്ട സമിതിയാണ് ഏറ്റവും സ്വാധീനമുള്ള ഇസ്‌ലാമിക വ്യക്തിത്വങ്ങളെ തെരഞ്ഞെടുത്തത്. സമാധാനം കൈവരിക്കുന്നതിലും സംഭാഷണത്തെ പിന്തുണയ്ക്കുന്നതിലും ഏറ്റവും സ്വാധീനമുള്ള ഇസ്‌ലാമിക വ്യക്തികളെ ബഹുമാനിക്കുകയെന്നതാണ് ഇതിന്റെ ലക്ഷ്യം.
രാജ്യത്തിന്റെ ഭരണനേതൃത്വത്തിന്റെ പിന്തുണയാണ് ഈ നേട്ടത്തിനു കാരണമെന്ന് ഡോ. അല്‍നുഐമി ചൂണ്ടിക്കാട്ടി. പിതാവ് അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനിയുടെ നിര്‍ദേശപ്രകാരമാണ് ഡിഐസിഐഡി രൂപീകരിക്കുന്നത്. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ നിരന്തര രക്ഷാകര്‍തൃത്വത്തിലാണ് പ്രവര്‍ത്തനമെന്നും അദ്ദേഹം പറഞ്ഞു.
സംഭാഷണത്തിന്റെ തത്വവും സമാധാനത്തിനുള്ള ആഹ്വാനവും രാജ്യത്തിന്റെ ഭരണഘടനയില്‍ സ്ഥാപിതമായ അടിസ്ഥാന തത്വമാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. ഖത്തറിന്റെ നേതൃത്വത്തിനും ജനങ്ങള്‍ക്കുമുള്ള ബഹുമതിയാണ് ഈ നേട്ടമെന്നും അദ്ദേഹം പറഞ്ഞു.