
ദോഹ: സബാഹ് അല്‍അഹമ്മദ് ഇടനാഴി പദ്ധതിപ്രവര്‍ത്തനങ്ങളുടെ ഭാഗമായി അല്‍വാബ്, മുറൈഖ് ഇന്റര്‍ചേഞ്ചുകള്‍ ഗതാഗതത്തിനായി തുറന്നു. രാജ്യത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ പാലം ഉള്‍പ്പടെയാണ് ഗതാഗതത്തിനായി തുറന്നത്. പൊതുമരാമത്ത് അതോറിറ്റി അശ്ഗാലാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ ഏറ്റവും സുപ്രധാന ഇന്റര്‍ചേഞ്ചാണ് അല്‍വാബ്. അവശേഷിച്ച ബ്രിഡ്ജിങ് ജോലികള്‍ പൂര്‍ത്തിയാക്കിയാണ് ഗതാഗതത്തിനായി തുറന്നത്. പ്രദേശത്തെ ഗതാഗതം മെച്ചപ്പെടുത്തുന്നതിനായാണ് അല്‍വാബില്‍ ഇന്റര്‍ചേഞ്ച് വികസിപ്പിച്ചിരിക്കുന്നത്. എട്ടു പാലങ്ങളും രണ്ടു പ്രധാന ഗതാഗത സിഗ്നലുകളും ഉള്‍പ്പെടുന്ന രണ്ടു ലവല്‍ ഇന്റര്‍സെക്ഷനുകളാണ് ഇവിടെയുള്ളത്. അല്‍വാബ്, മുറൈഖ് ഇന്റര്ചേഞ്ചുകളിലേക്ക് വ്യാപിച്ചു കിടക്കുന്നതും അല്‍ മുകഫഹ ഇന്റര്‍ചേഞ്ച് വരെ നീളമുള്ളതും രാജ്യത്തെ ഏറ്റവും ദൈര്‍ഘ്യമേറിയതുമായ 2.6 കിലോമീറ്റര്‍ പാലമാണ് ഗതാഗതത്തിനായി തുറന്നത്. ദൈര്‍ഘ്യമേറിയ പാലം തുറന്നതോടെ ഇരുവശങ്ങളിലേക്കും നാലു വരി പാതകളുള്ള പാലത്തിലൂടെ സല്‍വ റോഡ്, അല്‍വാബ് എന്നിവിടങ്ങളില്‍ നിന്ന് അല്‍റയ്യാന്‍, അല്‍ റയ്യാന്‍ റോഡിലേക്കും തിരിച്ചുമുള്ള ഗതാഗതം എന്നിവ സുഗമമാകും. അല്‍വാബ് ഇന്റര്‍ചേഞ്ച് തുറന്നതോടെ എല്ലാ സ്ഥലങ്ങളിലേക്കും മെട്രോ സ്റ്റേഷനുകളിലേക്കുമുള്ള യാത്രയും സുഗമമായിട്ടുണ്ട്. ദൈര്‍ഘ്യമേറിയ പാലത്തിനു പുറമെ അല്‍വാബ് സ്ട്രീറ്റിനേയും മൈദറില്‍ നിന്ന് അല്‍ റയ്യാനിലേക്കുമുള്ള പാതയേയും ബന്ധിപ്പിക്കുന്ന 1,140 മീറ്റര്‍ നീളമുള്ള പുതിയ മേല്‍പാലം, അല്‍വാബ് സ്ട്രീറ്റില്‍ അല്‍സദ്ദ്, ദോഹ എക്സ്പ്രസ് വേ എന്നിവിടങ്ങളില്‍ നിന്നും അല്‍വാബ്, സല്‍വ റോഡ് എന്നിവിടങ്ങളിലേക്ക് ബന്ധിപ്പിക്കുന്ന 740 മീറ്റര്‍ മേല്‍പാലം, അല്‍വാബ്, മുറൈഖ് ഇന്റര്ചേഞ്ചുകളിലേക്കുള്ള പ്രവേശനവും എക്സിറ്റും സുഗമമാക്കുന്നതിനുള്ള അഞ്ചു പാലങ്ങള്‍ എന്നിവയും തുറന്നു. എല്ലാ ദിശകളിലേക്കും ഗതാഗത ഒഴുക്ക് മെച്ചപ്പെടുത്താന്‍ ഇതിലൂടെ സാധിക്കും. പ്രത്യേകിച്ചും അല്‍വാബ് സ്ട്രീറ്റിലേക്കും സബാഹ് അല്‍അഹമ്മദ് ഇടനാഴിയിലേക്കും ഗതാഗതം സുഗമമാക്കാനാകും.
ദോഹ എക്സ്പ്രസ് വേ, സല്‍വ റോഡ്, സബാഹ് അല്‍ അഹമ്മദ് ഇടനാഴി യാത്ര കൂടുതല്‍ സുഗമമാകും. മണിക്കൂറില്‍ 10,000 വാഹനങ്ങളെ ഉള്‍ക്കൊള്ളാന്‍ പര്യാപ്തമാണ് അല്‍വാബ് ഇന്റര്‍ചേഞ്ച്. ദോഹ എക്സ്പ്രസ്സ് വേ, സല്‍വ റോഡ്, സബാഹ് അല്‍അഹമ്മദ് ഇടനാഴി തുടങ്ങി നിരവധി പ്രധാന റോഡുകളിലേക്ക് ഗതാഗതം സുഗമമാക്കും. അല്‍വാബ്, ഫരീജ് അല്സുഡാന്, അല്‍സദ്ദ്, മെഹൈര്‍ജ ഏരിയകളിലേക്ക് ഗതാഗത ഒഴുക്ക് ഫലപ്രദമാകും. അല്‍റയ്യാന്‍, മൈദര്‍ എന്നിവിടങ്ങളിലേക്കും വേഗത്തില്‍ എത്താനാകും. റസിഡന്‍ഷ്യല്‍ കോംപ്ലക്സുകള്‍, മാളുകള്‍, സ്കൂളുകള്‍, വിദ്യാഭ്യാസ, ആരോഗ്യ സൗകര്യങ്ങള്‍ എന്നിവക്കെല്ലാം പ്രയോജനകരമാണ് അല്‍വാബ്. ഖലീഫ രാജ്യാന്തര സ്റ്റേഡിയം, ജാസിം ബിന്‍ ഹമദ് സ്റ്റേഡിയം(അല്‍ സദ്ദ്), അലി ബിന്‍ ഹമദ് അല്‍അത്തിയ അരീന, ആസ്പയര് സോണ്‍ തുടങ്ങി നിരവധി കായിക സൗകര്യങ്ങളിലേക്ക് ഇന്റര്‍ചേഞ്ച് സൗകര്യമൊരുക്കും. ദോഹ മെട്രോയുടെ ഗോള്‍ഡ് ലൈനിലെ അല്സുഡാന് സ്റ്റേഷന്, അല്‍വാബ് സ്റ്റേഷന് എന്നിവയക്കും സൗകര്യപ്രദമാണ്. അല്‍വാബ് സ്ട്രീറ്റിലെ ഗതാഗത കുരുക്ക് പരിഹരിക്കാന്‍ മുറൈഖ് ഇന്റര്‍ചേഞ്ചിന് സാധിക്കും ദോഹ എക്സ്പ്രസ് വേയില്‍ നിന്ന് സബാഹ് അല്‍ അഹമ്മദിലേക്കും അല്‍ ഖുഫൗസ്, അല്‍ ഫുറൗസിയ സ്ട്രീറ്റുകളേയും ബന്ധിപ്പിക്കുന്നതാണ് മുറൈഖ് ഇന്റര്‍ചേഞ്ച്. ഇടനാഴിയില്‍ നിന്ന് അല്‍റയ്യാന്‍ റോഡിലേക്ക് ബന്ധിപ്പിക്കുന്ന അല്‍ മുകഫഹ ഇന്റര്‍ചേഞ്ചുമായി ബന്ധിപ്പിച്ചതിനാല്‍ ദോഹ എക്സ്പ്രസ് വേ, 22 ഫെബ്രുവരി സ്ട്രീറ്റ് എന്നിവിടങ്ങളിലെ സമാന്തര ഗതാഗതം കുറക്കാനുമാകും.