
ദോഹ: ഖത്തറിലെ കോവിഡ്-19 സാഹചര്യം ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ കഴിയുന്നതായി ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ(എച്ച്എംസി) ആംബുലന്‍സ് സര്‍വീസ് വ്യക്തമാക്കി. കോവിഡ് വ്യാപന സമയത്ത് രോഗികളുടെ ഗതാഗതം സംബന്ധിച്ച് സുരക്ഷിതവും ഫലപ്രദവുമായ സേവനമാണ് ആംബുലന്‍സ് സര്‍വീസ് ലഭ്യമാക്കുന്നത്. പകര്‍ച്ചവ്യാധികള്‍ കൈകാര്യം ചെയ്യുന്നതില്‍ പരിചയവും അനുഭവസമ്പത്തും ആംബുലന്‍സ് സര്‍വീസിനുണ്ട്. കോവിഡ്-19ന്റെ സ്വഭാവം കാരണം ചില പുതിയ സംരക്ഷണ നടപടികളും അവതരിപ്പിച്ചിട്ടുണ്ടെന്ന് ആംബുലന്‍സ് സര്‍വീസ് അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ അലി ദര്‍വിഷ് പറഞ്ഞു.
കോവിഡിന്റെ സ്വഭാവം മെര്‍സ് അല്ലെങ്കില്‍ സാര്‍സ് പോലെയുള്ള മറ്റു സാംക്രമിക രോഗങ്ങളില്‍നിന്നും അല്‍പ്പം വ്യത്യസ്തമാണെന്ന് മനസിലാക്കിയിട്ടുണ്ട്. എന്നാല്‍ ഖത്തറിലെ പാരാമെഡിക്കുകള്‍ക്ക് നിലവിലെ സാഹചര്യത്തെ നേരിടാന്‍ നന്നായി പരിശീലനം നല്‍കിയിട്ടുണ്ട്. പൊതുജനാരോഗ്യ മന്ത്രാലയത്തില്‍ നിന്നും സാംക്രമിക രോഗ കേന്ദ്രത്തില്‍ നിന്നും വിവരങ്ങള്‍ എടുക്കുകയും ആംബുലന്‍സ് സേവനത്തിനായി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്. പാരാമെഡിക്കുകള്‍ക്കും രോഗികള്‍ക്കും വ്യക്തിഗത സംരക്ഷണ ഉപകരണങ്ങള്‍ നല്‍കി സംരക്ഷിക്കല്‍, രോഗികളുടെ സുഗമമായ ഗതാഗതത്തിനായി ഷെഡ്യൂള്‍ നിശ്ചയിക്കല്‍ ഉള്‍പ്പടെയുള്ള നടപടികള്‍ കൈക്കൊണ്ടു. ജീവനക്കാരുടെ സുരക്ഷക്കായി ഓഫീസ് പ്രവര്‍ത്തനത്തില്‍ നിന്ന് ഫീല്‍ഡ് പ്രവര്‍ത്തനം വിഭജിച്ചുമാറ്റി. വിര്‍ച്വല്‍ ഓഫീസ് രൂപീകരിച്ച് സാങ്കേതികവിദ്യയുടെ സഹായത്തോടെ യോഗങ്ങള്‍ നടത്തുന്നു. പതിവ് പ്രവര്‍ത്തനങ്ങളെ ബാധിക്കാത്ത വിധത്തിലാണ് ക്രമീകരണം. ആംബുലന്‍സ് സര്‍വീസ് ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ 30 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി.
ശരാശരി ആംബുലന്‍സ് സര്‍വീസിന് 700 മുതല്‍ 800 വരെ കോളുകള്‍ ലഭിക്കുമെങ്കിലും ഇപ്പോള്‍ ഈ എണ്ണം 1200 ആയി ഉയര്‍ന്നു. രോഗികളെ കൈകാര്യം ചെയ്യുന്നതിലും ചികിത്സിക്കുന്നതിലും പാരാമെഡിക്കുകളെ ബോധവല്‍ക്കരിക്കുകയും പരിശീലനം നല്‍കുകയും ചെയ്തിട്ടുണ്ട്. പ്രതിസന്ധികള്‍ കൈകാര്യം ചെയ്യുന്നതിനായി സിസ്റ്റം വൈഡ് ഇന്‍സിഡന്റ് കമാന്‍ഡ് സെന്ററുണ്ട്(എസ്ഡബ്ല്യുഐസിസി). കോവിഡ് -19 രോഗികളെ അവരുടെ അവസ്ഥ, ലിംഗഭേദം, പ്രായം മുതലായവ കണക്കിലെടുത്ത് അനുയോജ്യമായതും ലഭ്യമായതുമായ ആരോഗ്യ സംരക്ഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോകാന്‍ ഈ സംവിധാനം സഹായിക്കും. രാജ്യത്തേക്ക് പ്രവേശിക്കാനുള്ള പ്രധാന പോയിന്റായ ഹമദ് വിമാനത്താവളത്തിന് സവിശേഷമായ ഊന്നല്‍ നല്‍കുന്നുണ്ട്.
വിമാനത്താവളത്തിലെ ക്ലിനിക്ക് മൊബൈല്‍ ഡോക്ടര്‍ സേവനത്തിന്റെ മേല്‍നോട്ടത്തിലാണ്. ഖത്തറിലേക്ക് വരുന്ന ഏതൊരു വ്യക്തിയെയും പരിശോധിക്കുകയും ബന്ധപ്പെട്ട വ്യക്തിയുടെ ആരോഗ്യാവസ്ഥകള്‍ക്കനുസരിച്ച് ആരോഗ്യ കേന്ദ്രത്തിലേക്കോ ആസ്പത്രിയിലേക്കോ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്കോ മാറ്റുകയും ചെയ്യും. ലോക്ക്ഡൗണിലുള്ള ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ആംബുലന്‍സ് സര്‍വീസ് സേവനം നിയോഗിച്ചിട്ടുണ്ടെന്നും അലി ദാര്‍വിഷ് ചൂണ്ടിക്കാട്ടി. കോവിഡ് സംശയിക്കുന്നവര്‍ക്കും കോവിഡ് രോഗിക്ക് ചെയ്യുന്നതുപോലെയുള്ള എല്ലാ മുന്‍കരുതല്‍ പ്രതിരോധ നടപടികള്‍ പിന്തുടരുന്നുണ്ട്്. ചില എച്ച്എംസി ആസ്പത്രികളില്‍ ആംബുലന്‍സ് സര്‍വീസിനായി ഡ്രൈവ് ത്രൂ സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോവിഡ് രോഗികളുടെയു രോഗമുണ്ടെന്ന് സംശയിക്കുന്നവരുടെയും ഗതാഗതത്തിനായി 20 ആംബുലന്‍സുകള്‍ പ്രത്യേകമായി നിയോഗിച്ചിട്ടുണ്ട്. കൂടുതല്‍ പേരെ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്കും ആരോഗ്യസംരക്ഷണ കേന്ദ്രത്തിലേക്കും കൊണ്ടുപോകുന്നതിന് ബസുകളെയും ഉപയോഗപ്പെടുത്തിയിട്ടുണ്ട്.