in

അമീര്‍ കപ്പ് ഫുട്‌ബോള്‍: ദുഹൈലിനെ
തകര്‍ത്ത് അല്‍സദ്ദ് ഫൈനലില്‍

അബ്ദുല്ല ബിന്‍ ഖലീഫ സ്റ്റേഡിയത്തില്‍ നടന്ന അല്‍സദ്ദും ദുഹൈലും തമ്മിലുള്ള അമീര്‍ കപ്പ് സെമിഫൈനല്‍ മത്സരത്തില്‍ നിന്ന്‌

ദോഹ: അമീര്‍ കപ്പ് ഫുട്‌ബോളില്‍ നിലവിലെ ചാമ്പ്യന്‍മാരായ അല്‍ദുഹൈലിനെ തകര്‍ത്ത് അല്‍സദ്ദ് ഫൈനലില്‍. പതിനാറു തവണ അമീര്‍കപ്പ് സ്വന്തമാക്കിയിട്ടുള്ള അല്‍സദ്ദ് 26-ാം തവണയാണ് കലാശപ്പോരാട്ടത്തിന് യോഗ്യത നേടുന്നത്.
26 വര്‍ഷങ്ങള്‍ക്കുശേഷം ഫൈനലിലെത്തിയ അല്‍അറബിയാണ് കിരീടപ്പോരില്‍ സദ്ദിന്റെ എതിരാളികള്‍. അബ്ദുല്ല ബിന്‍ ഖലീഫ സ്റ്റേഡിയത്തില്‍ കഴിഞ്ഞദിവസം നടന്ന രണ്ടാം സെമിയില്‍ ദുഹൈലിനെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് തകര്‍ത്താണ് സദ്ദിന്റെ മുന്നേറ്റം.
ആദ്യ പകുതിയില്‍ ഒരു ഗോളിനു മുന്നില്‍ നിന്ന ദുഹൈലിന് പക്ഷെ രണ്ടാംപകുതിയില്‍ പൂര്‍ണമായും അടിതെറ്റി. മത്സരത്തിന്റെ പത്താം മിനുട്ടില്‍ എഡ്മില്‍സണ്‍ ജൂനിയറാണ് ദുഹൈലിനെ മുന്നിലെത്തിച്ചത്.
രണ്ടാംപകുതിയില്‍ സദ്ദിന്റെ സമ്പൂര്‍ണ ആധിപത്യമായിരുന്നു. 59-ാം മിനുട്ടില്‍ ബൗലേം ഖൗഖി, 64-ാം മിനുട്ടില്‍ ഗില്ലെര്‍മെ, 77-ാം മിനുട്ടില്‍ ബാഗ്ദാദ് ബൗനെജ, 88-ാം മിനുട്ടില്‍ റോഡ്രിഗോ തബാത എന്നിവരാണ് സദ്ദിന്റെ ഗോളുകള്‍ സ്‌കോര്‍ ചെയ്തത്. ഏഷ്യന്‍ പ്ലെയര്‍ ഓഫ് ദി ഇയര്‍ അക്രം അഫീഫാണ് സദ്ദിന്റെ രണ്ടു ഗോളുകള്‍ക്കും വഴിയൊരുക്കിയത്.
കഴിഞ്ഞവര്‍ഷത്തെ അമീര്‍ കപ്പ് ഫൈനലില്‍ സദ്ദിനെ ഒന്നിതെതിരെ നാലു ഗോളിന് തകര്‍ത്തായിരുന്നു ദുഹൈല്‍ കിരീടം സ്വന്തമാക്കിയത്. കഴിഞ്ഞ ഫൈനലിലെ തോല്‍വിക്കുള്ള മധുരമായ പ്രതികാരം കൂടിയായി അതേ മാര്‍ജിനില്‍ തന്നെയുള്ള സദ്ദിന്റെ സെമി വിജയം. അന്ന് പരാജയപ്പെട്ട ടീമിന്റെ ക്യാപ്റ്റനായിരുന്ന സാവി ഹെര്‍ണാണ്ടസ് ഇത്തവണ സദ്ദിന്റെ പരിശീലകനാണ്.
അതുകൊണ്ടുതന്നെ സാവിക്കും മധുരതരമായി ഈ വിജയം. ഒരു ഗോള്‍ വഴങ്ങേണ്ടിവന്നുവെങ്കിലും വളരെയധികം തൃപ്തി നല്‍കുന്നതാണ് ഈ വിജയമെന്ന് അല്‍സദ്ദ് ക്യാപ്റ്റന്‍ ഹസന്‍ അല്‍ഹെയ്‌ദോസ് മത്സരശേഷം പ്രതികരിച്ചു.
ആദ്യസെമിയില്‍ സെക്കന്റ് ലീഗ്് ഡിവിഷന്‍ ക്ലബ്ബായ മര്‍ഖിയയെ എതിരില്ലാത്ത രണ്ടുഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് അല്‍അറബി ഫൈനലിലെത്തിയത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

സ്‌കൂളുകളില്‍ റൊട്ടേഷന്‍ ഹാജര്‍
സംവിധാനം പ്രാബല്യത്തിലായി

ലുസൈലിലെ എനര്‍ജി സിറ്റിയില്‍ 320 സ്മാര്‍ട്ട് പോളുകള്‍ സ്ഥാപിച്ചു