
ദോഹ: സന ഇന്റര്‍സെക്ഷന്‍ എന്നറിയപ്പെടുന്ന അല്‍റുഫ ഇന്റര്‍സെക്ഷന്‍ നവീകരണത്തിനുശേഷം ഗതാഗതത്തിനായി തുറന്നു. എ-റിങ് റോഡ് വികസന പദ്ധതിയുടെ ഭാഗമാണ് ഇന്റര്‍സെക്ഷന്‍ പൂര്‍ത്തിയാക്കിയത്. ദോഹയിലെ സുപ്രധാന റോഡുകളായ റാസ് അബുഅബൗദ്, സ്ട്രീറ്റ് അലി ബിന്‍ ഉമര്‍ അല്‍അത്തിയ്യ സ്ട്രീറ്റ്, അഹമ്മദ് ബിന്‍ മുഹമ്മദ് ബിന്‍ താനി സ്ട്രീറ്റ്(എ-റിങ് റോഡ്), ബി റിങ് റോഡ് എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുന്നതാണ് ഇന്റര്‍സെക്ഷന്‍. മേഖലയിലെ വാഹനശേഷി ഉയര്‍ത്തുന്നതിനും തിരക്ക് കുറക്കുന്നതിനും ഇതിലൂടെ സാധിക്കും. ഉംഗുവൈലിന, അല്‍ഹിത്മി, ഓള്‍ഡ് അല്‍ഗാനിം, ദോഹ ജദീദ് എന്നിവിടങ്ങളിലേക്കുള്ള ഗതാഗതവും ഇതോടെ സുഗമമായിട്ടുണ്ട്. ഹമദ് രാജ്യാന്തര വിമാനത്താവളം, ഖത്തര്‍ നാഷനല്‍ മ്യൂസിയം, ആരോഗ്യ സേവന കേന്ദ്രങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേക്കും സന ഇന്റര്‍സെക്ഷനിലൂടെ വേഗത്തിലെത്താം. ഇന്റര്‍സെക്ഷനില്‍ റാസ് അബു അബൗദ് സ്ട്രീറ്റില്‍ നിന്ന് അഹമ്മദ് ബിന്‍ മുഹമ്മദ് ബിന്‍ താനി സ്ട്രീറ്റിലേക്ക് നാല് വരി പാതയും ഇടത്തേക്ക് ബി റിങ് റോഡിലേക്ക് തിരിയാന്‍ മൂന്ന് വരി പാതയും വലത്തേക്ക് ഒറ്റവരി പാതയുമാണുള്ളത്.
ബി റിങ് റോഡിലെ പാതകളുടെ എണ്ണം നാലായി വര്‍ധിപ്പിച്ചിട്ടുണ്ട്. ദോഹയുടെ ഹൃദയഭാഗത്ത് ഗതാഗതത്തിരക്ക് കുറയ്ക്കുകയും വാഹനഗതാഗതം സുഗമമാക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് എ-റിങ് റോഡ് വികസനപദ്ധതിനടപ്പാക്കുന്നത്. നിരവധി വാണിജ്യ, റസിഡന്‍ഷ്യല്‍ മേഖലകളെയും മുഷൈരിബ് ഡൗണ്‍ടൗണ്‍ ദോഹ ഉള്‍പ്പടെ പ്രധാനപ്പെട്ട വികസനപദ്ധതികളെയും ബന്ധിപ്പിക്കുന്നതായിരിക്കും എ-റിങ് റോഡ് വികസനപദ്ധതി.