
അശ്റഫ് തൂണേരി/ദോഹ: ഖത്തറില്‍ ആദ്യമായി അല്‍മീര കടലില്‍ സജ്ജീകരിച്ച ഫ്ളോട്ടിംഗ് സൂപ്പര്‍മാര്‍ക്കറ്റ് ശ്രദ്ധേയമാവുന്നു. അല്സഫ്ലിയ ദ്വീപിനടുത്തായി നങ്കൂരമിട്ട പ്രത്യേക ബോട്ടില്‍ ഭക്ഷ്യ ഇനങ്ങളും മറ്റ് അവശ്യവസ്തുക്കളുമായി സജ്ജീകരിച്ച ഗ്രോസറിയില്‍ നിരവധി പേരാണെത്തുന്നത്. ‘ഒഴുകുന്ന’ ഗ്രോസറി എങ്ങിനെയെന്നറിയാനായി ആവേശപൂര്വ്വമെത്തുന്നവരും ഏറെയാണെന്ന് അല്‍മീര അധികൃതര്‍ പറഞ്ഞു. ഈ വര്‍ഷം മെയ് മാസത്തിലാണ് അല്‍മീരയുടെ ഫ്ളോട്ടിംഗ് ഗ്രോസറിക്ക് തുടക്കമായത്. ഖത്തറില്‍ ആദ്യവും അറബ് മേഖലയില്‍ രണ്ടാമതുമാണ് ഇത്തരമൊരു സംരഭം. വ്യത്യസ്തങ്ങളായ ഭക്ഷ്യവിഭവങ്ങളും പാനീയങ്ങളും ഫ്രൂട്സും സൂപ്പര്‍മാര്‍ക്കറ്റില്‍ ലഭ്യമാണ്. കടലില്‍ വിനോദസഞ്ചാരത്തിനെത്തുന്നവര്ക്കും നാവികര്‍ക്കും മീന്പീടുത്തക്കാര്ക്കും അടുത്തുള്ള ദ്വീപ് സന്ദര്‍ശകര്‍ക്കുമെല്ലാം ഏറെ ഉപകാരപ്രദമാവുന്നതാണ് ഈ ഗ്രോസറി.
https://www.facebook.com/watch/?v=140954168153854
ഖത്തറില്‍ കൈറ്റ് സര്‍ഫിംഗ്, പാരാസൈലിംഗ്, കയാകിംഗ് തുടങ്ങിയ കടല്വിനോദ കായിക പരിപാടികളില്‍ പങ്കെടുക്കുന്നവരും പരിശീലിക്കുന്നവരും ധാരാളമാണ്. സ്വന്തം ബോട്ടുകളിലും സ്വകാര്യ സേവനം നടത്തുന്ന ബോട്ടുകളിലുമായും എത്തുന്ന കടല്‍ സഞ്ചാരികളുമുണ്ട്. ഇവര്‍ക്കെല്ലാം അല്‍മീരയുടെ ഫ്ളോട്ടിംഗ് ഗ്രോസറി ആവശ്യങ്ങള്‍ നിറവേറ്റാനുപകരിക്കും.
അറബ് മേഖലയില്‍ യു.എ.ഇയിലാണ് ആദ്യമായി ഫ്ളോട്ടിംഗ് സൂപ്പര്‍മാര്‍ക്കറ്റിന് തുടക്കമിടുന്നത്. 2018-ല്‍ ഫ്രാന്‍സ് കേന്ദ്രമായുള്ള അന്താരാഷ്ട്രാ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ കാരിഫോര്‍ ആയിരുന്നു ഫ്ളോട്ടിംഗ് ഗ്രോസറിക്ക് ദുബൈയില്‍ തുടക്കം കുറിച്ചത്.
ഖത്തറില്‍ അമ്പതിലധികം ശാഖകളുള്ള അല്‍മീരയുടെ പുതിയ സംരഭമാണ് ഫ്ളോട്ടിംഗ് ഗ്രോസറി.