Thursday, October 22ESTD 1934

എഎഫ്‌സി ചാമ്പ്യന്‍സ് ലീഗ്: അല്‍സദ്ദ് പുറത്ത്, പെര്‍സ്‌പോലിസും അല്‍നാസറും ക്വാര്‍ട്ടറില്‍

എജ്യൂക്കേഷന്‍ സിറ്റി സ്്‌റ്റേഡിയത്തില്‍ നടന്ന അല്‍സദ്ദും പെര്‍സ്‌പോലിസും തമ്മിലുള്ള റൗണ്ട് 16 മത്സരത്തില്‍ നിന്ന്‌

ദോഹ: 2020 എഎഫ്‌സി ചാമ്പ്യന്‍സ് ലീഗിലെ പടിഞ്ഞാറന്‍ മേഖലാ വിഭാഗത്തില്‍ ഖത്തറിന്റെ അല്‍സദ്ദ് ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. ഞായറാഴ്ച എജ്യൂക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ നടന്ന റൗണ്ട് 16 മത്സരത്തില്‍ ഇറാന്‍ ക്ലബ്ബ് പെര്‍സ്‌പോലിസാണ് അല്‍സദ്ദിനെ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ആതിഥേയക്ലബ്ബിന്റെ തോല്‍വി. മത്സരം അധികസമയത്തേക്കു നീളുമെന്നുറപ്പിച്ച ഘട്ടത്തില്‍ 88-ാം മിനുട്ടില്‍ ഇസ അല്‍കാസിറാണ് പെര്‍സ്‌പോലിസിന്റെ വിജയഗോള്‍ നേടിയത്.
മത്സരത്തില്‍ ആധിപത്യം സദ്ദിനായിരുന്നു. നിരവധി തവണ സദ്ദിന്റെ മുന്നേറ്റനിര പെര്‍സ്‌പോലീസ് ഗോള്‍മുഖത്ത് ഭീഷണി ഉയര്‍ത്തിയെങ്കിലും ഷോട്ടുകള്‍ ലക്ഷ്യം കണ്ടില്ല. 2018ലെ ചാമ്പ്യന്‍സ് ലീഗിന്റെ സെമിഫൈനലില്‍ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോഴും വിജയം ഇറാന്‍ ക്ലബ്ബിനായിരുന്നു. ചാമ്പ്യന്‍സ് ലീഗ് പടിഞ്ഞാറന്‍ മേഖലാ വിഭാഗത്തില്‍ മത്സരിച്ച മറ്റൊരു ഖത്തരി ക്ലബ്ബായ അല്‍ദുഹൈല്‍ റൗണ്ട് 16ലേക്ക് യോഗ്യത നേടാനാകാതെ നേരത്തെതന്നെ പുറത്തായിരുന്നു. ക്വാര്‍ട്ടര്‍ കാണാതെ അല്‍സദ്ദും പുറത്തായതോടെ ലീഗിലെ ഖത്തര്‍ സാന്നിധ്യവും അവസാനിച്ചു. എജ്യൂക്കേഷന്‍ സിറ്റി സ്‌റ്റേഡിയത്തില്‍ നടന്ന സഊദി ക്ലബ്ബുകള്‍ തമ്മിലുള്ള മറ്റൊരു റൗണ്ട് 16 പോരാട്ടത്തില്‍ അല്‍നാസര്‍ എതിരില്ലാത്ത ഒരു ഗോളിന് അല്‍താവൂനെ പരാജയപ്പെടുത്തി ക്വാര്‍ട്ടറിലെത്തി. 75-ാം മിനുട്ടില്‍ അബ്ദുറസ്സാഖ് ഹംദല്ലയാണ് അല്‍നാസറിന്റെ വിജയ ഗോള്‍ നേടിയത്.
സഊദി അറേബ്യയുടെ അല്‍അഹ്‌ലിയും ഉസ്ബകിസ്താന്റെ പഖ്്തഖോറും നേരത്തെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നിരുന്നു. സെപ്തംബര്‍ മുപ്പതിനാണ് ആദ്യ രണ്ടു ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ നടക്കുക.

error: Content is protected !!