
ദോഹ: കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ രണ്ടാംഘട്ടത്തിന്റെ ഭാഗമായി ദോഹ ഫെസ്റ്റിവല്‍ സിറ്റിയിലെ എല്ലാ റീട്ടെയില്‍ ഔട്ട്‌ലെറ്റുകളും തുറന്നു. സന്ദര്‍ശകര്‍ക്ക് പ്രിയപ്പെട്ട ഫാഷന്‍, ഗാര്‍ഹികോപകരണങ്ങള്‍, ഇലക്ട്രോണിക് ഉത്പന്നങ്ങള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍ എന്നിവയെല്ലാം ഷോപ്പിങ് നടത്തുന്നതിനുള്ള അവസരമുണ്ടാകും.
സാധാരണ മേള്‍ ശേഷിയുടെ 50ശതമാനം വരെ ശേഷിയിലാണ് മാളിന്റെ പ്രവര്‍ത്തനം. ഓരോ സ്‌റ്റോറിലും സാമൂഹിക അകലം പാലിക്കുന്നതുള്‍പ്പടെ പ്രതിരോധ നടപടികള്‍ നിലനിര്‍ത്തിക്കൊണ്ടാണ് റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ തുറന്നിരിക്കുന്നത്. ഹാര്‍വി നിക്കോള്‍സ്, എഫ്എന്‍സി, ഗോ സ്‌പോര്‍ട്‌സ് എന്നിവയുള്‍പ്പെടെയുള്ള ബ്രാന്‍ഡുകളെല്ലാം തുറന്നിട്ടുണ്ട്. ഫൈവ് ഗൈസ്, മൈസണ്‍ ഡു സുഷി, ഈറ്റ്‌ലി എന്നിവയുള്‍പ്പടെയുള്ള മാളിലെ വിവിധ റെസ്റ്റോറന്റുകള്‍, കഫേകള്‍, ഫുഡ് സ്റ്റാളുകള്‍ എന്നിവയില്‍നിന്നും ഹോം ഡെലിവറി, ടേക്ക്എവേ സേവനങ്ങളും ലഭിക്കും. എല്ലാ മുന്‍കരുതല്‍ നടപടികളും പാലിച്ചുകൊണ്ട് പന്ത്രണ്ട് വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കാണ് മാളില്‍ പ്രവേശനം. പന്ത്രണ്ട് വയസിനുമുകളിലുള്ളവര്‍ രക്ഷിതാക്കള്‍ക്കൊപ്പമായിരിക്കണം എത്തേണ്ടത്. ഇഹ്തിറാസ് ആപ്പില്‍ ആരോഗ്യനില പച്ചനിറമായിരിക്കണം. മാളിലായിരിക്കുമ്പോള്‍ നിര്‍ബന്ധമായും മാസ്‌ക്ക് ധരിച്ചിരിക്കണം. ദോഹ ഫെസ്റ്റിവല്‍ സിറ്റിയില്‍ ജീവനക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ആരോഗ്യ-സുരക്ഷാ നടപടികള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ ആഴ്ചയിലും മാള്‍ സമഗ്രമായി അണുവിമുക്തമാക്കും. മാളിലെ വ്യാപാര സമയങ്ങളില്‍ ശക്തമായ ശുചീകരണ-ശുചിത്വപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും. ലിഫ്റ്റുകളും ഇരിപ്പിടങ്ങളും ഓരോ 30 മുതല്‍ 45 മിനുട്ടിലും ശുചീകരിക്കും. എന്‍ട്രി, എക്‌സിറ്റ് പോയിന്റുകള്‍, കസ്റ്റമര്‍ സര്‍വീസ് ഡെസ്‌ക്കുകള്‍, ഓഫീസുകള്‍, എലിവേറ്ററുകള്‍, വാഷ്റൂമുകള്‍ എന്നിവയുള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ 127 ഹാന്‍ഡ് സാനിറ്റൈസിംഗ് സ്റ്റേഷനുകള്‍ സ്ഥാപിച്ചിട്ടുണ്ട്.മാളിന്റെയും എല്ലാ ഷോപ്പുകളുടെയും പ്രവേശന കവാടത്തില്‍ സന്ദര്‍ശകര്‍ ഇഹ്തിറാസ് ആപ്പിലെ പച്ചനിറം കാണിക്കണം. മാളിന്റെ പാര്‍ക്കിങ് സ്ഥലങ്ങളുടെ ശേഷിയും 50ശതമാനമാക്കി കുറച്ചിട്ടുണ്ട്.
വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം ഞായര്‍ മുതല്‍ വ്യാഴം വരെ രാവിലെ എട്ടു മുതല്‍ രാത്രി പത്തുവരെയായിരിക്കും മാള്‍ തുറക്കുക.