in

അല്‍റയ്യാന്‍ സ്‌റ്റേഡിയത്തിന് ആരോഗ്യ സുരക്ഷാ അംഗീകാരം

ദോഹ: 2022 ഫിഫ ലോകകപ്പിനൊരുങ്ങുന്ന അല്‍ റയ്യാന്‍ സ്റ്റേഡിയം ആരോഗ്യ സുരക്ഷാ മേഖലയില്‍ നാഴികക്കല്ല് കൈവരിച്ചു. രണ്ടു തവണ അപകടരഹിത 20 ദശലക്ഷം തൊഴില്‍ മണിക്കൂറുകള്‍ പൂര്‍ത്തിയാക്കുന്ന ആദ്യത്തെ പദ്ധതി എന്ന അംഗീകാരമാണ് സ്‌റ്റേഡിയത്തിന് ലഭിച്ചത്. ലോകകപ്പ് സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി(എസ്സി) പ്രധാന കരാറുകാരുമായി സഹകരിച്ച് നടപ്പിലാക്കിയ കര്‍ശനമായ ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങളാണ് ഈ നേട്ടത്തിനു കാരണം.
ഇന്ത്യന്‍ കമ്പനിയായ ലാര്‍സണ്‍ ആന്റ് ടുബ്രോ(എല്‍ ആന്‍ഡ് ടി)യും പ്രാദേശിക കമ്പനിയായ അല്‍ ബലാഗ് ട്രേഡിംഗ് ആന്റ കോണ്‍ട്രാക്ടിംഗ് കമ്പനിയും സംയുക്തമായാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ഈ നാഴികക്കല്ല് നേടിയതില്‍ വളരെയധികം അഭിമാനമുണ്ടെന്നും തൊഴില്‍ശക്തിയുടെ ആരോഗ്യത്തിനും സുരക്ഷക്കുമാണ് പ്രാധാന്യം നല്‍കുന്നതെന്നും അല്‍റയ്യാന്‍ സ്റ്റേഡിയം പ്രൊജക്റ്റ് ഡയറക്ടര്‍ എന്‍ജിനിയര്‍ അബ്ദുല്ല അല്‍ഫെഹാനി പറഞ്ഞു. പരിസ്ഥിതി സൗഹൃദനിര്‍മാണവസ്തുക്കള്‍ ഉപയോഗിച്ച്് പരിസ്ഥിതി സൗഹൃദമായാണ് നിര്‍മാണം. സുസ്ഥിരതയ്ക്കാണ് പ്രാധാന്യം. 40,000 സീറ്റിങ് കപ്പാസിറ്റിയുള്ള സ്‌റ്റേഡിയത്തിലെ ആകെയുള്ള മോഡുലാര്‍ സീറ്റുകളുടെ പകുതിയോളം 2022 ലോകകപ്പിനുശേഷം നീക്കം ചെയ്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഫുട്‌ബോള്‍ വികസന പദ്ധതികള്‍ക്കായി സംഭാവന നല്‍കും. ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയുള്ള മത്സരങ്ങള്‍ക്കാകും വേദിയാകുക. അല്‍റയ്യാന്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ഹോം വേദിയായ അഹമ്മദ് ബിന്‍ അലി സ്‌റ്റേഡിയത്തിന്റെ സൈറ്റിലാണ് റയ്യാന്‍ സ്റ്റേഡിയം സജ്ജമാകുന്നത്. നൂതനമായ മേല്‍ക്കൂര ഘടനയാണ് സ്‌റ്റേഡിയത്തിനായി വികസിപ്പിച്ചിരിക്കുന്നത്. കാണികള്‍ക്ക് ഏറ്റവും മികച്ച കാഴ്ചാനുഭവം പ്രദാനം ചെയ്യുന്നതായിരിക്കും ക്രമീകരണങ്ങള്‍. വലിച്ചൂനീട്ടാവുന്നതും ചുരുക്കാവുന്നതുമായ മോതിര ഘടനയിലുള്ള ഖത്തറിലെ ആദ്യത്തെ കെട്ടിടനിര്‍മിതിയാണ് റയ്യാന്‍ സ്‌റ്റേഡിയത്തിന്റേത്. ഉള്ളിലെ ചുറ്റളവില്‍ തൂണുകളോ മറ്റു തടസങ്ങളോ ഇല്ല. കാണികള്‍ക്ക് സുഗമമായും യാതൊരു പ്രതിബന്ധങ്ങളില്ലാതെയും ഗ്രൗണ്ടിലെ മത്സരം ആസ്വദിക്കാനാകും. കാണികളുടെ കണ്ണിനെ പിച്ചില്‍ നിന്നും തടസപ്പെടുത്തുന്ന യാതൊന്നും ഉള്ളിലെ ചുറ്റളവിലുണ്ടാകില്ല. 48 സ്റ്റീല്‍ തൂണുകളുടെ പിന്തുണയോടെയാണ് 32,700 സ്‌ക്വയര്‍മീറ്റര്‍ മേല്‍ക്കൂര ഘടന സ്ഥാപിച്ചിരിക്കുന്നത്. പിച്ചിന്റെ പുറത്തെ ചുറ്റളവുമായി ബന്ധപ്പെടുത്തിയാണ് ഈ തൂണുകള്‍ നിലകൊള്ളുന്നത്.
68,000ലധികം ക്യുബിക് മീറ്റര്‍ കോണ്‍ക്രീറ്റ് പാകിയതിനൊപ്പം മുന്‍കൂട്ടി വാര്‍ത്തെടുത്ത 1396 ഇരിപ്പിടങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു.സൈക്കിള്‍ വീല്‍ തത്വത്തെ അടിസ്ഥാനപ്പെടുത്തിയാണ് മേല്‍ക്കൂരയുടെ ഘടന തയാറാക്കിയിരിക്കുന്നത്. വലിയ ഭാരം വഹിക്കാന്‍ കഴിയുന്ന വിധത്തിലുള്ള ഭാരംകുറഞ്ഞ ഘടനയാണ് സ്റ്റേഡിയത്തിന്റേത്. കളി സ്ഥലവും വെളിച്ച വിതാനവും കൂടാതെ കളി വലിയ സ്‌ക്രീനില്‍ കാണാനുള്ള സൗകര്യവും മികച്ച ശബ്ദവിതാനവും സ്റ്റേഡിയത്തിന്റെ മുഖപ്പും ഉള്‍പ്പെടെ ചട്ടക്കൂടില്‍ നിന്നും തൂങ്ങിനില്‍ക്കുന്ന രൂപത്തിലാണുണ്ടാവുക.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

‘കെ എം സി സി പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയം’

സ്റ്റേഡിയം വര്‍ഷാവസാനത്തോടെ സജ്ജമാകും