ദോഹ: യുനെസ്‌കോ ലേണിംഗ് സിറ്റി പുരസ്‌കാരത്തിന് അര്‍ഹത നേടി ഖത്തറിലെ അല്‍വഖ്‌റ നഗരം. യുനെസ്‌കോ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ലൈഫ് ലോംഗ് ലേണിംഗ് (യുഐഎല്‍) ആണ് ഇക്കാര്യം അറിയിച്ചത്. ഈ വര്‍ഷം അവാര്‍ഡ് നേടിയ പത്ത് നഗരങ്ങളില്‍ ഒന്നാണ് അല്‍വഖ്‌റ.
ഗള്‍ഫില്‍ നിന്ന് സഊദിഅറേബ്യയിലെ ജുബൈല്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റിയാണ് പുരസ്‌കാര അര്‍ഹമായ നഗരം. ബെല്‍ഫാസ്റ്റ് (യു.കെ ആന്റ് നോര്‍ത്തേണ്‍ അയര്‍ലന്‍ഡ്), ക്ലെര്‍മോണ്ട്‌ഫെറാന്‍ഡ് (ഫ്രാന്‍സ്), ഡാമിയറ്റ (ഈജിപ്ത്), ഡബ്ലിന്‍ (അയര്‍ലന്‍ഡ്), ഹ്യൂജോത്സിംഗോ, (മെക്‌സിക്കോ), ഒസാന്‍ (കൊറിയ്), ഷാങ്ഹായ് (പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈന), വിന്ദാം (ഓസ്‌ട്രേലിയ) എന്നിവയാണ് അവാര്‍ഡ് ലഭിച്ച മറ്റു ലോക നഗരങ്ങള്‍. ഏകദേശം 90,000 നിവാസികള്‍ക്ക് ആജീവനാന്ത പഠന അവസരങ്ങള്‍ ഒരുക്കുന്നതില്‍ പ്രധാന പങ്കാളിത്തം വഹിച്ചതാണ് അല്‍വഖ്‌റയെ പരിഗണനക്ക് അര്‍ഹമാക്കിയത്. കൊറിയയില്‍ നടന്ന നഗരങ്ങളെക്കുറിച്ച് പഠിക്കാനുള്ള അഞ്ചാമത് അന്താരാഷ്ട്ര സമ്മേളനത്തിന്റെ ആദ്യ ദിനത്തിലാണ് അവാര്‍ഡ് പ്രഖ്യാപനം നടന്നത്. ഇന്നലെ ദോഹയില്‍ നടന്ന പ്രത്യേക ചടങ്ങില്‍ യുനെസ്‌കോ ദോഹ ഓഫീസ് ഡയറക്ടര്‍ ഡോ. അന്ന പൗളിനി അല്‍വഖ്‌റ മുന്‍സിപ്പാലിറ്റി പ്രതിനിധി മന്‍സൂര്‍ അല്‍ബുഐനൈന് അവാര്‍ഡ് കൈമാറി. പ്രായമായവര്‍ക്കും സ്ത്രീകള്‍ക്കും തൊഴിലാളികള്‍ക്കും പ്രത്യേക ആവശ്യങ്ങളുള്ളവര്‍ക്കും പഠനാവസരങ്ങള്‍ നല്‍കുന്നതിനുള്ള നഗരത്തിന്റെ പ്രവര്‍ത്തനമാണ് സ്തുത്യര്‍ഹമായത്. ജോലി സമയത്തിന് പുറത്തുള്ള തൊഴിലാളികള്‍ക്ക് കമ്പ്യൂട്ടര്‍ നല്‍കി പഠനം ലഭ്യമാക്കുന്നതിലും പ്രത്യേക ആവശ്യങ്ങളുള്ള ആളുകള്‍ക്ക് സൗജന്യമായി വിദ്യാഭ്യാസം നല്‍കുന്നതിലും ഖത്തറിലെ വിവിധ നഗരങ്ങള്‍ക്ക് മാതൃകയാണ് അല്‍വഖ്‌റ. അന്താരാഷ്ട്ര വിദഗ്ധരായ സ്വതന്ത്ര ജൂറിയാണ് അല്‍വഖ്‌റയെ ശുപാര്‍ശ ചെയ്തത്.
ഖത്തറിലെ അല്‍വഖ്‌റക്ക് യുനെസ്‌കോ ലേണിംഗ് സിറ്റി പുരസ്‌കാരം
