
ദോഹ: രാജ്യാന്തര ഒളിമ്പിക് കമ്മറ്റി(ഐഒസി) 136-ാം സെഷനില്‍ ഐഒസി അംഗം കൂടിയായ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി പങ്കെടുത്തു. നിലവിലെ കോവിഡിന്റെ സാഹചര്യത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖേനയായിരുന്നു യോഗം. ഐഒസി പ്രസിഡന്റ് ഡോ. തോമസ് ബാഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എക്സിക്യുട്ടീവ് ബോര്‍ഡ് അംഗങ്ങളും അന്താരാഷ്ട്ര ഫെഡറേഷനുകളുടെയും ദേശീയ ഒളിമ്പിക് കമ്മിറ്റികളുടെയും മേധാവികളും പങ്കെടുത്തു. സെഷനില്‍ ഒളിമ്പിക് പ്രസ്ഥാനത്തിന്റെ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും അവലോകനം ചെയ്യുകയും അവ സംബന്ധിച്ച് ഉചിതമായ തീരുമാനങ്ങള്‍ കൈക്കൊള്ളുകയും ചെയ്തു. ഖത്തര്‍ ഒളിമ്പിക് കമ്മറ്റി പ്രസിഡന്റ് ശൈഖ് ജുആന്‍ ബിന്‍ ഹമദ് അല്‍താനിയും യോഗത്തില്‍ പങ്കെടുത്തു.