Saturday, August 15ESTD 1934

സ്റ്റാര്‍സ് ലീഗ്: അല്‍സദ്ദിന് വിജയം, ദുഹൈലിന് സമനില

ജാസിം ബിന്‍ ഹമദ് സ്‌റ്റേഡിയത്തില്‍ നടന്ന അല്‍സദ്ദ്- അല്‍ഖോര്‍ മത്സരത്തില്‍ നിന്ന്

ദോഹ: ഖത്തര്‍ സ്റ്റാര്‍സ് ലീഗിന്റെ 18-ാം റൗണ്ടില്‍ ശനിയാഴ്ച നടന്ന മത്സരങ്ങളില്‍ അല്‍സദ്ദ് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് അല്‍ഖോറിനെ തോല്‍പ്പിച്ചു. മറ്റൊരു മത്സരത്തില്‍ ഉംസലാല്‍ കരുത്തരായ ദുഹൈലിനെ സമനിലയില്‍ തളച്ചു. വഖ്‌റയിലെ അല്‍ജനൂബ് സ്റ്റേഡിയത്തില്‍ ശനിയാഴ്ച വൈകുന്നേരം നടന്ന മത്സരത്തില്‍ ദുഹൈലും ഉംസലാലും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ കലാശിച്ചു. രണ്ടാംപകുതിയിലായിരുന്നു ഇരുടീമുകളും ഗോളുകള്‍ സ്‌കോര്‍ ചെയ്തത്. 49-ാം മിനുട്ടില്‍ പെനാലിറ്റിയിലൂടെ അല്‍മോയെസ് അലി ദുഹൈലിനെ മുന്നിലെത്തിച്ചെങ്കിലും 52-ാം മിനുട്ടില്‍ അയ്യൂബ് അസീസിയിലൂടെ ഉംസലാല്‍ തിരിച്ചടിച്ചു. ലീഗ് കിരീടത്തിലേക്ക് അതിവേഗം അടുക്കുന്ന ദുഹൈലിന് ഈ സമനിലയോടെ രണ്ടുപോയിന്റ് നഷ്ടമായി. 18 മത്സരങ്ങളില്‍ പതിമൂന്ന്് വിജയങ്ങളും നാലു സമനിലയും ഒരു തോല്‍വിയുമായി 43 പോയിന്റാണ് ദുഹൈലിനുള്ളത്. അതേസമയം ഈ സമനിലയോടെ ലീഗ് ഫസ്റ്റ് ഡിവിഷനില്‍ തന്നെ നിലനില്‍ക്കാനുള്ള സാധ്യത ഉംസലാല്‍ വര്‍ധിപ്പിച്ചു. ദുഹൈലിനെതിരായ മത്സരം പരാജയപ്പെട്ടിരുന്നെങ്കില്‍ ലീഗില്‍ തരംതാഴ്ത്തലിനു കാരണമാകുമായിരുന്നു. മൂന്നു വിജയങ്ങളും ആറു സമനിലകളും ഒന്‍പത് തോല്‍വിയും സഹിതം 15 പോയിന്റുകളാണ് ഉംസലാലിനുള്ളത്. ഈ സീസണിലെ ആദ്യപാദത്തില്‍ ദുഹൈല്‍ എതിരില്ലാത്ത ഒരു ഗോളിന് ഉംസലാലിനെ തോല്‍പ്പിച്ചിരുന്നു. എന്നാല്‍ രണ്ടാംപാദത്തില്‍ മികച്ച പ്രകടനത്തിലൂടെ ദുഹൈലിനെ സമനിലയില്‍ തളക്കാന്‍ ഉംസലാലിനായി. ശനിയാഴ്ച നടന്ന മറ്റൊരു മത്സരത്തില്‍ ലീഗില്‍ മൂന്നാം സ്ഥാനത്തുനില്‍ക്കുന്ന അല്‍സദ്ദ് അല്‍ഖോറിനെ പരാജയപ്പെടുത്തി. ഖത്തറിന്റെ രാജ്യാന്തരതാരം അക്രം അഫീഫാണ് രണ്ടുഗോളുകളും സ്‌കോര്‍ ചെയ്തത്. 2019ലെ എഎഫ്‌സി പ്ലെയര്‍ ഓഫ് ദി ഇയറായ അഫീഫ് 25-ാം മിനുട്ടിലും 45(2)-ാം മിനുട്ടിലുമാണ് ഗോളുകള്‍ സ്‌കോര്‍ ചെയ്തത്. 27-ാം മിനുട്ടില്‍ ടിയാഗോ ബസെറയാണ് അല്‍ഖോറിന്റെ ഏക ഗോള്‍ സ്‌കോര്‍ ചെയ്തത്. ലീഗില്‍ 11-ാം വിജയത്തോടെ 35 പോയിന്റ് സദ്ദ് നേടിയെങ്കിലും ഒന്നാംസ്ഥാനത്തുള്ള ദുഹൈലുമായി എട്ടു പോയിന്റിന്റെ വ്യത്യാസമുണ്ട്. ഇനിയുള്ള മത്സരങ്ങളിലെല്ലാം ദുഹൈല്‍ പരാജയപ്പെടുകയോ സമനിലയിലാവുകയും ചെയ്യുകയും ഒപ്പം സദ്ദ് എല്ലാ മത്സരങ്ങളും വിജയിക്കുകയും ചെയ്താല്‍ മാത്രമെ സദ്ദിന് കിരീടസാധ്യതയുള്ളു.

error: Content is protected !!