
ദോഹ: അല്‍മിഷാഫ് സൗത്തില്‍ റോഡ്, അടിസ്ഥാന സൗകര്യ വികസനപദ്ധതിയുടെ ഭാഗമായ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങി. പൊതുമരാമത്ത് അതോറിറ്റി അശ്ഗാലാണ് ഇക്കാര്യം അറിയിച്ചത്. പാക്കേജ് ഏഴിന്റെ ഭാഗമായാണ് പദ്ധതി. ഫിഫ ലോകകപ്പിലെ പ്രധാന മത്സരവേദികളിലൊന്നായ അല്‍ജനൂബ് സ്റ്റേഡിയത്തിന്റെ വടക്ക് പടിഞ്ഞാറ്, തെക്കന്‍ ദോഹ എക്സ്പ്രസ് വേയുടെ പടിഞ്ഞാറ് ഭാഗങ്ങളിലായാണ് പാക്കേജ്-7ന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍.
അല്‍മിഷാഫ് സൗത്തിലെ 1,389 പാര്‍പ്പിട പ്ലോട്ടുകള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുകയെന്ന് അശ്ഗാല്‍ റോഡ് പ്രൊജക്റ്റ്‌സ് വിഭാഗത്തിലെ ദക്ഷിണമേഖലയുടെ ചുമതലയുള്ള പ്രൊജക്റ്റ് എന്‍ജിനീയര്‍ അലി അഹമ്മദ് അല്‍അന്‍സാരി പറഞ്ഞു. ഗതാഗത ഒഴുക്ക് സുഗമമാക്കുന്നതിനായി 24.8 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ റോഡ് വികസിപ്പിക്കും. സമീപഭാവിയില്‍ സ്ഥാപിക്കപ്പെടുന്ന സ്‌കൂളുകള്‍, പള്ളികള്‍, വാണിജ്യസമുച്ചയങ്ങള്‍, യുവജനകേന്ദ്രങ്ങള്‍ എന്നിവ ഉള്‍പ്പടെയുള്ള പൊതുസൗകര്യങ്ങളുമായി റോഡിനെ ബന്ധിപ്പിക്കുന്ന വിധത്തിലായിരിക്കും നിര്‍മാണം. 1,690 കാര്‍ പാര്‍ക്കിങ് സ്ഥലം, 41 കിലോമീറ്റര്‍ കാല്‍നട, സൈക്കിള്‍ പാത, 20 കിലോമീറ്റര്‍ മലിന ജല ശൃംഖല, 22.8 കിലോമീറ്റര്‍ ഡ്രെയിനേജ് ശൃംഖല എന്നിവയും പദ്ധതിയുടെ ഭാഗമാണ്. ഭൂമിശാസ്ത്രപരമായി മൂന്നു മേഖലകളായി തിരിച്ചാണ് നിര്‍മാണം. 2022ന്റെ നാലാം പാദത്തില്‍ പൂര്‍ത്തിയാകും. 42.2 കോടി റിയാല്‍ ആണ് പദ്ധതിയുടെ ചെലവായി പ്രതീക്ഷിക്കുന്നത്. തഹീല്‍ പദ്ധതിയുടെ ഭാഗമായി നിര്‍മാണത്തില്‍ 85 ശതമാനവും തദ്ദേശീയ ഉത്പന്നങ്ങളായിരിക്കും ഉപയോഗിക്കുക. പ്രാദേശിക ഉത്പാദകര്‍ക്കും നിര്‍മാതാക്കള്‍ക്കും പദ്ധതിയില്‍ സുപ്രധാന പങ്കുണ്ടായിരിക്കും. പെട്രോസെര്‍വ് ലിമിറ്റഡ്, റോഡ്ബ്രിഡ്ജ് സംയുക്ത സംരംഭത്തിനാണ് നിര്‍മ്മാണച്ചുമതല.